Kerala
യു ഡി എഫ് മഹാറാലിയില്‍ ഉയര്‍ന്നത് ശബരിമല സ്വര്‍ണക്കൊള്ളയും ബി ജെ പി- സി പി എം ഡീലും
രാഹുല്‍ ഗാന്ധിക്കു പകരം ഖര്‍ഗെ റാലി ഉദ്ഘാടനം ചെയ്തു
കോഴിക്കോട് | നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ നടന്ന യു ഡി എഫ് മഹാ റാലിയില്‍ ഉയര്‍ന്നത് ശബരിമല സ്വര്‍ണ്ണ കൊള്ളയും ബി ജെ പി- സി പി എം ബന്ധവും. രാഹുല്‍ ഗാന്ധി പങ്കെടുക്കില്ലെന്ന് അവസാന നിമിഷം അറിയിപ്പ് ലഭിച്ചതോടെ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് റാലിയില്‍ പങ്കെടുത്തത്.
കേരളത്തിലേത് ദൈവത്തെപോലും വെറുതെ വിടാത്ത സര്‍ക്കാറെന്ന് ഖര്‍ഗെ തുറന്നിച്ചു. സി പി എം- ബി ജെ പി ധാരണയുണ്ടെന്നും അതാണ് അഴിമതി കേസുകളില്‍ പിണറായിക്കെതിരെ നടപടി ഇല്ലാത്തതെന്നു ഓണ്‍ലൈനായി റാലിയെ അഭിസംബോധന ചെയ്ത രാഹുല്‍ ഗാന്ധിയും പറഞ്ഞു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകള്‍ കേന്ദ്രീകരിച്ച് നടന്ന റാലി ജനസാഗരമായിരുന്നു.
കോഴിക്കോട്ടേയും മലപ്പുറത്തേയും സ്ഥാനാര്‍ഥികള്‍ വേദിയിലെത്തി. സമ്മേളനം ഉദ്ഘാടനം ചെയ്ത മല്ലികാര്‍ജുന്‍ ഖര്‍ഗെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. കേരളത്തില്‍ ചായക്കട തുടങ്ങുന്നതിനേക്കാളും ബാറുകളാണ് തുറന്നത്. ശബരിമല സ്വര്‍ണ്ണം കൊള്ളയടിച്ചവര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കി. ദൈവത്തെ പോലും വെറുതെ വിടാത്തവര്‍ എന്ത് വൃത്തികേടും ചെയ്യുമെന്ന് ഖര്‍ഗെ കുറ്റപ്പെടുത്തി.
സി പി എം-ബി ജെ പി ധാരണ ഉണ്ടെന്നും ഇരുപാര്‍ട്ടികളും തിരിച്ചറിയാത്ത വിധം ഒന്നായെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന കേന്ദ്രം പിണറായിയെ തൊടുന്നില്ല. കരുത്തരായ സ്ഥാനാര്‍ഥികളെ നിര്‍ത്താതെ ഇരുവരും ഒത്തുകളിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്രയും, 25 ലക്ഷത്തിന്റെ ആരോഗ്യ സുരക്ഷയും ഉള്‍പ്പടെ കോണ്‍ഗ്രസ് നല്‍കിയ ഉറപ്പുകള്‍ പാലിക്കുമെന്നും നേതാക്കള്‍ ആവത്തിച്ചു.



