Connect with us

Union Budget 2026

കേന്ദ്ര ബജറ്റിലെ പത്ത് വമ്പൻ പ്രഖ്യാപനങ്ങൾ

പ്രതിരോധ മന്ത്രാലയത്തിനുള്ള വിഹിതം 7.85 ലക്ഷം കോടി രൂപയായി വർധിപ്പിച്ചു

Published

|

Last Updated

ന്യൂഡൽഹി | പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാറിന്റെ ഒമ്പതാമത് ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചു. ഒരു മണിക്കൂർ 25 മിനിറ്റ് നീണ്ട പ്രസംഗത്തിൽ ആദായനികുതി, പ്രതിരോധം, റെയിൽവേ, കൃഷി, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ പ്രഖ്യാപനങ്ങൾ ഉണ്ടായി. 2047-ഓടെ ‘വികസിത് ഭാരതം’ എന്ന ലക്ഷ്യത്തിലേക്കുള്ള അതിവേഗ കുതിപ്പാണ് ഈ ബജറ്റെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു.

ബജറ്റിലെ ഏറ്റവും പ്രധാനപ്പെട്ട 10 പ്രഖ്യാപനങ്ങൾ

ആദായനികുതി പരിഷ്കാരം

1961-ലെ പഴയ നിയമത്തിന് പകരം ലളിതമായ ‘ആദായനികുതി നിയമം 2025’ ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വരും. നികുതി സ്ലാബുകളിൽ മാറ്റമില്ലെങ്കിലും നിയമത്തിലെ വകുപ്പുകൾ പകുതിയോളം വെട്ടിക്കുറച്ചു. അസസ്‌മെന്റ് ഇയറിന് പകരം ‘ടാക്സ് ഇയർ’ എന്ന പുതിയ രീതി കൊണ്ടുവരും.

പ്രതിരോധ മേഖല

പ്രതിരോധ മന്ത്രാലയത്തിനുള്ള വിഹിതം 7.85 ലക്ഷം കോടി രൂപയായി വർധിപ്പിച്ചു. സൈനിക നവീകരണത്തിനായി 2.19 ലക്ഷം കോടി രൂപയും ഇതിൽ ഉൾപ്പെടുന്നു. വിമാനങ്ങൾക്കും എൻജിനുകൾക്കുമായി 63,733 കോടി രൂപ നീക്കിവെച്ചു.

റെയിൽവേ

ഏഴ് പുതിയ അതിവേഗ റെയിൽ കോറിഡോറുകൾ പ്രഖ്യാപിച്ചു. മുംബൈ-പൂനെ, ഡൽഹി-വാരണാസി, വാരണാസി-സിലിഗുരി തുടങ്ങിയവയാണ് പ്രധാന പാതകൾ. കൂടാതെ ബംഗാളിലെ ദൻകുനിയെയും ഗുജറാത്തിലെ സൂറത്തിനെയും ബന്ധിപ്പിച്ച് പുതിയ ഫ്രൈറ്റ് കോറിഡോറും വരും.

ധാതു മണൽ ഇടനാഴി

കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ അപൂർവ ധാതുക്കളുടെ ഖനനത്തിനായി പ്രത്യേക ഇടനാഴികൾ സ്ഥാപിക്കും. ഇതിനായി 7,280 കോടി രൂപയുടെ പ്രത്യേക പദ്ധതിയും മന്ത്രി പ്രഖ്യാപിച്ചു.

ആരോഗ്യ മേഖല

ആരോഗ്യ മന്ത്രാലയത്തിന് 1,06,530 കോടി രൂപ അനുവദിച്ചു. മെഡിക്കൽ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി സ്വകാര്യ പങ്കാളിത്തത്തോടെ അഞ്ച് റീജിയണൽ മെഡിക്കൽ ഹബ്ബുകൾ സ്ഥാപിക്കും. ‘ബയോ ഫാർമ ശക്തി’ പദ്ധതിയിലൂടെ ഇന്ത്യയെ ആഗോള ബയോ ഫാർമ ഹബ്ബാക്കി മാറ്റും.

കൃഷി (ഭാരത് വിസ്തർ)

കൃഷി വിജ്ഞാനങ്ങളും പോർട്ടലുകളും എ ഐ സാങ്കേതികവിദ്യയുമായി ബന്ധിപ്പിക്കുന്ന ‘ഭാരത് വിസ്തർ’ എന്ന ബഹുഭാഷാ പ്ലാറ്റ്‌ഫോം പുറത്തിറക്കും. തെങ്ങ്, കശുവണ്ടി, കൊക്കോ തുടങ്ങിയ വിളകൾക്ക് പ്രത്യേക പാക്കേജുകൾ പ്രഖ്യാപിച്ചു.

എം എസ് എം ഇ

ചെറുകിട ഇടത്തരം വ്യവസായങ്ങളെ ‘ചാമ്പ്യൻമാരാക്കി’ മാറ്റുന്നതിനായി 10,000 കോടി രൂപയുടെ പ്രത്യേക ഫണ്ട് അനുവദിച്ചു. ‘കോർപ്പറേറ്റ് മിത്ര’ എന്ന പേരിൽ വ്യവസായങ്ങൾക്കായി പുതിയ കേഡർ രൂപീകരിക്കും.

വിദ്യാഭ്യാസം

കിഴക്കൻ ഇന്ത്യയിൽ പുതിയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ സ്ഥാപിക്കും. സ്ത്രീ വിദ്യാർത്ഥികൾക്കായി എല്ലാ ജില്ലകളിലും ഹോസ്റ്റലുകൾ നിർമ്മിക്കും. ആസ്ട്രോഫിസിക്സ് ഗവേഷണത്തിനായി നാല് പുതിയ ടെലിസ്കോപ്പ് സൗകര്യങ്ങളും ഒരുക്കും.

ഓറഞ്ച് ഇക്കോണമി

ക്രിയേറ്റീവ് വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളുകളിലും കോളേജുകളിലും ‘കണ്ടന്റ് ക്രിയേറ്റർ ലാബുകൾ’ സ്ഥാപിക്കും. ആനിമേഷൻ, ഗെയിമിംഗ് മേഖലകളിൽ യുവാക്കൾക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കും.

ബാങ്കിംഗ്

വികസിത് ഭാരതത്തിനായി ബാങ്കിംഗ് മേഖലയെ നവീകരിക്കാൻ ഉന്നതതല സമിതി രൂപീകരിക്കും. നിലവിൽ രാജ്യത്തെ 98 ശതമാനം ഗ്രാമങ്ങളിലും ബാങ്കിംഗ് സേവനം ലഭ്യമാണെന്ന് മന്ത്രി വ്യക്തമാക്കി.

Latest