Connect with us

Kerala

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പിന്‍ഗാമിയായി റോയിയുടെ മകന്‍ രോഹിത്തിനെ നിശ്ചയിച്ചു

കേരളത്തിലെ ചുമതലയുള്ള ജോസഫും റോയിയുടെ മകന്‍ രോഹിത്തും ചേര്‍ന്ന് ഇനി കമ്പനിയെ നയിക്കുമെന്ന് സഹോദരന്‍ സി ജെ ബാബു അറിയിച്ചു

Published

|

Last Updated

ബെംഗളൂരു | ഡോ. സി ജെ റോയിയുടെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പിന്‍ഗാമിയായി റോയിയുടെ മകന്‍ രോഹിത്തിനെ നിശ്ചയിച്ചതായി കുടുംബം അറിയിച്ചു.

റോയിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് പിന്നാലെയാണ് കുടുംബം ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള നിര്‍ണായക തീരുമാനമെടുത്തത്. കമ്പനിയുടെ എല്ലാ പ്രോജക്ടുകളും മുന്‍നിശ്ചയിച്ച പ്രകാരം തന്നെ തുടരുമെന്നും കേരളത്തിലെ ചുമതലയുള്ള ജോസഫും റോയിയുടെ മകന്‍ രോഹിത്തും ചേര്‍ന്ന് ഇനി കമ്പനിയെ നയിക്കുമെന്നും കുടുംബത്തിന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് സഹോദരന്‍ സി ജെ ബാബു അറിയിച്ചു.

റോയിക്ക് കടബാധ്യതകളോ മറ്റ് സാമ്പത്തിക പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ലെന്നും മരണവുമായി ബന്ധപ്പെട്ട കുടുംബത്തിന്റെ ആശങ്കകള്‍ പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും ബാബു പറഞ്ഞു. കര്‍ണാടക പോലീസ് അന്വേഷണത്തില്‍ അദ്ദേഹം തൃപ്തി രേഖപ്പെടുത്തി. പോലീസ് തന്നെ മൂന്ന് തവണ വിളിച്ചിരുന്നതായും കൂട്ടിച്ചേര്‍ത്തു.

പിതാവിന്റെ മരണം ഏല്‍പ്പിച്ച ആഘാതം വാക്കുകള്‍ക്ക് അതീതമാണെന്ന് മകന്‍ രോഹിത് പ്രതികരിച്ചു. തന്റെ പിതാവ് വലിയ മനുഷ്യനായിരുന്നുവെന്നും അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ മാധ്യമങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി പറയുന്നുവെന്നും രോഹിത് പറഞ്ഞു. അദ്ദേഹത്തിന്റെ മരണത്തിലൂടെ ഉണ്ടായ നഷ്ടം വാക്കുകളിലൂടെ വിവരിക്കാന്‍ ആകില്ല. ആദായനികുതി ഉദ്യോഗസ്ഥരില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെക്കുറിച്ച് പിതാവ് തന്നോട് നേരിട്ട് ഒന്നും പറഞ്ഞിരുന്നില്ല. കുടുംബത്തിന് ഉണ്ടായ ഈ വലിയ നഷ്ടം വിവരിക്കാന്‍ കഴിയില്ലെന്നും മകന്‍ വികാരാധീനനായി കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരുവിലെ ബന്നാര്‍ഘട്ട റോഡിലെ നേച്ചര്‍ കാസ്‌ക്കേടില്‍ നടന്ന റോയിയുടെ സംസ്‌കാരത്തിന് ശേഷമാണ് മകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. സി ജെ റോയിക്ക് ബെംഗളൂരു കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയാണ് നല്‍കിയത്. കഴിഞ്ഞ ദിവസം ജീവനൊടുക്കിയ റോയിയുടെ മൃതദേഹം ബെംഗളുരുവില്‍ സംസ്‌കരിച്ചു.

 

---- facebook comment plugin here -----

Latest