Kerala
നടപടിയെടുത്ത് സി പി എം; വിമതന്‍ കെ ശ്രീകണ്ഠനെ പുറത്താക്കി
2008 മുതല്‍ പാര്‍ട്ടിയുടെ ഉള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ് കെ ശ്രീകണ്ഠന്‍. പാര്‍ട്ടി മുഖപത്രത്തിന്റെ തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫാണ്.
തിരുവനന്തപുരം | നഗരസഭയില്‍ വിമതനായി മത്സരിക്കാന്‍ തീരുമാനിച്ച കെ ശ്രീകണ്ഠനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സി പി എം. 2008 മുതല്‍ പാര്‍ട്ടിയുടെ ഉള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ് കെ ശ്രീകണ്ഠന്‍. പാര്‍ട്ടി മുഖപത്രത്തിന്റെ തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫാണ്.
പാര്‍ട്ടി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ശ്രീകണ്ഠന്‍ വിമതനായി മത്സരിക്കാന്‍ തീരുമാനിച്ചത്. പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെതിരെ ശ്രീകണ്ഠന്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ട്ടി നടപടി സ്വീകരിച്ചത്. കടകംപള്ളി പറഞ്ഞു പറ്റിച്ചുവെന്നും തയ്യാറെടുക്കാന്‍ ആദ്യം നിര്‍ദേശം നല്‍കിയ ശേഷം മറ്റൊരാളെ സ്ഥാനാര്‍ഥിയാക്കിയെന്നും ശ്രീകണ്ഠന്‍ ആരോപിച്ചിരുന്നു. തയ്യാറെടുക്കാന്‍ പറഞ്ഞത് കല്യാണത്തിന് പോകാനല്ലല്ലോ എന്ന് അദ്ദേഹം ചോദിച്ചിരുന്നു.
കടകംപള്ളി സുരേന്ദ്രന്റെ ഏകാധിപത്യമാണ് ഇവിടെ നടക്കുന്നത്. ഇതിനെതിരെ സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കടകംപള്ളി സുരേന്ദ്രന് ഇഷ്ടമില്ലാത്തവരെ പാര്‍ട്ടിയില്‍ നിന്ന് പടിയടച്ച് പിണ്ടം വെക്കുകയാണ് പതിവെന്നും ശ്രീകണ്ഠന്‍ കുറ്റപ്പെടുത്തി.






