Kerala
ലീഗുകാര്‍ മത്സരിച്ചാല്‍ 'മറ്റേ സാധനം' തകര്‍ന്നു പോകുമെന്നു പറഞ്ഞ ന്യായം കൊള്ളാം...; സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ ആന്റോ ആന്റണി എം പിക്കെതിരേ ലീഗ് നേതാവ്
ലീഗിന്റെ ആവശ്യം ആന്റോ ആന്റണി എം പി ഇടപ്പെട്ട് തള്ളിയതാണ് ലീഗിലെ ഒരു വിഭാഗം നേതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്.
പത്തനംതിട്ട | യൂത്ത് ലീഗ് സംസ്ഥാന സമിതിയംഗത്തിന് സീറ്റ് നിഷേധിച്ചതിന് പിന്നാലെ ആന്റോ ആന്റണി എംപിക്കെതിരേ ലീഗ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്്. പത്തനംതിട്ടയിലെ യൂത്ത് ലീഗ് നേതാവ് അഡ്വ. മുഹമ്മദ് അന്‍സാരിയാണ് ആന്റോ ആന്റണിക്കെതിരേ രംഗത്ത് എത്തിയിരിക്കുന്നത്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ചിറ്റാര്‍ ഡിവിഷനില്‍ യൂത്ത് ലീഗ് ദേശീയ സമിതിയംഗം നിതിന്‍ കിഷോറിനെ മല്‍സരിപ്പിക്കണമെന്നാവശ്യപ്പെട്ട് മുസ്്ലീം ലീഗ് നേതൃത്വം യു ഡി എഫിനും കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിനും കത്ത് നല്‍കിയിരുന്നു. എന്നാല്‍ ലീഗിന്റെ ആവശ്യം ആന്റോ ആന്റണി എം പി ഇടപ്പെട്ട് തള്ളിയതാണ് ലീഗിലെ ഒരു വിഭാഗം നേതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്.
അഡ്വ. മുഹമ്മദ് അന്‍സാരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
പത്തനംതിട്ട ജില്ലയിലെ ചിറ്റാര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ നിതിന്‍ കിഷോര്‍ സ്ഥാനാര്‍ത്ഥിയല്ല. ജനസമ്മതിയുള്ള ഈ ലീഗ് പ്രവര്‍ത്തകനെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ‘സാമുദായിക സംതുലിതാവസ്ഥ’ തകര്‍ന്നു പോകുമെന്നാണ് ആന്റോ ആന്റണി എം.പി.യുടെ വാദം.
നിതിന്‍ കിഷോറിന്റെ പേര് ചിറ്റാര്‍ ഡിവിഷനിലേക്ക് നിര്‍ദ്ദേശിച്ചത് ലീഗുകാര്‍ക്കു മുമ്പേ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വമായിരുന്നു.
മുസ്ലിംലീഗ് പാര്‍ട്ടി ഒരു അവകാശവാദത്തിനും നിന്നില്ല. സ്ഥിരമായി സീറ്റ് വേണമെന്നോ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കണമെന്നോ പറഞ്ഞില്ല. നിലവിലെ സാഹചര്യത്തില്‍ ഒരു ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥി എന്ന നിലയിലാണ് നിതിന്റെ പേരുവന്നത്.
സീറ്റ് നിതിനു നല്‍കാതിരിക്കുന്നതില്‍, കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥി ഉണ്ട് എന്നു പറയുന്നത് മനസിലാവും. പക്ഷേ, ലീഗുകാര്‍ മത്സരിച്ചാല്‍ ‘മറ്റേ സാധനം” തകര്‍ന്നു പോകുമെന്നു പറഞ്ഞ ന്യായം കൊള്ളാം…
ആന്റോ ആന്റണി പാര്‍ലമെന്റില്‍ മത്സരിക്കുമ്പോള്‍ പാലിക്കപ്പെടുന്ന ‘സംതുലനം ‘ പ്രാദേശിക തെരഞ്ഞെടുപ്പില്‍ മാത്രം തകരുന്നതെന്താണ്?
ഈ തെരഞ്ഞെടുപ്പു കാലത്ത് ജില്ലയില്‍ കോണ്‍ഗ്രസ് ‘കണ്ടാഗ്രസ് ‘ പണി തുടരുകയാണ്.
പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ നിലവിലെ മൂന്നാം വാര്‍ഡില്‍ ( പഴയ 13 ) ലീഗിന് സീറ്റ് കൊടുത്തിട്ട് റിബലിനെ നിര്‍ത്തുന്ന സ്ഥിരം പരിപാടി മാറ്റി സീറ്റങ്ങ് ഏറ്റെടുത്തു.
അടൂര്‍ മുനിസിപ്പാലിറ്റി 21-ാം വാര്‍ഡും പള്ളിക്കല്‍ പഞ്ചായത്തിലെ ലീഗ് മത്സരിക്കുന്ന വാര്‍ഡും കോണ്‍ഗ്രസ് എടുത്തു.
(കൊടുക്കാതെ എടുക്കുമോ എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു).
കോന്നിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയെ ലീഗ് സീറ്റില്‍ സ്വതന്ത്രയാക്കിയാണ് തന്ത്രം.
‘ചോദിക്കാനും പറയാനും ആരുമില്ലെങ്കില്‍ ഈ ഗതിയാകും’ എന്ന് ആത്മഗതം ചെയ്യാനല്ലാതെ ലീഗുകാര്‍ക്ക് എന്തു ചെയ്യാനാകും…..
അഭിമാനകരമായ അസ്ഥിത്വം എന്ന ലീഗ് സ്ഥാപകന്റെ മുദ്രാവാക്യം ഈ ജില്ലയില്‍ പ്രസക്തമല്ല……. (അതിന്റെ പിന്നാമ്പുറം പിന്നെ)
കോണ്‍ഗ്രസ് പാര്‍ട്ടി തന്നെയാണ് നാലു മാസത്തിനു ശേഷം നിയമസഭയില്‍ മത്സരിക്കുന്നത് എന്ന് ഓര്‍ക്കണം. കോട്ടയം ജില്ലയില്‍ ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ തര്‍ക്കമാണ് മാണി സാറിനെ യു.ഡി.എഫ് വിടാന്‍ പ്രേരിപ്പിച്ചതും കേരള രാഷ്ട്രീയം ഒരു സ്ഥിര മാറ്റത്തിലേക്ക് മാറിയതും എന്ന് ഇടക്ക് ഓര്‍ക്കുന്നതും നേതാക്കള്‍ക്ക് നല്ലതാണ്.






