Kerala
കേരളത്തിലെ എസ് ഐ ആര്‍ നടപടികള്‍ക്ക് സ്റ്റേയില്ല; ഹരജികള്‍ നവംബര്‍ 26ന് വിശദമായി പരിഗണിക്കും
തിരഞ്ഞെടുപ്പ് കമ്മീഷന് പരമോന്ന കോടതി നോട്ടീസ് അയച്ചു.
ന്യൂഡല്‍ഹി | കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടികാ പരിഷ്‌കരണ (എസ് ഐ ആര്‍)ത്തിന് സ്റ്റേ ഇല്ല. എസ് ഐ ആറിനെതിരായ ഹരജികള്‍ ഈമാസം 26ന് വിശദമായി പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരമോന്ന കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന കാര്യം സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ കേരളത്തിലെ ഹരജികള്‍ പ്രത്യേകം പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്. ബിഹാറിലെ എസ് ഐ ആറുമായി ബന്ധപ്പെട്ട ഹരജികളും ഇതേ ബഞ്ചാണ് പരിഗണിക്കുന്നത്.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ എസ് ഐ ആര്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ളതാണ് സംസ്ഥാന സര്‍ക്കാരിന്റെ ഹരജി. എന്നാല്‍, എസ് ഐ ആര്‍ തന്നെ ഭരണഘടനാ വിരുദ്ധമാണെന്ന വാദമുന്നയിച്ചണ് മറ്റ് ഹരജിക്കാരായ കോണ്‍ഗ്രസ്സ്, മുസ്‌ലിം ലീഗ്, സി പി എം, സി പി ഐ പാര്‍ട്ടികള്‍ ഹരജി സമര്‍പ്പിച്ചിട്ടുള്ളത്.



