Kerala
അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ജീവനക്കാരനായ യുവാവ് ലോഡ്ജില്‍ മരിച്ച നിലയില്‍
തിരുവനന്തപുരം പേരൂര്‍ക്കട വഴയില സ്വദേശി സുനില്‍ കുമാറിനെയാണ് ലോഡ്ജിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിരുവനന്തപുരം | കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലെ ജീവനക്കാരനായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പേരൂര്‍ക്കട വഴയില സ്വദേശി സുനില്‍ കുമാറിനെയാണ് ലോഡ്ജിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈയിലെ ഞരമ്പ് മുറിച്ച നിലയിലായിരുന്നു. പാലോട്-കുശവൂര്‍ ജംങ്ഷനിലെ ലോഡ്ജിലാണ് സുനില്‍ കുമാറിന്റെ മൃതദേഹം കണ്ടത്.
മുറി തുറക്കാതിരുന്നതിനെ തുടര്‍ന്ന് ലോഡ്ജ് ജീവനക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് സംഘം സ്ഥലത്തെത്തി വാതില്‍ തകര്‍ത്ത് അകത്തുകയറി നോക്കിയപ്പോഴാണ് ശുചിമുറിയില്‍ കൈ ഞരമ്പ് മുറിച്ച് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ സുനില്‍ കുമാറിനെ കണ്ടെത്തിയത്.
സുനില്‍കുമാറിന് വലിയ സാമ്പത്തിക ബാധ്യതയുള്ളതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നവംബര്‍ 19ന് ജോലിക്ക് പോവുകയാണെന്ന് പറഞ്ഞാണ് സുനില്‍ വീട്ടില്‍ നിന്ന് പോയത്. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. സുനില്‍ കുമാറിനെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബം ഇന്നലെ പേരൂര്‍ക്കട പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം ലോഡ്ജില്‍ കണ്ടെത്തിയത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 04712552056)


