Uae
നെസ്ലെ ശിശുക്കൾക്കുള്ള പാൽപ്പൊടി ഉത്പന്നങ്ങൾ പിൻവലിച്ചു
നടപടി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന്
അബൂദബി | വിപണിയിലുള്ള ശിശുക്കൾക്കായുള്ള ചില പാൽപ്പൊടി ഉത്പന്നങ്ങൾ മുൻകരുതൽ നടപടിയുടെ ഭാഗമായി നെസ്ലെ കമ്പനിയും ഇമാറാത്തി ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റും തിരിച്ചുവിളിച്ചു. നാൻ കംഫർട്ട് 1, നാൻ ഓപ്റ്റിപ്രോ 1, നാൻ സുപ്രീം പ്രോ 1, 2, 3, എസ് 26 അൾട്ടിമ 1, 2, 3, അൽ ഫാമിനോ എന്നീ ഉത്പന്നങ്ങളുടെ പരിമിതമായ ബാച്ചുകളാണ് പിൻവലിച്ചത്. ഉത്പാദന പ്രക്രിയയിൽ ഉപയോഗിച്ച ഒരു ഘടകത്തിൽ ബാസിലസ് സീറസ് എന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തിയാണ് ഈ നീക്കമെന്നും ഈ ഉത്പന്നങ്ങൾ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ഇതുവരെ ആരോഗ്യപ്രശ്‌നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ്അറിയിച്ചു. നെസ്ലെയുടെ മറ്റ് ഉത്പന്നങ്ങൾ സുരക്ഷിതമാണ്. കമ്പനിയുടെയും വിതരണക്കാരുടെയും ഗോഡൗണുകളിലുള്ള ഈ ബാച്ചുകൾ നിലവിൽ പിടിച്ചെടുത്തിട്ടുണ്ട്. വിപണിയിൽ ബാക്കിയുള്ളവ തിരിച്ചുവിളിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഓൺലൈൻ സ്റ്റോറുകൾ ഉൾപ്പെടെയുള്ള എല്ലാ വിൽപ്പന കേന്ദ്രങ്ങളിൽ നിന്നും ഇവ നീക്കം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട അതോറിറ്റികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തെ ഔഷധ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെയും ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതർ പറഞ്ഞു. കുട്ടികളുടെ സുരക്ഷക്കാണ് പ്രഥമ പരിഗണനയെന്നും വിപണിയിലെ ഉത്പന്നങ്ങൾ നിരന്തരമായ നിരീക്ഷണത്തിലാണെന്നും ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് വ്യക്തമാക്കി.




