National
കർണാടകയിൽ അധികാര വടംവലി മുറുകുന്നു; ഡി കെ ശിവകുമാർ പക്ഷം ഡൽഹിയിലേക്ക്
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രണ്ടര വർഷത്തെ ഭരണം പൂർത്തിയായി ഒരു ദിവസം പിന്നിടുമ്പോഴാണ് ശിവകുമാർ പക്ഷത്തിന്റെ ഈ നീക്കം.
ബെംഗളൂരു | കർണാടക കോൺഗ്രസിൽ മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള വടംവലി രൂക്ഷമാകുന്നതിനിടെ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനോട് കൂറുള്ള എം എൽ എമാർ ഡൽഹിയിലേക്ക്. സിദ്ധരാമയ്യ സർക്കാരിന്റെ രണ്ടര വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പദം പങ്കിടാമെന്ന വാഗ്ദാനം പാലിക്കണം എന്ന് ആവശ്യപ്പെടാനാണ് എം എൽ എമാർ പാർട്ടി ഹൈക്കമാൻഡിനെ സമീപിക്കുന്നത്.
ഒരു മന്ത്രി ഉൾപ്പെടെ പത്തിൽ അധികം എം എൽ എമാർ വ്യാഴാഴ്ച ഡൽഹിയിലേക്ക് പോയിട്ടുണ്ട്. കൂടുതൽ പേർ വെള്ളിയാഴ്ച എത്തുമെന്നും പ്രതീക്ഷിക്കുന്നു. 2023-ൽ ഉണ്ടാക്കിയതായി പറയപ്പെടുന്ന ആഭ്യന്തര അധികാരം പങ്കുവെക്കൽ കരാർ നടപ്പാക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവരെ കണ്ട് എം എൽ എമാർ ആവശ്യപ്പെടാനാണ് പദ്ധതി.
എന്നാൽ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ന് ബെംഗളൂരുവിലേക്ക് തിരിക്കാൻ ഒരുങ്ങുകയാണ്. നിശ്ചയിച്ച പരിപാടികളിൽ പങ്കെടുത്ത ശേഷം അദ്ദേഹം നഗരത്തിൽ തങ്ങുമെന്നും പ്രതീക്ഷിക്കുന്നു.
ഈ അതിവേഗ രാഷ്ട്രീയ നീക്കങ്ങൾക്കിടെ, മുഖ്യമന്ത്രി സിദ്ധരാമയ്യ വെള്ളിയാഴ്ചയും ശനിയാഴ്ചയും നിശ്ചയിച്ചിരുന്ന മൈസൂരു, ചാമരാജനഗർ എന്നിവിടങ്ങളിലേക്കുള്ള രണ്ടു ദിവസത്തെ യാത്ര റദ്ദാക്കി ഉടൻ ബെംഗളൂരുവിലേക്ക് മടങ്ങുകയാണ്.
വ്യാഴാഴ്ച ഡൽഹിയിലെത്തിയവരിൽ മന്ത്രി എൻ ചലുവരായ സ്വാമി, എം എൽ എമാരായ ഇഖ്ബാൽ ഹുസൈൻ, എച് സി ബാലകൃഷ്ണ, എസ് ആർ ശ്രീനിവാസ് എന്നിവരുണ്ട്. നേരത്തെ, ചൊവ്വാഴ്ച എം എൽ എമാരായ രവി ഗനിഗ, ഗുബ്ബി വാസു, ദിനേശ് ഗൂളിഗൗഡ തുടങ്ങിയവരും പാർട്ടി നേതൃത്വവുമായി വിഷയം ചർച്ച ചെയ്യാൻ ഡൽഹിയിൽ എത്തിയിരുന്നു. എം എൽ എമാരായ അനേകൽ ശിവണ്ണ, നെലമംഗല ശ്രീനിവാസ്, കുനിഗൽ രംഗനാഥ്, ശിവഗംഗ ബസവരാജു, ബാലകൃഷ്ണ എന്നിവരും വെള്ളിയാഴ്ച തലസ്ഥാനത്ത് എത്തുമെന്നാണ് സൂചന.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രണ്ടര വർഷത്തെ ഭരണം പൂർത്തിയായി ഒരു ദിവസം പിന്നിടുമ്പോഴാണ് ശിവകുമാർ പക്ഷത്തിന്റെ ഈ നീക്കം.
2023 മെയ് മാസത്തിലെ നിയമസഭാ വിജയത്തിന് ശേഷം മുഖ്യമന്ത്രി പദത്തിനായി സിദ്ധരാമയ്യയും ശിവകുമാറും തമ്മിൽ കടുത്ത മത്സരം നടന്നിരുന്നു. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായും ശിവകുമാറിനെ ഉപമുഖ്യമന്ത്രിയായും തിരഞ്ഞെടുത്തപ്പോൾ, രണ്ടര വർഷത്തിനു ശേഷം ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന ഊഴംവെച്ചുള്ള ഫോർമുലയെക്കുറിച്ച് വ്യാപകമായ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, കോൺഗ്രസ് അത്തരമൊരു കരാർ ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അഞ്ചു വർഷവും താൻ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന് സിദ്ധരാമയ്യ ആവർത്തിച്ച് പ്രസ്താവിക്കുകയും ചെയ്തിരുന്നു.
വ്യാഴാഴ്ച ചാമരാജനഗറിലെ ഒരു പരിപാടിയിൽ സംസാരിക്കവെ, തന്റെ സ്ഥാനം ‘തുടക്കം മുതൽ ശക്തമായിരുന്നു, അങ്ങനെ തന്നെ തുടരും’ എന്ന് സിദ്ധരാമയ്യ ആവർത്തിച്ചു വ്യക്തമാക്കി. അഞ്ചു വർഷവും താൻ മുഖ്യമന്ത്രിയായി തുടരുമോ എന്ന ചോദ്യത്തിന്, അത് ‘അനാവശ്യമായ ചർച്ചയാണ്’ എന്നാണ് സിദ്ധരാമയ്യ പ്രതികരിച്ചത്.
എം എൽ എമാരുടെ ഡൽഹി യാത്രയോട് പ്രതികരിച്ച ശിവകുമാർ തനിക്ക് ഈ സംഭവവികാസങ്ങളെക്കുറിച്ച് ‘അറിയില്ല’ എന്നും ‘സുഖമില്ലാത്തതിനാൽ’ വീട്ടിൽ നിന്ന് പുറത്തിറങ്ങിയില്ല എന്നും പറഞ്ഞ് വിഷയത്തിൽ നിന്ന് അകലം പാലിച്ചു. സിദ്ധരാമയ്യ അഞ്ചു വർഷത്തെ കാലാവധി ഉറപ്പിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ, “എനിക്ക് വളരെ സന്തോഷമുണ്ട്. ഞങ്ങളുടെ പാർട്ടി അദ്ദേഹത്തിന് മുഖ്യമന്ത്രിയായി പ്രവർത്തിക്കാൻ ചുമതല നൽകിയിട്ടുണ്ട്. ഞങ്ങൾ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കും” എന്നായിരന്നു ശിവകുമാറിന്റെ മറുപടി.




