Malappuram
വാഗൺ കൂട്ടക്കൊല; രക്തസാക്ഷികളുടെ കുടുംബങ്ങൾ ഇന്ന് കുരുവമ്പലത്ത് സംഗമിക്കും
ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട 70 വീര രക്തസാക്ഷികളിൽ 41 പേരും പുലാമന്തോൾ പഞ്ചായത്തിലുള്ളവരായിരുന്നു. ഇതിൽ 36 പേരും കുരുവമ്പലം വില്ലേജിലുള്ളവരാണ്. കുരുവമ്പലം വാഗൺ ട്രാജഡി സ്മാരക സമിതി സംഘടിപ്പിക്കുന്ന വാർഷിക ദിനാചരണം ഇന്ന് വൈകിട്ട് ആറിന് സ്മാരക മന്ദിര പരിസരത്ത് നടക്കും.
കൊളത്തൂർ | വാഗൺ കൂട്ടക്കൊലയുടെ 104-ാം വാർഷികത്തിൽ രക്തസാക്ഷികളുടെ കുടുംബങ്ങൾ ഇന്ന് കുരുവമ്പലത്ത് സംഗമിക്കും.സ്വാതന്ത്ര്യസമര ചരിത്രത്തിലെ ക്രൂരതയുടെ അധ്യായമായ വാഗൺ കൂട്ടക്കൊലക്ക് സാക്ഷിയായ ധീര ദേശാഭിമാനികളുടെ നാടാണ് കുരുവമ്പലം ഗ്രാമം.
ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട 70 വീര രക്തസാക്ഷികളിൽ 41 പേരും പുലാമന്തോൾ പഞ്ചായത്തിലുള്ളവരായിരുന്നു. ഇതിൽ 36 പേരും കുരുവമ്പലം വില്ലേജിലുള്ളവരാണ്. കുരുവമ്പലം വാഗൺ ട്രാജഡി സ്മാരക സമിതി സംഘടിപ്പിക്കുന്ന വാർഷിക ദിനാചരണം ഇന്ന് വൈകിട്ട് ആറിന് സ്മാരക മന്ദിര പരിസരത്ത് നടക്കും. നജീബ് കാന്തപുരം എം എൽ എ ഉദ്ഘാടനം ചെയ്യും. മഞ്ചേരി എൻ എസ് കോളജ് ചരിത്ര വിഭാഗം അസി.പ്രൊഫ. ഡോ.ഹരിപ്രിയ, മലപ്പുറം ഗവ. കോളജ് ഇസ്്ലാമിക് ചരിത്ര വിഭാഗം അസി. പ്രൊഫ.ഡോ: പി സക്കീർ ഹുസൈൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും.
സ്മാരക സമിതി ചെയർമാൻ സലീം കുരുവമ്പലം അധ്യക്ഷത വഹിക്കും.സലാം പൂമംഗലം, ഡോ: വി ഹുസൈൻ , ഡോ. അലി നൗഫൽ പ്രസംഗിക്കും. കുരുവമ്പലം വില്ലേജിലെ വളപുരത്ത് ജീവിച്ചിരുന്ന പ്രമുഖ പണ്ഡിതനായിരുന്ന കല്ലേത്തോടി കുഞ്ഞുണ്ണീൻ മുസ്്ലിയാരെ ബ്രിട്ടീഷ് പട്ടാളം അറസ്റ്റ് ചെയ്ത് പെരിന്തൽമണ്ണയിൽ കസ്റ്റഡിയിൽ വെച്ചിട്ടുണ്ടെന്ന വാർത്ത കാട്ടുതീപോലെ പരന്നു. മുസ്്ലിയാരെ അറസ്റ്റുചെയതത് എന്തിനാണെന്ന് അന്വേഷിക്കാൻ ഒരുപറ്റം യുവാക്കൾ പെരിന്തൽമണ്ണയിലേക്ക് പുറപ്പെട്ടു.
മുസ്്ലിയാരുടെ അറസ്റ്റ് സംബന്ധിച്ച് അന്വേഷിക്കാൻ ചെന്ന നിരായുധരായ ചെറുപ്പക്കാരെ കീഴ്പ്പെടുത്താനും തുറുങ്കിലടക്കാനും അവർക്ക് അധികസമയം വേണ്ടിവന്നില്ല. കുഞ്ഞുണ്ണീൻ മുസ്്ലിയാരെ നാട്ടിലേക്ക് തിരിച്ചയക്കുകയും തുടർന്ന് 1921 നവംബർ 19ന് തിരൂരിൽ നിന്ന് പുറപ്പെട്ട ദുരന്തവാഗണിൽ ഈ ഹതഭാഗ്യരെല്ലാം ഉൾപ്പെടുകയായിരുന്നു.




