Kerala
സ്വര്‍ണ്ണക്കവര്‍ച്ചയില്‍ ബുദ്ധികേന്ദ്രം പത്മകുമാറെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്; കുരുക്കായത് സ്വന്തം കുറിപ്പ്
കട്ടിളപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറാനുള്ള നിര്‍ദേശം നല്‍കിയത് പത്മകുമാറാണ്
തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത് സ്വര്‍ണ്ണക്കവര്‍ച്ചയുടെ ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിച്ചത് എ പത്മകുമാറാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കട്ടിളപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറാനുള്ള നിര്‍ദേശം നല്‍കിയത് പത്മകുമാറാണ്. 2019 ഫെബ്രുവരിയിലായിരുന്നു ഇതിനായുള്ള നീക്കം പത്മകുമാര്‍ നടത്തിയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്
കേസില്‍ നേരത്തെ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിക്കായി പത്മകുമാര്‍ ഇടപെടല്‍ നടത്തുകയായിരുന്നു. കട്ടിളപ്പാളി സ്വര്‍ണം പൂശാന്‍, ബോര്‍ഡിന്റെ അനുമതിയോടെ പോറ്റിയുടെ കൈവശം കൊടുത്തു വിടണമെന്ന് 2019 ഫെബ്രുവരി ആദ്യം ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ പത്മകുമാര്‍ നിര്‍ദേശം വെച്ചു. എന്നാല്‍ അത്തരത്തില്‍ ബോര്‍ഡിനു മാത്രമായി തീരുമാനമെടുത്ത് കട്ടിളപ്പാളി കൊടുത്തുവിടാന്‍ സാധിക്കില്ലെന്നാണ് യോഗത്തില്‍ തീരുമാനമായത്.
ഇതിനു പിന്നാലെയാണ് താഴെതട്ടിലുള്ള ഉദ്യോഗസ്ഥര്‍ മുഖേന പത്മകുമാര്‍ ചരട്വലി തുടങ്ങിയത്. അഡ്മിനിസ്ട്രേഷന്‍ ഓഫീസര്‍ വഴിയായിരുന്നു വഴിവിട്ട നീക്കം. പത്മകുമാര്‍ നല്‍കിയ കത്തിന് പിന്നാലെയാണ് മുരാരി ബാബു സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളികള്‍ ചെമ്പ് എന്നു രേഖപ്പെടുത്തിയത്.മുരാരി ബാബുവിന്റെ ഇടപെടലിനായി സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ പത്മകുമാറിന് കുരുക്കായത്
ബോര്‍ഡ് അറിയാതെ പത്മകുമാര്‍ മിനിറ്റ്സില്‍ തിരുത്തല്‍ വരുത്തിയെന്ന് എസ്ഐടിയുടെ കണ്ടെത്തി. ദേവസ്വം ആസ്ഥാനത്തു നടത്തിയ റെയ്ഡിലാണ് തിരുത്തല്‍ വരുത്തിയ നിര്‍ണായക ഫയല്‍ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അനുകൂലമായി നിലപാടു സ്വീകരിക്കാന്‍ പത്മകുമാര്‍ തന്റെ ഓഫീസിലെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നതായി അറസ്റ്റിലായ ദേവസ്വം മുന്‍ കമ്മീഷണറായിരുന്ന വാസുവും മൊഴി നല്‍കിയിട്ടുണ്ട്.




