Kerala
പച്ചക്കറി വില കുതിക്കുന്നു
കഴിഞ്ഞ മാസം മഴയെത്തുടര്‍ന്ന് പച്ചക്കറികള്‍ക്ക് വില കൂടിയിരുന്നെങ്കിലും പിന്നീട് കുറഞ്ഞിരുന്നു. ശബരിമല സീസണ്‍ ആയതോടെ രണ്ട് ദിവസം കൊണ്ട് വീണ്ടും വില വര്‍ധിച്ചു.
കോഴിക്കോട് | മണ്ഡല കാലം തുടങ്ങിയതോടെ പതിവുപോലെ പച്ചക്കറി ഇനങ്ങള്‍ക്ക് വില കുതിച്ചുയരുന്നു. തക്കാളി മുതല്‍ മുരിങ്ങ, പയര്‍, കയ്പക്ക, എന്നിവക്കെല്ലാം വില വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം മഴയെത്തുടര്‍ന്ന് പച്ചക്കറികള്‍ക്ക് വില കൂടിയിരുന്നെങ്കിലും പിന്നീട് കുറഞ്ഞിരുന്നു. ശബരിമല സീസണ്‍ ആയതോടെ രണ്ട് ദിവസം കൊണ്ട് വീണ്ടും വില വര്‍ധിച്ചു.
56 രൂപയായിരുന്ന മുരിങ്ങ 205 രൂപയില്‍ എത്തിയിട്ടുണ്ട്. മഴയെത്തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി ലോഡ് കുറഞ്ഞതും വിലക്കയറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മാര്‍ക്കറ്റില്‍ പല പച്ചക്കറി ഇനങ്ങളും കിട്ടാനില്ലെന്ന് പാളയത്തെ കച്ചവടക്കാര്‍ പറയുന്നു.
ബീറ്റ്‌റൂട്ടും മുളകും വെണ്ടയും പച്ചമുളകും ബീന്‍സും കാരറ്റുമെല്ലാം വാങ്ങാനെത്തുന്നവര്‍ വില കേട്ട് അന്തംവിടുകയാണ്. മൊത്തക്കച്ചവടക്കാരുടെ കടകളില്‍ തക്കാളിക്ക് 50-60 രൂപ മുതലാണ് വില.
ഇത് റീട്ടെയില്‍ കടകളില്‍ എത്തുമ്പോള്‍ 70-80 രൂപ വരെയാകുന്നുണ്ട്. കഴിഞ്ഞ ആഴ്ച 15നും 20നും ഇടയിലായിരുന്ന തക്കാളി വില 48 രൂപയായി ഉയർന്നു. ചെറിയുള്ളി 57 രൂപയിലെത്തി.
സവാള വില ഹോള്‍സെയിലായി 15നും കടകളില്‍ 20-25നുമാണ് വില്‍പ്പന. ഉരുളക്കിഴങ്ങിന് 23 രൂപയാണ് ഹോള്‍സെയില്‍ വില. ചില്ലറ വിൽപ്പനശാലകളില്‍ ഇത് 30-35 വരെ എത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച 35 രൂപയായിരുന്ന പച്ചമുളകിന് ഇപ്പോള്‍ 45 രൂപ നല്‍കണം. ചെറിയ ഉള്ളി 46ല്‍ നിന്ന് 60 ആയും ബീറ്റ്‌റൂട്ട് 35ൽ നിന്ന് 60 ആയും വെണ്ടക്ക 40ല്‍ നിന്ന് 60 ആയും കാരറ്റ് 45ല്‍ നിന്ന് 48 ആയും വഴുതിന 35 ല്‍ നിന്ന് 40 ആയും കാബേജ് 15ൽ നിന്ന് 23 ആയും പയര്‍ 25 ല്‍ നിന്ന് 30 ആയും ഉയര്‍ന്നിട്ടുണ്ട്.
അതേസമയം ചേന, ചേമ്പ് എളവന്‍ വെള്ളരി തുടങ്ങിയവക്ക് വിലയില്‍ വലിയ മാറ്റമില്ല. മണ്ഡലകാലത്ത് ഇനിയും വില കൂടാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു.




