National
ബെംഗളൂരുവില്‍ ക്യാഷ് വാന്‍ തടഞ്ഞു നിര്‍ത്തി ഏഴ് കോടി കവര്‍ന്ന കേസ്; അന്വേഷണ സംഘം പ്രതികളിലേക്കെത്തിയെന്ന് സൂചന
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും, മുമ്പ് അറസ്റ്റിലായ ഒരു കുറ്റവാളിയുടെ ഫോട്ടോയുമായി സാമ്യം കണ്ടെത്തിയതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്
ബെംഗളുരു | ബെംഗളൂരുവില്‍ എടിഎമ്മിലേക്ക് പണവുമായി പോവുകയായിരുന്ന വാഹനം തടഞ്ഞുനിര്‍ത്തി 7 കോടി രൂപ കവര്‍ന്ന കേസില്‍ നിര്‍ണായക കണ്ടെത്തലുമായി അന്വേഷണ സംഘം. കേന്ദ്ര നികുതി ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന എത്തിയ സംഘമാണ്പട്ടാപ്പകല്‍ പണം തട്ടിയെടുത്തു കടന്നുകളഞ്ഞത്. കേസില്‍ പ്രതികളിലേക്കെത്താന്‍ സഹായിക്കുന്ന നിര്‍ണ്ണായക തെളിവുകള്‍ പോലീസിന് ലഭിച്ചതായാണ് റിപ്പോര്‍ട്ട്.
ജയനഗര്‍, ഡയറി സര്‍ക്കിള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും, മുമ്പ് അറസ്റ്റിലായ ഒരു കുറ്റവാളിയുടെ ഫോട്ടോയുമായി സാമ്യം കണ്ടെത്തിയതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ഇതോടെ, പഴയ കേസില്‍ ഉള്‍പ്പെട്ട അതേ സംഘം തന്നെയാകാം ഈ കവര്‍ച്ചയ്ക്ക് പിന്നിലെന്നും പോലീസ് സംശയിക്കുന്നു.
പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരമനുസരിച്ച്, കവര്‍ച്ച നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് പ്രതികള്‍ ഡയറി സര്‍ക്കിള്‍ ഫ്‌ലൈഓവറിന് സമീപം നിരീക്ഷണം നടത്തിയിരുന്നു.സംഭവത്തിന് മുമ്പ് പ്രതികള്‍ ഈ പ്രദേശത്തെ ഒരു ബാറില്‍ മദ്യപിക്കുന്ന ദൃശ്യങ്ങളും സിസിടിവിയില്‍ നിന്നും ലഭിച്ചിട്ടുണ്ട്.
നവംബര്‍ 17-ന് ബാറിനും ഫ്‌ലൈഓവറിനും പരിസരത്തായി പ്രതികള്‍ ചുറ്റിക്കറങ്ങുന്ന ദൃശ്യങ്ങള്‍ ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. സിസിടിവി ക്യാമറകള്‍ ഇല്ലാത്ത സ്ഥലങ്ങളിലൂടെ നീങ്ങാനും ഇവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ബൈക്കിലെത്തിയ സംഘം അടുത്തുള്ള കടയില്‍ നിന്ന് ചായ കുടിക്കുകയും പ്രദേശത്ത് കറങ്ങിനടക്കുകയും ചെയ്ത ശേഷമാണ് മടങ്ങിയത്.
സിദ്ധാപുര പോലീസും സിറ്റി ഡിവിഷനുകളിലെ ടീമുകളും സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചും ചേര്‍ന്ന് സൗത്ത് ബെംഗളൂരുവിലുടനീളമുള്ള സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചാണ് ഇവരുടെ നീക്കങ്ങള്‍ കണ്ടെത്തിയത്. പ്രതികള്‍ക്കായി നഗരവ്യാപകമായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ജെപി നഗറിലെ എച്ച്ഡിഎഫ്‌സി ബേങ്ക് ഓഫീസില്‍ നിന്ന് 7 കോടി രൂപയുമായാണ് സിഎംഎസ് വാഹനം പുറപ്പെട്ടത്. രാവിലെ 11:54-ന് വാഹനം ബേങ്ക് പരിസരത്ത് നിന്ന് പുറത്തുപോകുന്നതിന്റെ പൂര്‍ണ്ണമായ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്.
ഏകദേശം 30 മിനിറ്റിനുള്ളില്‍ ജയനഗറിലെ അശോക പില്ലറിന് സമീപം വെച്ച് ഇവരുടെ വാഹനം തടയപ്പെട്ടു. രേഖകളും പണവും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്, കേന്ദ്ര സര്‍ക്കാര്‍ നികുതി ഉദ്യോഗസ്ഥര്‍ എന്ന വ്യാജേനയാണ് പ്രതികള്‍ എത്തിയത്.
ഒരു ഇന്നോവ കാര്‍ കുറുകെയിട്ട് വാന്‍ തടഞ്ഞ കവര്‍ച്ചാസംഘം വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. തുടര്‍ന്ന് സിഎംഎസ് ജീവനക്കാരെയും പണപ്പെട്ടികളെയും തങ്ങളുടെ കാറിലേക്ക് ബലമായി കയറ്റി ഡയറി സര്‍ക്കിളിലേക്ക് നീങ്ങി. ജീവനക്കാരെ ഫ്‌ലൈഓവറില്‍ ഇറക്കിവിട്ട ശേഷം സംഘം പണവുമായി കടന്നുകളയുകയായിരുന്നു. ഇവര്‍ ബന്നാര്‍ഘട്ട റോഡ് വഴിയാണ് രക്ഷപ്പെട്ടതെന്ന് സംശയിക്കുന്നു.
കൃത്യത്തിന് ഉപയോഗിച്ച ചാരനിറത്തിലുള്ള ഇന്നോവ കാറിന് മുന്‍ എടിഎം കവര്‍ച്ചാ കേസുകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കവര്‍ച്ച നടന്ന സമയത്ത് ജയനഗര്‍ മുതല്‍ ബന്നാര്‍ഘട്ട റോഡ് വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍, മൊബൈല്‍ ടവര്‍ ഡാറ്റ, വാഹനങ്ങളുടെ സഞ്ചാരപാത എന്നിവ പോലീസ് വിശകലനം ചെയ്യുന്നുണ്ട്. സൗത്ത് ബെംഗളൂരുവിലെ ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്




