Ongoing News
സഹപാഠികള്‍ 18 മാസത്തോളം നിരന്തരം ഉപദ്രവിച്ചു, സ്‌കൂള്‍ അധികൃതരും അവഗണിച്ചു; നാലാം ക്ലാസ് വിദ്യാര്‍ഥിനി അമായിരയയുടെ ആത്മഹത്യയില്‍ സിബിഎസ്ഇയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
അമായിര വീണ സ്ഥലം ഫോറന്‍സിക് പരിശോധനയ്ക്ക് മുമ്പ് സ്‌കൂള്‍ അധികൃതര്‍ കഴുകി വൃത്തിയാക്കി തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി
ജയ്പൂര്‍ | രാജസ്ഥാനിലെ ജയ്പൂരില്‍ നീരജ മോദി സ്‌കൂളില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ആത്മഹത്യ ചെയ്ത നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി അമാരിയയെ സഹപാഠികള്‍ നിരന്തരമായി ഉപദ്രവിച്ചിരുന്നതായി അന്വേഷണ റിപ്പോര്‍ട്ട്. 18 മാസത്തോളം സഹപാഠികള്‍ നിരന്തരമായി ഉപദ്രവിച്ചതായി സിബിഎസ്ഇ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. മോശം വാക്കുകള്‍ ഉപയോഗിച്ചുള്ള അധിക്ഷേപം ഉള്‍പ്പെടെ കുട്ടിക്കുനേരെ ഉണ്ടായിട്ടും സ്‌കൂള്‍ അധികൃതര്‍ വിഷയത്തില്‍ ഇടപെട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്‌കൂളിലെ നാലാം നിലയില്‍ നിന്ന് ചാടിയാണ് 9 വയസ്സുകാരി ജീവനൊടുക്കിയത്. തുടര്‍ച്ചയായ ഉപദ്രവവും അധ്യാപകരര്‍ വിഷയത്തില്‍ ഇടപെടാതിരുന്നതുമാണ് ഈ കടുംകൈ ചെയ്യാന്‍ കുട്ടിയെ പ്രേരിപ്പിച്ചതെന്ന് മാതാപിതാക്കള്‍ ആരോപിച്ചിരുന്നു.
സംഭവത്തിന് ഏകദേശം 18 മാസം മുമ്പ് വരെ കുട്ടി സഹായത്തിനായി ക്ലാസ് ടീച്ചറെ ആവര്‍ത്തിച്ച് സമീപിച്ചിരുന്നു. എന്നാല്‍ ഓരോ തവണയും അധ്യാപിക കുട്ടിയെ തള്ളിപ്പറയുകയും ശകാരിക്കുകയും സഹപാഠികളുമായി ചേര്‍ന്ന് പോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ആത്മഹത്യ ചെയ്ത ദിവസം പോലും 45 മിനിറ്റിലധികം കുട്ടി സഹായത്തിനായി അധ്യാപികയോട് അപേക്ഷിച്ചു, എന്നിട്ടും സഹായം ലഭിച്ചില്ല. ഒരു സഹപാഠി മോശം വാക്കുകള്‍ ഉപയോഗിച്ചതായി കുട്ടി അറിയിച്ചിരുന്നു എന്ന് ക്ലാസ് ടീച്ചറായ പുനിത ശര്‍മ്മ സമ്മതിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.
മാതാപിതാക്കള്‍ മൂന്നിലധികം തവണ അധ്യാപകരെയും ക്ലാസ് കോര്‍ഡിനേറ്റര്‍മാരെയും ആശങ്ക അറിയിച്ചെങ്കിലും കാര്യമായ പരിഗണന ലഭിച്ചില്ല. മാര്‍ച്ചില്‍ കുട്ടിയെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും അഡ്മിഷന്‍ ലഭിക്കാത്തതിനാല്‍ അതും നടന്നില്ല.
അമായിര വീണ സ്ഥലം ഫോറന്‍സിക് പരിശോധനയ്ക്ക് മുമ്പ് സ്‌കൂള്‍ അധികൃതര്‍ കഴുകി വൃത്തിയാക്കി തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി. കുട്ടിയോടുള്ള ഗുരുതരമായ നിയമലംഘനങ്ങള്‍ക്കും നീണ്ട കാലത്തെ പീഡനത്തിനും സിബിഎസ്ഇ ഇപ്പോള്‍ സ്‌കൂള്‍ മാനേജര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. 30 ദിവസത്തിനുള്ളില്‍ മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.




