Kerala
അജിത് കുമാറിന്റെ ക്ലീന്‍ ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശങ്ങളും നീക്കി
അതേസമയം സര്‍ക്കാരില്‍ നിന്നും പ്രോസിക്യൂഷന്‍ അനുമതി തേടി പരാതിക്കാരന് മുമ്പോട്ടു പോകാമെന്ന് ജസ്റ്റിസ് ബദറുദ്ദീന്‍ വിധിയില്‍ വ്യക്തമാക്കി
കൊച്ചി | അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന്റെ ക്ലീന്‍ ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വിജിലന്‍സ് കോടതി ഇടപെടല്‍ നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി നടപടി.മുഖ്യമന്ത്രിക്കെതിരായ കോടതി പരാമര്‍ശങ്ങളും ജസ്റ്റിസ് എ ബദറുദ്ദീന്‍ നീക്കിയിട്ടുണ്ട്.
അജിത് കുമാറും സംസ്ഥാന സര്‍ക്കാരും സമര്‍പ്പിച്ചിരുന്ന രണ്ടു ഹര്‍ജികളിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ്, അജിത് കുമാറിനെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലാത്തതിനാല്‍, ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അജിത് കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
എജിഡിപിയായി സേവനം അനുഷ്ഠിക്കുന്ന താന്‍ പൊതുസേവകന്‍ ആണെന്നും, അതിനാല്‍ അന്വേഷണത്തിന് സര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള അനുമതി ആവശ്യമാണെന്നും അജിത് കുമാര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദം ഹൈക്കോടതി അംഗീകരിച്ചു. പരാതിക്കാര്‍ മുന്‍കൂര്‍ അനുമതി തേടേണ്ടതാണെന്ന് കോടതി വിധിച്ചു. നെയ്യാറ്റിന്‍കര പി നാഗരാജ് ആണ് അജിത് കുമാറിനെതിരെ പരാതി നല്‍കിയിരുന്നത്.
അതേസമയം സര്‍ക്കാരില്‍ നിന്നും പ്രോസിക്യൂഷന്‍ അനുമതി തേടി പരാതിക്കാരന് മുമ്പോട്ടു പോകാമെന്ന് ജസ്റ്റിസ് ബദറുദ്ദീന്‍ വിധിയില്‍ വ്യക്തമാക്കി. ഇതിനായി വീണ്ടും സര്‍ക്കാരിന് പരാതി നല്‍കാമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
അജിത് കുമാറിന് വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചതിനെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതി ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. അന്വേഷണത്തില്‍ അദൃശ്യശക്തികള്‍ ഇടപെടല്‍ നടത്തിയെന്നും വിജിലന്‍സ് കോടതി നിരീക്ഷിച്ചിരുന്നു. ഈ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് സര്‍ക്കാര്‍ ഹരജി നല്‍കിയത്. വിജിലന്‍സ് കോടതി പരാമര്‍ശങ്ങള്‍ അനുചിതമായി പോയി എന്നാണ് ഹൈക്കോടതി വിലയിരുത്തിയത്. തുടര്‍ന്ന് ഈ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കുകയായിരുന്നു.




