International
ഗസ്സയിൽ ഹമാസിന്റെ കൂറ്റൻ തുരങ്കം കണ്ടെത്തിയെന്ന് ഇസ്റാഈൽ സേന; നിളം ഏഴ് കിലോമീറ്റർ
2014-ലെ ഇസ്റാഈൽ-ഹമാസ് സംഘർഷത്തിനിടെ ഗസ്സയിൽ കൊല്ലപ്പെട്ട ലെഫ്റ്റനന്റ് ഹദാർ ഗോൾഡിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന തുരങ്കമാണ് ഇതെന്ന് ഐഡിഎഫ്
ന്യൂഡൽഹി | ഗസ്സ മുനമ്പിൽ ഹമാസിന്റെ ഒരു വൻ തുരങ്കം കണ്ടെത്തിയതായി ഇസ്റാഈൽ ഡിഫൻസ് ഫോഴ്സ് (ഐ ഡി എഫ്.) 2014-ലെ ഇസ്റാഈൽ-ഹമാസ് സംഘർഷത്തിനിടെ ഗസ്സയിൽ കൊല്ലപ്പെട്ട ലെഫ്റ്റനന്റ് ഹദാർ ഗോൾഡിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന തുരങ്കമാണ് ഇതെന്ന് ഐഡിഎഫ് അവകാശപ്പെട്ടു. ഈ മാസം ആദ്യം ഗോൾഡിന്റെ മൃതദേഹാവശിഷ്ടങ്ങൾ ഇസ്റാഈലിന് ലഭിച്ചിരുന്നു.
തിരക്കേറിയ റഫ മേഖലയിലൂടെയും യു എൻ ആർ ഡബ്ല്യു എ (പലസ്തീനിയൻ അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്രസഭ ഏജൻസി) കോമ്പൗണ്ട്, പള്ളികൾ, ക്ലിനിക്കുകൾ, കിൻഡർഗാർട്ടനുകൾ എന്നിവയിലൂടെയും തുരങ്കം കടന്നുപോകുന്നതായി ഐ ഡി എഫ്. പറഞ്ഞു. ഈ തുരങ്കം ആയുധങ്ങൾ സൂക്ഷിക്കാനും ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും ദീർഘകാലം താമസിക്കാനുമായിരുന്നു ഹമാസ് കമാൻഡർമാർ ഉപയോഗിച്ചിരുന്നതെന്നാണ് ഇസ്റാഈലിന്റെ വാദം.
തുരങ്കത്തിന് ഏഴ് കിലോമീറ്ററിലധികം നീളവും 25 മീറ്റർ ആഴവും 80 മുറികളുമുണ്ടെന്ന് ഐ ഡി എഫ് അറിയിച്ചു. എലൈറ്റ് യഹലോം കോംബാറ്റ് എഞ്ചിനീയറിംഗ് യൂണിറ്റും ഷയെറ്റെറ്റ് 13 നേവൽ കമാൻഡോ യൂണിറ്റും ചേർന്നാണ് തുരങ്കം കണ്ടെത്തിയത്. ഗസ്സയിലെ ഏറ്റവും വലുതും സങ്കീർണ്ണവുമായ ഭൂഗർഭ പാതകളിലൊന്നാണിതെന്ന് ഐ ഡി എഫ് പറയുന്നു.
മുതിർന്ന ഹമാസ് കമാൻഡർമാർ ഉപയോഗിച്ചിരുന്ന കമാൻഡ് പോസ്റ്റുകളായി ഉപയോഗിച്ച മുറികളും കണ്ടെത്തിയായി സൈന്യം അവകാശപ്പെട്ടു.




