Connect with us

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്; റിമാന്‍ഡ് റിപോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍

ക്രൂരമായ ബലാത്സംഗത്തിന് ഇരയായ യുവതി ഗര്‍ഭിണിയായെന്നും പല കാര്യങ്ങള്‍ പറഞ്ഞ് അവരെ ഭീഷണിപ്പെടുത്തിയെന്നും റിമാന്‍ഡ് റിപോര്‍ട്ടില്‍.

Published

|

Last Updated

തിരുവല്ല | രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രത്യേക അന്വേഷണ സംഘം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ നല്‍കിയ റിമാന്‍ഡ് റിപോര്‍ട്ടില്‍ ഉന്നയിച്ചിരിക്കുന്നത് ഗുരുതര ആരോപണങ്ങള്‍. പരാതിക്കാരി 2026 ജനുവരി ഒമ്പതിന് വൈകീട്ട് 7.28ഓടെ ഇ മെയിലില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ് എന്ന് റിമാന്‍ഡ് റിപോര്‍ട്ടില്‍ പറയുന്നു. 31 വയസ്സുകാരിയായ അതിജീവിതയെ 2024 ഏപ്രില്‍ എട്ടിന് പകല്‍ 1.15നും മൂന്നിനും ഇടയിലുള്ള സമയത്താണ് പത്തനംതിട്ട കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷന് സമീപമുള്ള ക്ലബ് സെവന്‍ ഹോട്ടലില്‍ വെച്ച് പ്രതി ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയതെന്ന് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് കാണിച്ച് പ്രലോഭിപ്പിച്ച് യുവതിയുടെ പേരില്‍ ഹോട്ടലില്‍ മുറിയെടുക്കുകയായിരുന്നു. ക്രൂരമായ ബലാത്സംഗത്തിന് ഇരയായ യുവതി ഗര്‍ഭിണിയായെന്നും പല കാര്യങ്ങള്‍ പറഞ്ഞ് അവരെ ഭീഷണിപ്പെടുത്തിയെന്നും റിമാന്‍ഡ് റിപോര്‍ട്ടിലുണ്ട്.

യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ അതിജീവിത നല്‍കിയ പരാതിയെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തിലെ അംഗമായ വനിതാ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ എ എല്‍ പ്രിയ വീഡിയോ കോള്‍ മുഖാന്തരം അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയതായി കസ്റ്റഡി അപേക്ഷയിലും പറയുന്നു. തുടരന്വേഷണത്തിനായി ക്രൈംബ്രാഞ്ച് എ ഡി ജി പിയുടെ ഉത്തരവിന്‍ പ്രകാരം കൊല്ലം ക്രൈംബ്രാഞ്ച് ഡി വൈ എസ് പി. സാനി എസിന് കൈമാറുന്നതായും റിമാന്‍ഡ് റിപോര്‍ട്ടില്‍ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിച്ചു താമസിച്ച് വന്നിരുന്ന പാലക്കാട് കെ പി എം റീജന്‍സിയിലെ 2002-ാം നമ്പര്‍ മുറിയില്‍ വെച്ച് കസ്റ്റഡിയിലെടുക്കുമ്പോള്‍ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. ഇന്ന് വൈകിട്ട് 5.15ഓടെ പത്തനംതിട്ട എ ആര്‍ ക്യാമ്പിലെത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ കുറ്റസമ്മത മൊഴി രേഖപ്പെടുത്തി ഏഴരയോടെ അറസ്റ്റ് രേഖപ്പെടുത്തി. എന്നാല്‍ അറസ്റ്റ് വിവരങ്ങള്‍ കൈപ്പറ്റാന്‍ പ്രതി വിസമ്മതിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ച് പൊട്ടന്‍സി മെഡിക്കല്‍ പരിശോധന നടത്തി ഡി എന്‍ എ പരിശോധനക്കായി പ്രതിയുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചു.

ജാമ്യം നല്‍കരുതെന്ന് കാണിച്ച് നല്‍കിയിട്ടുള്ള റിമാന്‍ഡ് റിപോര്‍ട്ടിലെ പ്രധാനപ്പെട്ട ഒരു കാര്യം പ്രതി സ്ഥിരം കുറ്റവാളിയാണെന്നുള്ളതാണ്. ഇതോടൊപ്പം, കേരള നിയമസഭാ സാമാജികനും ഉന്നത രാഷ്ട്രീയ ഉദ്യോഗസ്ഥ ബന്ധമുള്ള വ്യക്തിയുമായതിനാല്‍ തന്നെ ജാമ്യം നല്‍കിയാല്‍ അതിജീവിതയെ ഭീഷണിപ്പെടുത്താനും സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ഇടയുണ്ട്. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷവും അതിജീവിതമാരെ ഭീഷണിപ്പെടുത്തി കേസില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അത് ഈ കേസിലും ആവര്‍ത്തിക്കാനിടയുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായിട്ടുള്ള കേസുകളില്‍ അതിജീവിതമാരെ സൈബര്‍ മുള്ളിങ് നടത്തയുള്ള അധിഷേപം തുടരുകയാണ്. അതിജീവിതമാരുടെ ഐഡിന്റിറ്റി വെളിപ്പെടുത്തി അധിക്ഷേപം നടത്തുകയും ചെയ്യുന്നു. പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ അതിജീവിതമാരുടെ ജീവന്‍ അപകടപ്പെടുത്താന്‍ സാധ്യതയുണ്ട്. പ്രതി നിയമ നടപടികളെ വെല്ലുവിളിച്ച് ഒളിവില്‍ പോയി കോടതിയുടെ തുടര്‍നടപടികളില്‍ നിന്നും വിട്ടുനില്‍ക്കാനുമിടയുണ്ട്. പിടിച്ചെടുത്ത മൊബൈല്‍ ഫോണിന്റെ സ്‌ക്രീന്‍ പാറ്റേണ്‍, ലോക്ക് എന്നിവ പറഞ്ഞു തരുവാന്‍ പ്രതി വിസമ്മതിച്ചു. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും റിമാന്‍ഡ് അപേക്ഷയില്‍ പറയുന്നു.

രാഹുല്‍ മാങ്കൂട്ടത്തില്‍ ധാരാളം ഡിജിറ്റല്‍ ഡിവൈസുകള്‍ ഉപയോഗിക്കുന്നുണ്ട്. കേസിന്റെ തെളിവുകള്‍ ശേഖരിക്കുന്നതിനായി ഇവ കസ്റ്റഡിയില്‍ എടുക്കുന്നതിനും പ്രതിയുമായി കൃത്യ സ്ഥലങ്ങളില്‍ എത്തി തെളിവുകള്‍ ശേഖരിക്കുന്നതിനുമായി പ്രതിയെ പോലിസ് കസ്റ്റഡിയില്‍ വിട്ടുകിട്ടി അന്വേഷണം നടത്തേണ്ടതുണ്ട്. പ്രതിയും അതിജീവിതയും തമ്മിലുള്ള ചാറ്റുകളും അതിജീവിതയുടെ നഗ്ന വീഡിയോകള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണുകളും കണ്ടെത്തുന്നതിന് പ്രതിയുടെ സാന്നിധ്യം അത്യന്താപേക്ഷിതമാണ്. തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നിരവധി വീട്ടമ്മമാരെയും അവിവാഹിതകളായ യുവതികളെയും വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തിന് ഇരയാക്കിയിട്ടുണ്ട്. ജാമ്യം നല്‍കിയാല്‍ പ്രതി സമാന കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതായും പ്രത്യേക അന്വേഷണ സംഘത്തിലെ സംസ്ഥാന ക്രെംബ്രാഞ്ച് ഡി വൈ എസ് പി. മുരളീധരന്‍ എന്‍ തിരുവല്ല ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.

ക്രൈംബ്രാഞ്ച് സംഘം തെളിവുകള്‍ ശേഖരിച്ചു
തിരുവല്ല | രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള യുവതിയുടെ പീഡന പരാതിയില്‍ തിരുവല്ലയിലെ ഹോട്ടലിലെത്തി ക്രൈംബ്രാഞ്ച് സംഘം തെളിവുകള്‍ ശേഖരിച്ചു. തിരുവനന്തപുരത്ത് നിന്ന് വന്ന സംഘം ഇന്ന് ഉച്ചയോടെയാണ് തിരുവല്ലയില്‍ എത്തിയത്. രജിസ്റ്റര്‍ രേഖകള്‍, സന്ദര്‍ശക ബുക്ക് എന്നിവയും സി സി ടി വി ഫൂട്ടേജുകളും ശേഖരിച്ചു. നാളെ രാഹുലിന് വേണ്ടി കസ്റ്റഡി അപേക്ഷ നല്‍കാനാണ് ക്രൈംബ്രാഞ്ച് നീക്കം. നിലവില്‍ മാവേലിക്കര സബ് ജയിലിലാണ് രാഹുല്‍.

 

 

---- facebook comment plugin here -----

Latest