UPSC 2026 topper
സ്റ്റെതസ്കോപ്പ് അഴിച്ച് രാജ്യത്തിന്റെ ഭരണസിരാകേന്ദ്രങ്ങളിലേക്ക്; അനുജ് അഗ്നിഹോത്രിയുടെ വിജയഗാഥ
ഒരു ഡോക്ടറായി സേവനമനുഷ്ഠിക്കുന്നതിനേക്കാൾ പൊതുഭരണ രംഗത്ത് ജനങ്ങളെ സേവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് തിരിച്ചറിഞ്ഞതോടെയാണ് അനുജ് സിവിൽ സർവീസിലേക്ക് തിരിഞ്ഞത്.
റാബത്ത്ഭാട്ട | മെഡിക്കൽ കോളജിലെ സ്റ്റെതസ്കോപ്പിൽ നിന്ന് രാജ്യത്തിന്റെ ഭരണസിരാകേന്ദ്രങ്ങളിലേക്ക്; രാജസ്ഥാനിലെ ഒരു ചെറിയ ആണവോർജ്ജ നഗരത്തിൽ നിന്ന് സിവിൽ സർവീസ് പരീക്ഷയിലെ ഒന്നാം റാങ്കിലേക്ക്.. അനുജ് അഗ്നിഹോത്രി കുറിച്ചത് വിസ്മയകരമായ ഒരു വിജയഗാഥയാണ്. യു പി എസ് സി 2026 ഫലം പുറത്തുവന്നപ്പോൾ അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ അനുജ്, കഠിനാധ്വാനത്തിന്റെയും ലക്ഷ്യബോധത്തിന്റെയും ഉത്തമ ഉദാഹരണമായി മാറിക്കഴിഞ്ഞു.
രാജസ്ഥാനിലെ റാവത്ത്ഭാട്ട എന്ന ചെറിയ പട്ടണത്തിലാണ് അനുജ് വളർന്നത്. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ജോധ്പൂർ എയിംസിൽ (AIIMS) നിന്ന് 2023-ൽ എം ബി ബി എസ് ബിരുദം നേടി. ഒരു ഡോക്ടറായി സേവനമനുഷ്ഠിക്കുന്നതിനേക്കാൾ പൊതുഭരണ രംഗത്ത് ജനങ്ങളെ സേവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് തിരിച്ചറിഞ്ഞതോടെയാണ് അനുജ് സിവിൽ സർവീസിലേക്ക് തിരിഞ്ഞത്. ആദ്യ ശ്രമങ്ങളിൽ തന്നെ ഡാനിക്സ് (DANICS) കേഡറിൽ പ്രവേശനം നേടിയ അദ്ദേഹം നിലവിൽ അവിടെ പ്രൊബേഷൻ പരിശീലനത്തിലാണ്. ആ പരിശീലനത്തിനിടയിലാണ് രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന റാങ്ക് തേടിയെത്തിയത്.
അറിവിനേക്കാളുപരി വിനയവും വ്യക്തമായ കാഴ്ചപ്പാടുകളുമാണ് അനുജിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. മോക്ക് ഇന്റർവ്യൂകളിൽ പലപ്പോഴും ഉത്തരം അറിയാത്ത ചോദ്യങ്ങളോട് “ഞാൻ ഇതിനെക്കുറിച്ച് കൂടുതൽ പഠിക്കാം” എന്ന് തുറന്നു പറയാനുള്ള അദ്ദേഹത്തിന്റെ ആർജ്ജവം പാനൽ അംഗങ്ങളെപ്പോലും അത്ഭുതപ്പെടുത്തിയിരുന്നു. ആണവോർജ്ജം, പരിസ്ഥിതി സംരക്ഷണം, പൊതുജനാരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ കൃത്യമായ നിലപാടുകൾ അദ്ദേഹത്തിനുണ്ട്. വിവാഹത്തിന് മുമ്പുള്ള എച്ച് ഐ വി പരിശോധന നിർബന്ധമാക്കുന്നതിനേക്കാൾ ബോധവൽക്കരണത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്ന അദ്ദേഹത്തിന്റെ നിലപാട് വ്യക്തിസ്വാതന്ത്ര്യത്തോടുള്ള ബഹുമാനം വ്യക്തമാക്കുന്നു.
നേരത്തെ ഡോക്ടറായിരുന്നതിനാൽ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ നേരിട്ട് ബോധ്യമുള്ള അനുജിന് സിവിൽ സർവീസിലെ തന്റെ പുതിയ റോൾ ജനങ്ങളിലേക്ക് കൂടുതൽ അടുക്കാൻ സഹായിക്കുമെന്നാണ് വിശ്വാസം. രാജസ്ഥാനിലെ ഒരു ചെറിയ നഗരത്തിൽ നിന്ന് തുടങ്ങിയ ഈ യാത്ര ഇന്ന് ഇന്ത്യയിലെ ഏറ്റവും അഭിമാനകരമായ പദവിയിൽ എത്തിനിൽക്കുമ്പോൾ, അത് രാജ്യത്തെ ആയിരക്കണക്കിന് സിവിൽ സർവീസ് മോഹികൾക്ക് വലിയൊരു പ്രചോദനമാണ്.
Summary
Anuj Agnihotri, an MBBS graduate from AIIMS Jodhpur, has secured the All India Rank 1 in the UPSC Civil Services Examination 2026. Hailing from Rawatbhata, Rajasthan, Anuj transitioned from medicine to public administration, previously serving in the DANICS cadre before achieving the top spot. His journey is marked by intellectual humility and a strong desire for public-facing governance, making him an inspiration for aspirants nationwide.



