Eduline
മത്സര പരീക്ഷകൾക്ക് സാമ്പത്തിക സഹായം
18നും 30നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
സംസ്ഥാനത്തെ യുവതീ- യുവാക്കളിൽ നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും മത്സര പരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്കും പ്രതിമാസം 1,000 രൂപ സാമ്പത്തിക സഹായം നൽകുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. http://www.eemployment.kerala.gov.in/ പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷിക്കാം.
പ്ലസ് ടു, വി എച്ച് എസ് ഇ, ഡിപ്ലോമ, ഡിഗ്രി വിജയത്തിന് ശേഷം യു പി എസ് സി, പി എസ് സി, എസ് എസ് സി സർവീസ് സെലക്ഷന്‍ ബോർഡ്, കര, നാവിക, വ്യോമ സേനകൾ, ബേങ്ക്, റെയിൽവേ, മറ്റ് കേന്ദ്ര, സംസ്ഥാന പൊതുമേഖലാ റിക്രൂട്ട്‌മെന്റ് ഏജൻസികൾ എന്നിവ നടത്തുന്ന മത്സര പരീക്ഷകൾക്ക് അപേക്ഷ സമർപ്പിച്ച് തയ്യാറെടുക്കുന്നതോ വിവിധ സ്‌കിൽ കോഴ്‌സുകൾക്ക് പഠിക്കുന്നതോ ആയ 18നും 30നും ഇടയിൽ പ്രായമുള്ള യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കുറവായിരിക്കണം.
ഒരു വ്യക്തിക്ക് ഒരു തവണ പരമാവധി 12 മാസത്തേക്ക് മാത്രമേ സ്‌കോളർഷിപ്പ് ലഭിക്കുകയുള്ളൂ. അപേക്ഷ സമർപ്പിക്കുന്നവർ ജനന സർട്ടിഫിക്കറ്റ്, എസ് എസ് എൽ സി സർട്ടിഫിക്കറ്റ്. വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, വോട്ടർ ഐ ഡി/ സ്‌കൂൾ സർട്ടിഫിക്കറ്റ്/ പാസ്സ്‌പോർട്ട് ഡ്രൈവിംഗ് ലൈസൻസ്, വരുമാന സർട്ടിഫിക്കറ്റ്, ബേങ്ക് പാസ്സ് ബുക്കിന്റെ പകർപ്പ് എന്നിവ ഹാജരാക്കണം.
നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർ പരിശീലനസ്ഥാപന മേധാവി നൽകുന്ന സർട്ടിഫിക്കറ്റ്/ സത്യവാങ്മൂലം, മത്സര പരീക്ഷക്ക് തയ്യാറെടുക്കുന്നവർ മത്സര പരീക്ഷക്ക് അപേക്ഷിച്ച വിവരം എന്നിവ സമർപ്പിക്കണം.
വിശദ വിവരങ്ങൾക്ക് താലൂക്കിലുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായോ മഹാത്മാഗാന്ധി സർവകലാശാല എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുമായോ ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0481-2731025.





