Kerala
അവധി കഴിഞ്ഞ് വിദേശത്തേക്ക് പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന പ്രവാസിയെ കാണാനില്ല
ജനുവരി ഒന്നിന് വീട്ടുകാരുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഇദ്ദേഹം വീടുവിട്ടിറങ്ങി.
എടത്വ| അവധി കഴിഞ്ഞ് വിദേശത്തേക്ക് പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന പ്രവാസിയെ കാണാനില്ലെന്ന് പരാതി. എടത്വ കോയില്‍മുക്ക് പുത്തന്‍പറമ്പില്‍ ജോണ്‍സണ്‍ (60) നെയാണ് കാണാതായത്. ബന്ധുക്കള്‍ എടത്വ പോലീസില്‍ പരാതി നല്‍കി. ഡിസംബര്‍ 17നാണ് ജോണ്‍സണ്‍ നാട്ടിലെത്തിയത്. ആറാം തീയതി മടങ്ങിപ്പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ജനുവരി ഒന്നിന് വീട്ടുകാരുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഇദ്ദേഹം വീടുവിട്ടിറങ്ങി. കൈയിലുണ്ടായിരുന്ന ഫോണ്‍ സ്വിച്ച് ഓഫാണ്.
എറണാകുളത്തുനിന്ന് മംഗലാപുരം വഴി വിദേശത്തേക്ക് പോകാനായിരുന്നു എയര്‍ ഇന്ത്യയില്‍ ടിക്കറ്റ് എടുത്തിരുന്നത്. ആറാം തീയതി ഇദ്ദേഹം യാത്ര ചെയ്തിട്ടില്ലെന്ന് വിമാനത്താവളങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ആറു മാസം മുന്‍പ് ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ജോണ്‍സണ്‍ ശസ്ത്രക്രിയ നടത്തിയിരുന്നു.





