Connect with us

Kerala

ഗണ്‍മാന്‍ മന്ത്രിയുടെ കഴുത്ത് പിടിച്ച് തിരിച്ചെങ്കില്‍ അത് തീര്‍ക്കേണ്ടത് കെ എസ് യു പ്രവര്‍ത്തകരുടെ വീട്ടില്‍ അല്ല; ആഞ്ഞടിച്ച് ഷാഫി പറമ്പില്‍

ബോംബേറ് നടക്കുമ്പോള്‍ കെ എസ് യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബിതുലിന്റെ വീട്ടില്‍ കിടന്നുറങ്ങിയ വീട്ടമ്മ തങ്കത്തിനോട് ആരോഗ്യമന്ത്രിക്ക് എന്താണ് പറയാനുള്ളതെന്നും ഷാഫി

Published

|

Last Updated

കണ്ണൂര്‍ | ആരോഗ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധത്തില്‍ പങ്കെടുത്ത കെ എസ് യു പ്രവര്‍ത്തകന്റെ വീടിന് നേരെയുണ്ടായ ബോംബാക്രമണത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഷാഫി പറമ്പില്‍ എം പി. ബോംബേറ് നടക്കുമ്പോള്‍ കെ എസ് യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബിതുലിന്റെ വീട്ടില്‍ കിടന്നുറങ്ങിയ വീട്ടമ്മ തങ്കത്തിനോട് ആരോഗ്യമന്ത്രിക്ക് എന്താണ് പറയാനുള്ളതെന്നും ഷാഫി ചോദിച്ചു. ബോംബാക്രമണത്തിനു വിധേയമായ ബിതുലിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിഷേധക്കാരുടെ നിഴല്‍ പോലും മന്ത്രിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചിട്ടില്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചത് തിരിഞ്ഞ് നോക്കിയപ്പോള്‍ ഉളുക്കിയ കഴുത്തിന് ഇത്രയും വേദനയുണ്ടെങ്കില്‍ ഉഷയും ഹര്‍ഷീനയും എത്ര വേദന അനുഭവിച്ചിരിക്കും. ഫേസ്ബുക്കിലൂടെ ബിതുലിന് ആദരാഞ്ജലി നേരുകയാണ് കണ്ണൂരിലേയും കോഴിക്കോട്ടെയും സി പി എം പ്രവര്‍ത്തകര്‍. കരിങ്കൊടി കാണിച്ചതിനാണോ അഡ്വാന്‍സ് ആദരാഞ്ജലി എന്നും വീടിന് ബോംബെറിഞ്ഞത് രക്ഷാപ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരുമോ എന്നും ഷാഫി പറമ്പില്‍ ചോദിച്ചു.

മുഖ്യമന്ത്രിയായ ഒരു മനുഷ്യനെ കല്ലെറിഞ്ഞപ്പോള്‍ ആരെങ്കിലും ആദരാഞ്ജലി നേര്‍ന്നിട്ടുണ്ടോ. ‘നീ തീര്‍ന്നു’ എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുണ്ടോ എന്നും ഷാഫി ചോദിച്ചു. ഇല്ലാത്ത അക്രമത്തിന്റെ പേരിലാണ് കോണ്‍ഗ്രസ്സ് ഓഫീസുകള്‍ തല്ലിത്തകര്‍ക്കുന്നത്. കെ എസ് യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ കഴുത്തിന് പിടിച്ച് തിരിക്കുന്ന ദൃശ്യങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല. ഗണ്‍മാന്‍ മന്ത്രിയുടെ കഴുത്ത് പിടിച്ച് തിരിച്ചിട്ടുണ്ടെങ്കില്‍ അത് തീര്‍ക്കേണ്ടത് കെ എസ് യു പ്രവര്‍ത്തകരുടെ വീട്ടില്‍ അല്ല. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് അക്രമ സംഭവങ്ങള്‍ക്ക് ഉത്തരവാദി. അദ്ദേഹത്തിനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.

ഇതുവരെയുള്ള ബോംബ് കേസുകള്‍ പോലെയാണ് പോലീസ് ഇതും കൈകാര്യം ചെയ്യുന്നതെങ്കില്‍ സമരങ്ങളുടെ വേലിയേറ്റമുണ്ടാകുമെന്നും ഷാഫി മുന്നറിയിപ്പ് നല്‍കി. ക്രിമിനലുകള്‍ക്കാണ് പോലീസ് സംരക്ഷണം നല്‍കുന്നത്, ബിതുലിന്റെ വീടിനല്ല. ആരോഗ്യ വകുപ്പിനെതിരായ സമരം തുടരുമെന്നും കരിങ്കൊടി സമരം ജനാധിപത്യപരമാണെന്നും ഷാഫി വ്യക്തമാക്കി.

 

Latest