Connect with us

Kerala

സ്പാര്‍ക്കിലെ വിവരങ്ങള്‍ ചോര്‍ത്തിയിട്ടില്ല, സന്ദേശം അയച്ചത് ഭരണഘടനാപരം; ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി സംസ്ഥാന സര്‍ക്കാര്‍

വിവരം ചോര്‍ന്നുവെന്നതിനെ സാധൂകരിക്കുന്ന സാങ്കേതിക തെളിവുകളൊന്നും ഇല്ല. രേഖകളുടെ പിന്‍ബലവുമില്ലെന്നും സര്‍ക്കാര്‍.

Published

|

Last Updated

തിരുവനന്തപുരം | സ്പാര്‍ക്കിലെ വിവരങ്ങള്‍ ചോര്‍ത്തി സന്ദേശം അയച്ചെന്ന ആരോപണത്തില്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി സംസ്ഥാന സര്‍ക്കാര്‍. വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും, വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടാകുമെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഹരജിയെന്നും വ്യക്തമാക്കി സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

വിവരം ചോര്‍ന്നുവെന്നതിനെ സാധൂകരിക്കുന്ന സാങ്കേതിക തെളിവുകളൊന്നും ഇല്ല. രേഖകളുടെ പിന്‍ബലവുമില്ല. ഇത്തരത്തില്‍ മതിയായ തെളിവുകള്‍ ഇല്ലാതെയാണ് ഹരജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ജീവനക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് സന്ദേശം അയച്ചത് ഭരണഘടനാപരമാണ്. ബജറ്റിലെ ഉറപ്പ് നടപ്പാക്കിയെന്ന വിവരം അറിയിക്കുക മാത്രമാണ് ചെയ്തതെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സന്ദേശങ്ങള്‍ അയച്ചതെന്ന ഹരജിക്കാരുടെ ആക്ഷേപം ഹര്‍ജിക്കാരുടെ അനുമാനത്തിന്റെ മാത്രം അടിസ്ഥാനത്തിലുള്ളതാണ്. അയച്ച സന്ദേശങ്ങള്‍ക്ക് രാഷ്ട്രീയ സ്വഭാവമില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പേരിലല്ല സന്ദേശം അയച്ചത്. സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവിലില്ലാത്ത സമയത്താണ് സന്ദേശം അയച്ചതെന്നും സത്യവാങ്മൂലത്തിലുണ്ട്.

ഭരണനിര്‍വഹണത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാര്‍ക്ക് സന്ദേശമയച്ചത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ പ്രയോജനം അറിയിക്കുകയാണ് ചെയ്തത്. ഇതില്‍ ഹരജിക്കാരുടെ ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടിട്ടില്ല. സര്‍ക്കാരിന്റെ മാനവ വിഭവശേഷി വിവരങ്ങള്‍ ഉള്‍പ്പെടുന്ന സംരംഭമാണ് സ്പാര്‍ക്. ജീവനക്കാര്‍ക്ക് ക്ഷാമബത്ത നല്‍കുമെന്ന് മുഖ്യമന്ത്രി 2024 ജൂലൈ 10ന് നിയമസഭയെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ എടുത്ത തീരുമാനമാണ് വാട്‌സാപ്പ് സന്ദേശം വഴി അയച്ചത്. വാട്‌സ് ആപ് സന്ദേശത്തിലൂടെ തീരുമാനം അറിയിച്ചത് ജീവനക്കാരെ പ്രചോദിപ്പിക്കാനാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കുകയാണ് ചെയ്തത്. ഇത് സര്‍ക്കാരും ജീവനക്കാരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്ദേശം അയച്ചത് സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനങ്ങള്‍ വഴിയാണെന്നും സര്‍ക്കാര്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest