Connect with us

Kerala

തനിക്കെതിരെ പോക്സോ കേസ് എടുക്കാൻ കഴിയില്ല; വീഡിയോയില്‍ പറഞ്ഞത് പ്രായപൂര്‍ത്തിയായവരുടെ പേരുകള്‍ മാത്രമെന്ന് ആര്‍ ശ്രീലേഖ

തനിക്കെതിരെ വ്യക്തിഹത്യ നടത്താന്‍ വേണ്ടി മാത്രം ഉയര്‍ത്തിക്കൊണ്ടുവന്ന പരാതിയാണ് ഇതെന്ന് ആര്‍ ശ്രീലേഖ

Published

|

Last Updated

തിരുവനന്തപുരം| പീഡനക്കേസുകളിലെ ഇരകളുടെ പേരും മറ്റു വിശദാംശങ്ങളും വെളിപ്പെടുത്തിയെന്ന പരാതിയില്‍ പ്രതികരണവുമായി മുന്‍ ഡിജിപിയും കോര്‍പറേഷന്‍ കൗണ്‍സിലറുമായ ആര്‍ ശ്രീലേഖ. തനിക്കെതിരെ പോക്സോ കേസെടുക്കാന്‍ യാതൊരു നിയമ സാദ്ധ്യതയുമില്ലെന്നും വീഡിയോയില്‍ പറഞ്ഞത് പ്രായപൂര്‍ത്തിയായവരുടെ പേരുകള്‍ മാത്രമാണെന്നും ആര്‍ ശ്രീലേഖ പറഞ്ഞു.

തനിക്കെതിരെ വ്യക്തിഹത്യ നടത്താന്‍ വേണ്ടി മാത്രം ഉയര്‍ത്തിക്കൊണ്ടുവന്ന പരാതിയാണ് ഇത്. മുപ്പത്തിമൂന്നര വര്‍ഷം പോലീസ് ഉദ്യോഗസ്ഥയായ വ്യക്തിയാണ് താൻ. 2012 ല്‍ പോക്‌സോ ഇറങ്ങിയപ്പോള്‍ സന്തോഷിച്ചയാളാണ്. കുട്ടികള്‍ക്കും വനിതകള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചയാളാണ്. നിര്‍ഭയ സ്‌കീം വന്നപ്പോള്‍ അതിന്റെ നോഡല്‍ ഓഫീസര്‍ ആയിരുന്നു താന്‍ എന്നും ആര്‍ ശ്രീലേഖ പറഞ്ഞു.

ഡല്‍ഹി നിര്‍ഭയ, കിളിരൂര്‍, കവിയൂര്‍, ഗോവിന്ദച്ചാമി പ്രതിയായ ട്രെയിനില്‍ വച്ച് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം, പെരുമ്പാവൂര്‍ പീഡനം തുടങ്ങിയ കേസുകളിലെ ഉള്‍പ്പെടെ വിവരങ്ങള്‍ പുറത്തുവിട്ടെന്നാണ് ശ്രീലേഖക്കെതിരായ ആരോപണം. സിവില്‍ റൈറ്റ്‌സ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് സൊസൈറ്റി നല്‍കിയ പരാതിയിലാണ് കേസ്.

അതിജീവിതയുടെ പേരുവിവരം പരസ്യപ്പെടുത്തരുതെന്ന വ്യവസ്ഥയെ കുറിച്ച് നന്നായി ബോധ്യമുള്ള ഒരു വ്യക്തി, അതിന് വിപരീതമായി തന്റെ ബ്ലോഗിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഇരകളുടെ പേരുവിവരം പരസ്യപ്പെടുത്തിയെന്ന് എഫ് ഐ ആറില്‍ പറയുന്നു.

Latest