Connect with us

Ongoing News

യുഎഇയ്ക്ക് ആദരവായി 'ജമാല്‍' ഗാനം ഷെയ്ഖ് സായിദ് ഫെസ്റ്റിവലില്‍ അവതരിപ്പിച്ച് എആര്‍ റഹ്മാന്‍; ആകാശത്ത് സംഗീതജ്ഞന് ആദരവര്‍പ്പിച്ച് യുഎഇ

രാജ്യത്തെ ഏറ്റവും വലിയ പൈതൃക സാംസ്‌കാരിക മേളയില്‍ അപൂര്‍വ ആദരവേറ്റുവാങ്ങുന്ന ഇന്ത്യന്‍ സംഗീതജ്ഞനായി എആര്‍ റഹ്മാന്‍

Published

|

Last Updated

അബുദാബി |  അന്‍പത്തിനാലാമത് ഈദ് അല്‍ ഇത്തിഹാദിനു മുന്നോടിയായി യുഎഇക്കുള്ള തന്റെ സംഗീതാദരവ് ‘ജമാല്‍’ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലെ നിറഞ്ഞ സദസ്സിന് മുന്നില്‍ സമര്‍പ്പിച്ച് സംഗീത മാന്ത്രികന്‍ എ ആര്‍ റഹ്മാന്‍. ബുര്‍ജീല്‍ ഹോള്‍ഡിങ്സ് ആശയം നല്‍കി റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച യുഎഇ യില്‍ ഒരുങ്ങിയ ‘ജമാല്‍’ പ്രത്യാശയുടെ ഗാനമാണ്. അക്കാദമി, ഗ്രാമി അവാര്‍ഡ് ജേതാവായ സംഗീതസംവിധായകന്‍ ഗാനം സമര്‍പ്പിച്ചപ്പോള്‍ സദസ്സ് കരഘോഷത്താല്‍ നിറഞ്ഞു.

തുടര്‍ന്ന് റഹ്മാന് ആദരവര്‍പ്പിച്ച് പ്രത്യേക വെടിക്കെട്ട് നടന്നു. സ്ലംഡോഗ് മില്യണയറിലെ ‘ജയ് ഹോ’ ഗാനത്തിനനുസരിച്ചായിരുന്നു വെടിക്കെട്ട്. രാജ്യത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക, പൈതൃക മേളകളിലൊന്നായ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലെത്തിയ ജനക്കൂട്ടവും ആഘോഷങ്ങള്‍ക്ക് നിറപ്പകിട്ടേകി. റഹ്മാനോടൊപ്പം ജമാലിന്റെ ലോക പ്രീമിയറില്‍ ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍, ബോര്‍ഡ് മെമ്പര്‍ ഒമ്രാന്‍ അല്‍ ഖൂരി, ഫെസ്റ്റിവെല്‍ സംഘാടകര്‍ എന്നിവരും പങ്കെടുത്തു.

യുഎഇയുടെ മൂല്യങ്ങളില്‍ വേരൂന്നിയ പ്രത്യാശാഗാനം

ജമാലിലെ ഓരോ വരിയും പ്രത്യാശയുടേതാണ്. ഐക്യം, സഹവര്‍ത്തിത്വം, മാനവികത തുടങ്ങി യുഎഇയുടെ മൂല്യങ്ങളാണ് പാട്ടിന്റെ ഉള്ളടക്കം. രാജ്യത്തിന്റെ ഭൂതകാലത്തില്‍ തുടങ്ങി, വര്‍ത്തമാന, ഭാവി കാലങ്ങളിലൂടെ പ്രേക്ഷകരെ സഞ്ചരിപ്പിക്കുന്ന ദൃശ്യങ്ങളടങ്ങുന്ന പ്രത്യേക പതിപ്പും ഗാനത്തിനുണ്ട്. ദൃഢനിശ്ചയം വെല്ലുവിളികളെ മറികടക്കാന്‍ എങ്ങിനെ സഹായിക്കുമെന്ന് ജമാല്‍ ആസ്വാദകരെ ഓര്‍മിപ്പിക്കുന്നു.

യുഎഇയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന ഒരു ഗാനം സംവിധാനം ചെയ്യാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് എ ആര്‍ റഹ്മാന്‍ പറഞ്ഞു. ‘ഏറെ കാര്യങ്ങള്‍ ജീവിതത്തില്‍ സമ്മാനിച്ച യുഎഇയ്ക്ക് ആദരവായി ഒരു ഗാനം തയ്യാറാക്കാനായുള്ള അഭ്യര്‍ത്ഥനയുമായാണ് ഡോ. ഷംഷീര്‍ സമീപിച്ചത്. വെല്ലുവിളികളെ ഒറ്റക്കെട്ടായി മറികടക്കുന്ന യുഎഇയോടെയുള്ള ആദരവായി തന്റെ മനസില്‍ ഉടലെടുത്ത ഗാനമാണ് ജമാല്‍. ദീര്‍ഘകാലമായി യുഎഇയുമായി അടുത്തു പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. സംഘര്‍ഷങ്ങള്‍ക്ക് ശേഷം സമാധാനം പുലരുമെന്ന പ്രതീക്ഷകള്‍ക്കിടെ ജമാല്‍ പുറത്തിറക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ‘ജമാല്‍’ പറയുന്നതും അതാണ്. കഷ്ടപ്പാടുകളില്‍ പ്രത്യാശയ്ക്ക് വഴികാട്ടിയാകാന്‍ സാധിക്കും,’ റഹ്മാന്‍ പറഞ്ഞു.

ബുര്‍ജീല്‍ ഹോള്‍ഡിങ്സിന്റെയും എ ആര്‍ റഹ്മാന്റെയും മാസങ്ങള്‍ നീണ്ട പരിശ്രമത്തിന്റെ ഫലമാണ് ‘ജമാല്‍.’ വര്‍ഷങ്ങളായി ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന്റെ ആരോഗ്യ പങ്കാളിയായ ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സമൂഹത്തെ പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ജമാല്‍’ ഗാനത്തിന് രൂപം നല്‍കിയത്. യുഎഇയിലെ ഏറ്റവും വലിയ കലാ, സാംസ്‌കാരിക, പൈതൃക വേദികളിലൊന്നായ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിനേക്കാള്‍ വലിയ വേദിയില്ല ‘ജമാല്‍’ അവതരിപ്പിക്കാന്‍, ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. ‘തൊഴിലിനായി എത്തുന്നവര്‍ക്ക് ജീവിതം നല്‍കുന്ന നാടാണ് യുഎഇ. നേതൃത്വത്തിന്റെയും ജനങ്ങളുടെയും അകമഴിഞ്ഞ പിന്തുണയുള്ള ഇടം. ഈ നാടിന് ആദരവേകാനുള്ള ഗാനമെന്ന ആശയമാണ് എആര്‍ റഹ്മാന്‍ സംഗീതമേകി പൂര്‍ത്തിയാക്കിയ ജമാല്‍. യുഎഇയുടെ ഐക്യവും പുരോഗതിയും ആഘോഷിക്കുന്ന ഒരു പദ്ധതിയൊരുക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്,’ ഡോ. ഷംഷീര്‍ കൂട്ടിച്ചേര്‍ത്തു.

എ ആര്‍ റഹ്മാന്റെ മകളും സംഗീത സംവിധായികയുമായ ഖദീജ റഹ്മാന്‍ നയിക്കുന്ന റൂഹ്-ഇ-നൂര്‍ ബാന്‍ഡിന്റെ അവതരണവും, ലെബനീസ് അമേരിക്കന്‍ സംഗീതജ്ഞ മെയ്‌സ കാരയുടെ പാട്ടുകളും, പിയാനോ-കഥക് ഫ്യൂഷന്‍ അവതരണവും ആഘോഷ രാവിന് കൂടുതല്‍ മിഴിവേകി. ‘ജമാല്‍’ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്കായി എ ആര്‍ റഹ്മാന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാകും.

 

Latest