National
വഖഫ് രജിസ്ട്രേഷൻ സമയപരിധി നീട്ടിനൽകാനാവില്ല; ട്രൈബ്യൂണലിനെ സമീപിക്കാൻ നിർദേശിച്ച് സുപ്രീംകോടതി
രജിസ്ട്രേഷന് നൽകിയ ആറുമാസത്തെ സമയപരിധി ഈ ആഴ്ച അവസാനത്തോടെ അവസാനിക്കാനിരിക്കെയാണ് കോടതി നടപടി.
ന്യൂഡൽഹി | വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടിനൽകാൻ കഴിയില്ലെന്ന് സുപ്രീംകോടതി. വഖഫ് (ഭേദഗതി) നിയമം, 2025 ലെ സെക്ഷൻ 3ബി പ്രകാരം സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സമയപരിധി നീട്ടിനൽകുന്നതിനായി വഖഫ് ട്രൈബ്യൂണലിനെ സമീപിക്കാമെന്ന് ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, എ ജി മസിഹ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വഖഫ് (ഭേദഗതി) നിയമ പ്രകാരമുള്ള നിർബന്ധിത രജിസ്ട്രേഷൻ സമയപരിധി നീട്ടിനൽകണമെന്ന അപേക്ഷ തള്ളിയാണ് കോടതി നടപടി. ഈ ആഴ്ച അവസാനത്തോടെ രജിസ്ട്രേഷന് നൽകിയ ആറുമാസത്തെ സമയപരിധി അവസാനിക്കാനിരിക്കെയാണ് നടപടി.
സ്വത്തുക്കൾ ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച യു മീദ് (Unified Waqf Management, Empowerment, Efficiency, and Development) പോർട്ടലുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിശോധിക്കാൻ കോടതി വിസമ്മതിച്ചു. പോർട്ടലിലെ സാങ്കേതിക തകരാറുകൾ സംബന്ധിച്ച പരാതിയിൽ, തെളിവില്ലാതെ ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കി.
സമയപരിമിതി കാരണം രജിസ്ട്രേഷൻ പൂർണ്ണമായി നടന്നിരിക്കാൻ സാധ്യതയില്ലെന്ന് ഹരജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ ബോധിപ്പിച്ചു. പത്തുലക്ഷം മുത്തവല്ലികൾക്ക് ട്രൈബ്യൂണലിനെ സമീപിക്കേണ്ടിവരും. പോർട്ടലിൽ തകരാറുകളുണ്ട്, ഗ്രാമീണ സ്വത്തുക്കളുടെ കാര്യത്തിൽ ഡിജിറ്റലൈസേഷൻ നടന്നിട്ടില്ലെന്നും അദ്ദേഹം വാദിച്ചു.
ഉമീദ് പോർട്ടലിലെ പിഴവുകളും കപിൽ സിബൽ ചൂണ്ടിക്കാട്ടി. ആളുകൾ എല്ലാ ദിവസവും അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ അവർക്ക് അപ്‌ലോഡ് ചെയ്യാൻ കഴിയുന്നില്ല. തകരാറുകളുടെ ഒരു ലിസ്റ്റ് ഞാൻ തരാം. അത് പരിഹരിക്കട്ടെ – കപിൽ സിബൽ പറഞ്ഞു. എത്ര പേർ രജിസ്റ്റർ ചെയ്തുവെന്ന് കോടതി ചോദിച്ചപ്പോൾ, 10 ശതമാനം പേർ മാത്രമേ അത് ചെയ്തിട്ടുള്ളൂവെന്ന് സിബൽ വ്യക്തമാക്കി.
രജിസ്ട്രേഷൻ നിയമം 1929 മുതൽ നിലവിലുണ്ടെന്നും നിയമാനുസൃതമായി സമയപരിധി നിശ്ചയിച്ചിട്ടുള്ള സെക്ഷൻ 3 ബി യിൽ ഭേദഗതി വരുത്തണമെന്നാണ് അപേക്ഷകർ ആവശ്യപ്പെടുന്നതെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. നിയമത്തിൽ സമയപരിധി നീട്ടാൻ വ്യവസ്ഥ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
വഖഫുകളുടെ രജിസ്ട്രേഷനായി സമയപരിധി നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീൻ (എ ഐ എം ഐ എം.) നേതാവും ലോക്സഭാ അംഗവുമായ അസദുദ്ദീൻ ഒവൈസി ഉൾപ്പെടെ ആണ് കോടതിയെ സമീപിച്ചത്.
വാദങ്ങൾ കേട്ട ശേഷം, ട്രൈബ്യൂണൽ കേസ്-ടു-കേസ് അടിസ്ഥാനത്തിൽ തീരുമാനമെടുക്കുമെന്ന് വ്യക്തമാക്കിയ കോടതി, പോർട്ടലിന്റെ തകരാറുകൾക്ക് തെളിവ് നൽകണമെന്നും ഇപ്പോൾ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും പറഞ്ഞു.







