Aksharam Education
സ്കോളർഷിപ്പോടെ യു കെയിൽ പഠിക്കാം
മികച്ച പഠനത്തിനായി നിരവധി സ്കോളർഷിപ്പുകളും ഈ രാജ്യം വിദ്യാർഥികൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്
വിദേശ പഠനം സ്വപ്നം കാണുന്ന വിദ്യാർഥികളുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന രാജ്യമാണ് യു കെ. മികച്ച വിദ്യാഭ്യാസവും സൗഹാർദപരമായ ക്യാന്പസ് അന്തരീക്ഷവുമാണ് വിദ്യാർഥികളെ യു കെയിലേക്ക് പറക്കാൻ പ്രേരിപ്പിക്കുന്നത്. മികച്ച പഠനത്തിനായി നിരവധി സ്കോളർഷിപ്പുകളും ഈ രാജ്യം വിദ്യാർഥികൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്.
യു കെയിലെ വേഴ്സ്റ്റർ യൂനിവേഴ്‌സിറ്റി, ജനുവരിയിലെ ബിരുദാനന്തര ബിരുദ പഠനത്തിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. സ്‌കോളർഷിപ്പുകളും ആഗോള കരിയറുകൾക്ക് വിദ്യാർഥികളെ സജ്ജമാക്കാൻ ലക്ഷ്യമിട്ടുള്ള വിവിധ കോഴ്സുകളും വാഗ്‌ദാനം ചെയ്യുന്നു. ഇൻഡസ്ട്രിയൽ മേഖലയിലെ കോഴ്സുകൾക്ക് പ്രാധാന്യം നൽകിയാണ് കോഴ്സുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ജനുവരി സെഷനിൽ ചേരുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് 3,000 പൗണ്ട് (3.52 ലക്ഷം രൂപ) വരെ മെറിറ്റ് അധിഷ്ഠിത സ്‌കോളർഷിപ്പുകൾ ലഭിക്കും. കൂടാതെ ജനുവരി 31നകം ഫീസ് പൂർണമായും അടയ്ക്കുന്നവർക്ക് 500 പൗണ്ട് അധിക മുൻകൂർ പേയ്മെന്റ് കിഴിവും ലഭിക്കും.
ടൈംസ് ഹയർ എജ്യൂക്കേഷൻ യൂനിവേഴ്‌സിറ്റി ഓഫ് ദി ഇയർ 2025 അവാർഡിന്റെ അവസാന പട്ടകിയിൽ ഇടം പിടിച്ച യുനിവേഴ്സിറ്റിയാണ് വേഴ്സ്റ്റർ. വിദ്യാർഥി കേന്ദ്രീകൃത പഠനം, തൊഴിൽക്ഷമത, പ്രായോഗിക പരിശീലനം എന്നിവയിലാണ് യുനിവേഴ്സിറ്റി പ്രാധാന്യം നൽകുന്നത്.
കോഴ്സുകൾ
എം ബി എ, എം എസ്‌സി ഇന്റർനാഷനൽ ബിസിനസ്സ് മാനേജ്മെന്റ്, എം എസ്‌സി പ്രൊജക്ട് മാനേജ്മെന്റ്, എം എസ്‌സി ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, എം എസ്‌സി ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, എം എ എജ്യൂക്കേഷൻ തുടങ്ങിയ പ്രോഗ്രാമുകൾ സർവകലാശാല വാഗ്‌ദാനം ചെയ്യുന്നു. ഓരോ പ്രോഗ്രാമിലും 12 മാസത്തെ പ്രൊഫഷനൽ പ്ലേസ്മെന്റ് ഉൾപ്പെടുന്നു.
വേഴ്സ്റ്റർ യൂനിവേഴ്സിറ്റിയിൽ നിന്ന് പഠനം പൂർത്തീകരിക്കുന്ന 96 ശതമാനം ബിരുദധാരികൾക്കും 15 മാസത്തിനുള്ളിൽ ജോലി ലഭിക്കുന്നതായി ഗ്രാജ്വേറ്റ് ഔട്ട്കംസ് സർവേ നടത്തിയ പഠനത്തിൽ പറയുന്നു. വിമർശനാത്മകമായി ചിന്തിക്കാനും ആഗോളതലത്തിൽ പ്രവർത്തിക്കാനും കഴിയുന്ന ബിരുദധാരികളെ വാർത്തെടുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് സർവകലാശാല ഡെപ്യൂട്ടി പ്രോ വൈസ്-ചാൻസലർ (ഇന്റർനാഷനൽ ആൻഡ് എക്‌സ്റ്റേണൽ അഫയേഴ്സ്) നിക്ക് സ്ലേഡ് പറയുന്നു.
സ്‌കോളർഷിപ്പുകൾ, കോഴ്സ് വിശദാംശങ്ങൾ, ജനുവരിയിലെ പ്രവേശന പ്രക്രിയ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് വിദ്യാർഥികൾക്ക് സർവകലാശാലയുടെ ഔദ്യോ ഗിക വെബ്സൈറ്റായ https://www.worcester.ac.uk സന്ദർശിക്കാം.







