local body election 2025
തിരൂരങ്ങാടി നഗരസഭയിൽ വിമതയായി പാര്‍ട്ടിയെ തോല്‍പ്പിച്ച് തുടക്കം; ഇടക്കാലത്ത് പാർട്ടി അംഗം, വീണ്ടും വിമത
2010ൽ പാര്‍ട്ടി സീറ്റ് നൽകാത്തതിനെ തുടർന്ന് ലീഗ് കോട്ടയായ സ്വന്തം വാർഡിൽ വിമതയായി മത്സരിച്ച് ലീഗിനെ തപറ്റിച്ച് വിജയം നേടി.
തിരൂരങ്ങാടി | നഗരസഭ 25ാം ഡിവിഷനിൽ ലീഗ് വിമതയായി മത്സരിക്കുന്ന നഗരസഭാ ഉപാധ്യക്ഷ കാലൊടി സുലൈഖയുടെ രാഷ്ട്രീയ തുടക്കം പാർട്ടിയെ വെല്ലുവിളിച്ചു കൊണ്ടെങ്കിൽ 15 വർഷത്തിന് ശേഷം വീണ്ടും അതേ പാതയിൽ. വനിതാ ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറിയും നഗരസഭാ ഉപാധ്യക്ഷയുമായ സുലൈഖ ഇപ്പോൾ അങ്കത്തിനിറങ്ങിയിട്ടുള്ളത് മുസ്്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി എം എ സലാമിന്റെ ഡിവിഷനിലാണെന്ന പ്രത്യേകതയുമുണ്ട്.
2010ൽ പാര്‍ട്ടി സീറ്റ് നൽകാത്തതിനെ തുടർന്ന് ലീഗ് കോട്ടയായ സ്വന്തം വാർഡിൽ വിമതയായി മത്സരിച്ച് ലീഗിനെ തപറ്റിച്ച് വിജയം നേടി. എന്നാൽ ഒരു വർഷത്തിന് ശേഷം നഗരസഭയില്‍ ലീഗും കോൺഗ്രസ്സും തെറ്റുകയും
കോൺഗ്രസ്സ് വനിതാ അംഗമായിരുന്ന പൂങ്ങാടൻ ഫാത്വിമയെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അവിശ്വാസത്തിലൂടെ പുറത്താക്കുകയും ചെയ്തു. ലീഗിന് മറ്റു വനിതാ അംഗങ്ങൾ ഇല്ലാത്തതിനെ തുടർന്ന് വൈസ് പ്രസിഡന്റ് പദവി വാഗ്ദാനം ചെയ്ത് അവരെ ലീഗിലേക്ക് തന്നെ തിരിച്ചെത്തിക്കുകയും വൈസ് പ്രസിഡന്റാക്കുകയും ചെയ്തു. പിന്നീട് ലോകസഭ തിരഞ്ഞെടുപ്പ് വന്നതോടെ വൈസ് പ്രസിഡന്റ് പദവി കോണ്‍ഗ്രസ്സിന് തന്നെ തിരികെ നല്‍കി.
2015 ൽ സുലെെഖ ഈ വാർഡിൽ ലീഗ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചു. പക്ഷേ പാർട്ടി സ്ഥാനങ്ങളൊന്നും നൽകിയില്ല. 2020ൽ തൊട്ടടുത്ത ഡിവിഷനായ പി എം എ സലാമിന്റെ വാർഡിൽ ലീഗ് സ്ഥാനാർഥിയായി മത്സരിച്ചു 219 വോട്ടിന് വിജയിച്ചു. നഗരസഭാ ഉപാധ്യക്ഷ സ്ഥാനം രണ്ടര വർഷം കോൺഗ്രസ്സിന് നൽകി. അതിന് ശേഷം മുൻധാരണ പ്രകാരം കോൺഗ്രസ്സിൽ നിന്ന് ഈ സ്ഥാനം തിരിച്ചു വാങ്ങി സുലൈഖക്ക് നൽകി.
എന്നാൽ ഈ പ്രാവശ്യം സുലൈഖയുടെ പേര് നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്ക് പറയപ്പെട്ടിരുന്നു. പിന്നീട് പാർട്ടിയിലെ ചില ചരടുവലികൾക്കൊടുവിൽ അത് അട്ടിമറിക്കപ്പെട്ടുവത്രെ. ഇതേ തുടർന്നാണ് കാലൊടി സുലൈഖ ഇവിടെ തന്നെ ലീഗിന് വിമതയായി മത്സരിക്കാൻ തീരുമാനിച്ചത്. സുലൈഖയ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി അറിയിപ്പ് വന്നിരുന്നു. ഇവർക്കെതിരെ അപരയെ ഇറക്കിയാണ് ലീഗ് അവസാന അടവും പയറ്റുന്നത്.
നഗരസഭയിലെ നിലവിലെ കൗൺസിലർ സി പി ഹബീബയാണ് ഇവിടെ ലീഗിന്റെ സ്ഥാനാർഥി. ഇടത് പക്ഷം നേതൃത്വം നൽകുന്ന ടീം പോസിറ്റീവിന്റെ സ്ഥാനാർഥിയും സുലൈഖ തന്നെ. ഡിവിഷൻ കൗൺസിലറും നഗരസഭാ ഉപാധ്യക്ഷയുമായ സുലൈഖയുടെ സ്ഥാനാർഥിത്വം ലീഗിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തിയിട്ടുള്ളത്.
കുട ചിഹ്നമാണ് ടീം പോസിറ്റീവിന്റെ ഒട്ടുമിക്ക സ്ഥാനാർഥികൾക്കും ഉള്ളത്. എന്നാൽ ഇവിടെ ഈ ചിഹ്നത്തിന് അപര സ്ഥാനാർഥിയും അവകാശവാദം ഉന്നയിച്ചതോടെ നറുക്കിടുകയായിരുന്നു. നറുക്കെടുപ്പിൽ അപരക്ക് ഈ ചിഹ്നം ലഭിച്ചതോടെ കാലൊടി സുലൈഖ മൊബൈൽ ഫോൺ ചിഹ്നം സ്വീകരിക്കുകയായിരുന്നു.ഈ വാർഡിലെ വോട്ടർമാർ തന്റെ കൂടെയാണെന്നും താൻ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ അനുഭവിക്കുന്ന നാട്ടുകാർ തനിക്ക് വോട്ടുചെയ്യുമെന്നുമാണ് സുലൈഖയുടെ ആത്മവിശ്വാസം.







