local body election 2025
വാര്‍ഡില്‍ നിന്ന് നിയമസഭയിലേക്ക്; ഇവർ പടിപടിയായി ജയിച്ചുകയറിയവർ
തദ്ദേശകളത്തില്‍ പയറ്റിയാണ് മലപ്പുറം ജില്ലയിലെ 16 എം എല്‍ എമാരില്‍ 12 പേരും പാര്‍ലിമെന്ററി രാഷ്ട്രീയം തുടങ്ങിയത്.
മലപ്പുറം | പടിപടിയായി കയറണം, അതിന് തദ്ദേശത്തില്‍ നിന്നും തുടങ്ങണം. ഇവിടെ നിന്ന് ജയിച്ച് തുടങ്ങി എം എല്‍ എയും എം പിയും ആകണം. ആ സ്വപനം കണ്ട് വാര്‍ഡില്‍ മത്സരിക്കണം. അങ്ങിനെ മത്സരിച്ച് ജനപ്രതിനിധികളായവരാണ് ജില്ലയിലെ 16 എം എല്‍ എമാരില്‍ 12 പേരും. എല്ലാവരും മുന്‍ തദ്ദേശ ജനപ്രതിനിധികള്‍.
തദ്ദേശകളത്തില്‍ പയറ്റിയാണ് ഇവരെല്ലാവരും പാര്‍ലിമെന്ററി രാഷ്ട്രീയം തുടങ്ങിയത്. മലപ്പുറത്തെ ഏക മന്ത്രി വി അബ്ദുര്‍റഹ്മാന്‍ മുന്പ് തിരൂര്‍ നഗരസഭാ ഉപാധ്യക്ഷനായിരുന്നു. പി കെ കുഞ്ഞാലിക്കുട്ടിയും കെ ടി ജലീലും തദ്ദേശ വകുപ്പിന്റെ തന്നെ മന്ത്രിമാരായിട്ടുണ്ട്. അബ്ദുര്‍റഹ്മാന്‍ കോണ്‍ഗ്രസ്സ് പ്രതിനിധിയായാണ് നഗരസഭാ ഉപാധ്യക്ഷനായത്. കെ ടി ജലീല്‍ മുസ്‌ലിം ലീഗ് അംഗമായാണ് തദ്ദേശ ജനപ്രതിനിധിയായത്.
പി കെ കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ ഷൗക്കത്ത്, യു എ ലത്വീഫ് എന്നിവര്‍ നഗരസഭാധ്യക്ഷന്റെ കസേരയില്‍ ഇരുന്നവരാണ്. കുഞ്ഞാലിക്കുട്ടി 27-ാം വയസ്സിലാണ് മലപ്പുറം നഗരസഭാ അധ്യക്ഷനായത്. ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂര്‍ പഞ്ചായത്തിന്റെയും പ്രസിഡന്റായിരുന്നു. പി കെ ബഷീര്‍, പി അബ്ദുല്‍ ഹമീദ്, കെ കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവരും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരാണ്.
ടി വി ഇബ്‌റാഹീമും കുറുക്കോളി മൊയ്തീനും ബ്ലോക്ക് പഞ്ചായത്തിലും പ്രസിഡന്റുമാരായി. കെ ടി ജലീല്‍, പി ഉബൈദുല്ല പി കെ ബഷീര്‍, ടി വി ഇബ്‌റാഹീം, നജീബ് കാന്തപുരം, കുറുക്കോളി മൊയ്തീന്‍ എന്നിവര്‍ മുന്പ് ജില്ലാ പഞ്ചായത്ത് അംഗങ്ങളായിരുന്നു. 2010-ല്‍ സംസ്ഥാനത്തെ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ നജീബ് കാന്തപുരം കോഴിക്കോട്ടെ ഉണ്ണികുളം പഞ്ചായത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.







