local body election 2025
താരാട്ടുപാടിയ മാതാവിന് വോട്ടുപാട്ടുമായി മക്കൾ
പാട്ടിന്റെ മാധുര്യം മാതാവിന് വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് മക്കൾ.
കാളികാവ് | സ്ഥാനാർഥിയായ മാതാവിന് വേണ്ടി പാട്ടുപാടി ഗായകരായ മക്കൾ ശ്രദ്ധേയരാകുകയാണ്. അടക്കാക്കുണ്ട് പാറശ്ശേരിയിലെ ഗായകൻ ആശിഖും സഹോദരി ഫാത്വിമ ഫിദാനയുമാണ് മാതാവ് ഫസ്‌ലക്ക് വേണ്ടി വോട്ട് തേടി പാട്ടുരംഗത്തിറങ്ങിയത്. പാട്ടിന്റെ മാധുര്യം മാതാവിന് വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് മക്കൾ.
കാളികാവ് പഞ്ചായത്ത് 11-ാം വാർഡിൽ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർഥി ഫസ്‌ല അസീസിനാണ് മക്കൾ വോട്ട് അഭ്യർഥനക്ക് പാട്ടുമായി രംഗത്തു വന്നത്. ഗാനാലാപന രംഗത്ത് ചെറുപ്രായത്തിൽ തന്നെ മികവ് തെളിയിച്ച അടക്കാക്കുണ്ട് പാറശ്ശേരിയിലെ ഭിന്നശേഷിക്കാരനായ ഗായകൻ ആശിഖും സഹോദരി ഫാത്വിമ ഫിദാനയുമാണ് മാതാവിന് വോട്ടു തേടി പാട്ടുരംഗത്തിറങ്ങിയത്. ആൽബങ്ങളിലും പ്രമുഖ ചാനലുകളിലും സ്കൂൾ, യൂനിവേഴ്സിറ്റി കലോത്സവങ്ങളിലും മറ്റുമായി ഒട്ടേറെ പാട്ടുകൾ പാടിയ കലാകാരനാണ് ആശിഖ്. ഏഴാം വയസ്സുമുതൽ ഗാനാലാപന രംഗത്ത് തിളങ്ങി ഒട്ടേറെ ബഹുമതികളും അദ്ദേഹം നേടിയിട്ടുണ്ട്. രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിയായ ഫാത്വമ ഫിദാനയും ശബ്ദ മാധുര്യത്തിൽ അനുഗൃഹീതയാണ്.
മാതാവിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ടപ്പോഴാണ് പുതിയ ആശയവുമായി മക്കൾ രംഗത്ത് വന്നത്. ആശിഖിന്റെ സുഹൃത്തും ഗാന രചയിതാവുമായ സുഹൈൽ അരീക്കോടാണ് ഗാനം രചിച്ചത്. രണ്ടുപേരും ചേർന്ന് പാടിയ പാട്ട് ഇതിനകം സാമൂഹിക മാധ്യമങ്ങളിൽ തരംഗമായിട്ടുണ്ട്. പുറ്റാണിക്കാടൻ അസീസിന്റെ ഭാര്യയായ ഫസ്്ല കൈപ്പത്തി ചിഹ്നത്തിൽ പാറശ്ശേരിയിലാണ് മത്സരിക്കുന്നത്.






