Editors Pick
രഹനാസ് ജവാലമ്പ്ര: പ്രപഞ്ച രഹസ്യങ്ങള്‍ കണ്ടെത്തി രഹനയും സംഘവും
സ്പെയിനിലെ സി ഇ എഫ് സി എ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. രഹനയുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയ നെബുലക്ക് നൽകിയിരിക്കുന്ന പേര് ‘രാ-ജാവ്’ (രഹനാസ് ജവാലമ്പ്ര) എന്നാണ്.
എടക്കര | പ്രപഞ്ചത്തിന്റെ രഹസ്യങ്ങള്‍ ലോകത്തിന് മുന്നില്‍ കണ്ടെത്തി വിസ്മയിപ്പിച്ചിരിക്കുകയാണ് മലപ്പുറത്തുകാരി ഡോ. രഹന പയ്യശ്ശേരി. പ്രപഞ്ചത്തിന് ഇന്നുള്ളതിന്റെ 20 ശതമാനം മാത്രം പ്രായമുണ്ടായിരുന്ന അതായത് 1100 കോടി പ്രകാശവർഷം മുമ്പുള്ള കാഴ്ചയായ ഭീമൻ നെബുലയെ (വാതകമേഘം)യാണ് രഹന ലോകത്തിന് മുന്നില്‍ കണ്ടെത്തിയിരിക്കുന്നത്.
സ്പെയിനിലെ സി ഇ എഫ് സി എ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. രഹനയുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയ നെബുലക്ക് നൽകിയിരിക്കുന്ന പേര് ‘രാ-ജാവ്’ (രഹനാസ് ജവാലമ്പ്ര) എന്നാണ്. സ്പെയിൻ, ബ്രസീൽ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ 32 ഗവേഷകരാണ് രഹനയുടെ നേതൃത്വത്തിലുള്ള ശാസ്ത്രസംഘത്തിലുണ്ടായിരുന്നത്. രഹനയുടെ പേരിലെ ‘ര’യും പഠനം നടത്തിയ ജവാലമ്പ്ര ഒബ്സർവേറ്ററിയുടെ ‘ജ’യും ചേർത്താണ് ഈ പേര് നൽകിയിരിക്കുന്നത്.
ഇത് ഏകദേശം 11 ബില്യൺ പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. ‘ഇനോർമസ് ലൈമാൻ ആൽഫ നെബുല’ എന്ന വിഭാഗത്തിൽപ്പെടുന്ന, പ്രപഞ്ചത്തിൽ വളരെ അപൂർവമായി മാത്രം കാണുന്ന ഭീമൻ നെബുലയാണിത്. രാജാവിന് ഏകദേശം 413,000 പ്രകാശവർഷം വ്യാസമുണ്ട്, അല്ലെങ്കിൽ ക്ഷീരപഥത്തിന്റെ നക്ഷത്ര ഡിസ്കിന്റെ ഏകദേശം നാലിരട്ടി വ്യാസമുണ്ട്. രാജാവ് നെബുലയിൽ ലോഹ സമ്പുഷ്ടമായ വാതകം അടങ്ങിയിട്ടുണ്ടെന്ന് കാണിക്കുന്നു.
നമ്മുടെ താരാപഥമായ ക്ഷീരപഥത്തിന്റെ നാലിരട്ടി വിസ്തൃതിയുണ്ട് രാജാവിന്. ഹൈഡ്രജനും ഹീലിയവും കൂടാതെ, ലോഹസമ്പുഷ്ടമായ വാതകങ്ങൾ ഇതിലുണ്ടെന്നും രഹനയും സംഘവും കണ്ടെത്തിയിട്ടുണ്ട്. ജവാലമ്പ്ര ആസ്ട്രോഫിസിക്സിക്കൽ ഒബ്സർവേറ്ററിയിലെ അത്യാധുനിക ടെലസ്കോപ്പുകൾ നൽകിയ ഡേറ്റ വിശകലനം ചെയ്താണ് രഹന ഈ നേട്ടത്തിലേക്ക് എത്തിയത്.
ചുങ്കത്തറ തച്ചംങ്കോട് പയ്യശ്ശേരി തണ്ടുപാക്കൽ ഉസ്മാന്റെയും റംലത്തിന്റെയും മകളാണ് ഈ യുവശാസ്ത്രജ്ഞ. ചുങ്കത്തറ മാർത്തോമ കോളജിലെ ബിരുദപഠനത്തിനുശേഷം കോട്ടയം എം ജി സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദം നേടി. തുടർന്ന് ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിൽനിന്ന് പി എച്ച് ഡിയും കരസ്ഥമാക്കി. ചൈനയിലെ ഷാങ്ഹായ് ആസ്ട്രോണമിക്കൽ ഒബ്സർവേറ്ററിയിൽ ഗവേഷണം നടത്തിയശേഷമാണ് രഹന സ്പെയിനിലെത്തിയത്. ഇപ്പോള്‍ സ്പെയിനിലെ സി ഇ എഫ് സി എ -ൽ പോസ്റ്റ്ഡോക്ടറൽ ഫെലോ ആണ്.
ഒരു സ്പാനിഷ്-ബ്രസീലിയൻ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സ്ഥാപനമായ ജെ പാസില്‍ 2021-ൽ രഹന ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. ഈ സ്ഥാപനത്തിലെ ഏക ഇന്ത്യക്കാരിയാണ് അവർ.






