Kerala
സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തിദിനങ്ങൾ അഞ്ചാക്കാൻ ആലോചന; വെള്ളിയാഴ്ച സുപ്രധാന യാേഗം
സര്‍വീസ് സംഘടനകളുടെ യോഗം ഡിസംബർ അഞ്ചിന്
തിരുവനന്തപുരം| സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തിദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചാക്കാൻ ആലോചന . ഇതിന്റെ ഭാഗമായി സർക്കാർ സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ചു. ചീഫ് സെക്രട്ടറി ഓണ്‍ലൈനായി വിളിച്ച യോഗം ഡിസംബർ അഞ്ചിന് ചേരും.
ഭരണപരിഷ്‌കര കമ്മീഷനും ശമ്പളപരിഷ്‌കരണ കമ്മീഷനും പ്രവൃത്തിദിനം ആറില്‍ നിന്ന് അഞ്ചാക്കാന്‍ ശുപാര്‍ശ നല്‍കിയിരുന്നു. പ്രവൃത്തിദിനങ്ങള്‍ കുറയുന്നതിന് പകരമായി ഒരു മണിക്കൂര്‍ ജോലിസമയം കൂട്ടണമെന്നും നിര്‍ദേശമുണ്ട്.
മുമ്പ് മാസത്തിലെ രണ്ടാം ശനിയോടൊപ്പം നാലാം ശനിയും അവധിയാക്കാൻ ആലോചന ഉണ്ടായിരുന്നു. എന്നാല്‍ ജീവനക്കാരുടെ കാഷ്വല്‍ ലീവ് കുറയ്ക്കണമെന്ന് ഉപാധി വെച്ചതോടെയാണ് സര്‍വീസ് സംഘടനകളുടെ എതിര്‍പ്പുണ്ടയത്. അതില്‍ നിന്ന് വ്യത്യസ്തമായതാണ് പുതിയ ശിപാര്‍ശ. മാസത്തിലെ എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും അവധിയാക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ നിര്‍ദേശം.
നിലവില്‍ ഏഴ് മണിക്കൂറാണ് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനസമയം. നഗരങ്ങളില്‍ 10.15 മുതല്‍ വൈകീട്ട് 5.15 വരെയും മറ്റു ഇടങ്ങളില്‍ 10 മുതല്‍ അഞ്ച് വരെയും ആണ് പ്രവൃത്തി സമയം. ഇത് മാറ്റുകയാണെങ്കില്‍ 10.15 ന് തുടങ്ങുന്ന ഓഫീസുകള്‍ 9.15-നോ 9.30-നോ ആരംഭിക്കുകയും വൈകുന്നേരം 5.30 അല്ലെങ്കില്‍ 5.45 വരെ പ്രവര്‍ത്തിക്കുകയും വേണം.






