Kerala
യു ഡി എഫിലെ വിമത ഭീഷണി; പത്തനംതിട്ടയില്‍ 10 പേരെ കൂടി കോണ്‍ഗ്രസ് പുറത്താക്കി
ഇതോടെ ആകെ പുറത്താക്കിയവരുടെ എണ്ണം 22 ആയി ഉയര്‍ന്നു
പത്തനംതിട്ട | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരേ കോണ്‍ഗ്രസില്‍ വിമത ഭീഷണിയില്‍ വീണ്ടും നടപടി. ഇതിനെ തുടര്‍ന്ന് 10 പേരെ കൂടി പ്രാഥമിക അംഗത്വത്തില്‍ നിന്നും കോണ്‍ഗ്രസ് പുറത്താക്കി. നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുന്ന പ്രാദേശിക നേതാക്കളടക്കം ഒരു ഡസന്‍ പേരെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. ഇതോടെ ആകെ പുറത്താക്കിയവരുടെ എണ്ണം 22 ആയി ഉയര്‍ന്നു.
സിറ്റിങ് അംഗങ്ങളടക്കമുള്ളവരാണ് പുറത്താക്കപ്പെട്ടവര്‍. യു ഡി എഫ് ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വിമത സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്ന മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ നാഗൂര്‍ മീരാന്‍ (വാര്‍ഡ്-7, കിഴക്കുപുറം), കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ പ്രമോദ് കുമാര്‍ (വാര്‍ഡ്-3), കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ എസ് പി സജന്‍ (വാര്‍ഡ്-5), റോയി പൂതേത്ത് (വാര്‍ഡ്-3), പത്തനംതിട്ട നഗരസഭയിലെ ആനി സജി (വാര്‍ഡ്-24), ബിബിന്‍ ബേബി (വാര്‍ഡ്-16), കടപ്ര ഗ്രാമപഞ്ചായത്ത് 1-ാം വാര്‍ഡിലെ വിമതരായ ഷാജി മാത്യു, വി.കെ. മധു, 2-ാം വാര്‍ഡിലെ വിമത സ്ഥാനാര്‍ത്ഥി ജെസ്സി മോഹന്‍, തിരുവല്ല നഗരസഭയിലെ ബിജോയി കുരിശുംമ്മൂട്ടില്‍ (വാര്‍ഡ്-3) എന്നിവരെയാണ് നിലവില്‍ ആറ് വര്‍ഷത്തേക്ക് ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതെന്ന് ഡി സി സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ അറിയിച്ചു.






