Connect with us

National

പാക്കിസ്ഥാന് ചാരവൃത്തി: ബ്രഹ്മോസ് ശാസ്ത്രജ്ഞൻ നിശാന്ത് അഗർവാളിനെതിരായ പ്രധാന കുറ്റങ്ങൾ റദ്ദാക്കി; ഉടൻ മോചിതനാകും

രാജ്യത്തിന്റെ ശത്രുക്കൾക്ക് രഹസ്യ വിവരങ്ങൾ കൈമാറാൻ ഐ ടി. സംവിധാനങ്ങൾ ഉപയോഗിച്ചെന്ന കേസിൽ കീഴ്ക്കോടതി നേരത്തെ അഗർവാളിന് 14 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു

Published

|

Last Updated

നാഗ്പൂർ | പാകിസ്ഥാൻ ഇന്റലിജൻസ് ഏജന്റുമാർക്ക് പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന കേസിൽ അറസ്റ്റിലായ ബ്രഹ്മോസ് എയ്‌റോസ്‌പേസ് ലിമിറ്റഡ് ശാസ്ത്രജ്ഞൻ നിശാന്ത് അഗർവാളിനെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങൾ കോടതി റദ്ദാക്കി. ഇൻഫർമേഷൻ ടെക്നോളജി ആക്ട് (ഐ ടി. ആക്ട്), ഔദ്യോഗിക രഹസ്യ നിയമം (ഒ എസ് എ.) എന്നിവ പ്രകാരമുള്ള ഗുരുതരമായ കുറ്റങ്ങളിൽ നിന്നാണ് അദ്ദേഹത്തെ ഒഴിവാക്കിയത്.

രാജ്യത്തിന്റെ ശത്രുക്കൾക്ക് രഹസ്യ വിവരങ്ങൾ കൈമാറാൻ ഐ ടി. സംവിധാനങ്ങൾ ഉപയോഗിച്ചെന്ന കേസിൽ കീഴ്ക്കോടതി നേരത്തെ അഗർവാളിന് 14 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാൽ, സുപ്രധാനമായ ഈ കേസിൽ അദ്ദേഹത്തെ പ്രധാന കുറ്റങ്ങളിൽ നിന്ന് ഉയർന്ന കോടതി ഇപ്പോൾ ഒഴിവാക്കിയിരിക്കുകയാണ്.

ഔദ്യോഗിക രേഖകൾ സ്വന്തം ഉപകരണത്തിൽ സൂക്ഷിച്ച കുറ്റം മാത്രമാണ് കോടതി ശരിവെച്ചത്. ഇതിന് കീഴ്ക്കോടതി മൂന്ന് വർഷത്തെ തടവാണ് വിധിച്ചിരുന്നത്. തടങ്കലിൽ കഴിഞ്ഞ കാലയളവിൽ ഈ ശിക്ഷ പൂർത്തിയാക്കിയതിനാൽ അഗർവാളിന് ഉടൻ മോചിതനാകാൻ അർഹതയുണ്ട്.

ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് എയ്‌റോസ്‌പേസ് ലിമിറ്റഡിന്റെ (ബി എ പി എൽ.) സാങ്കേതിക ഗവേഷണ വിഭാഗത്തിൽ ജോലി ചെയ്യുന്നതിനിടെ 2018 ഒക്ടോബറിലാണ് സൈനിക ഇന്റലിജൻസും (എം ഐ.) ഉത്തർപ്രദേശ്, മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡും (എ ടി എസ്) സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ അഗർവാൾ അറസ്റ്റിലായത്.

യുകെയിലെ റിക്രൂട്ടറായി ചമഞ്ഞ് ‘സെജൽ’ എന്ന പാകിസ്ഥാൻ ചാരനുമായി ലിങ്ക്ഡ്ഇൻ വഴി അഗർവാൾ ബന്ധപ്പെട്ടിരുന്നു. സെജലിന്റെ നിർദ്ദേശപ്രകാരം അദ്ദേഹം ക്യൂവിസ്പർ, ചാറ്റ് ടു ഹയർ, എക്സ്-ട്രസ്റ്റ് എന്നിങ്ങനെ മൂന്ന് മാൽവെയർ ആപ്പുകൾ തന്റെ വ്യക്തിപരമായ ലാപ്ടോപ്പിൽ ഇൻസ്റ്റാൾ ചെയ്തു. ഇതുവഴി വിവരങ്ങൾ ചോർന്നുവെന്നാണ് പരാതി.

ബി എ പി എൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് ബ്രഹ്മോസ് മിസൈലുമായി ബന്ധപ്പെട്ട നിർണായക രേഖകൾ അദ്ദേഹത്തിന്റെ സ്വകാര്യ കമ്പ്യൂട്ടറുകളിൽ കണ്ടെത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.

Latest