Editors Pick
മൂന്നാറിലെ വയലറ്റ് വസന്തം കഥാവശേഷമാകുന്നു
ഒന്നേകാല്‍ നൂറ്റാണ്ട് മുമ്പ് മൂന്നാറില്‍ തേയില കൃഷിക്കെത്തിയ ബ്രിട്ടിഷുകാരാണ് തേയിലകള്‍ക്കിടയിലും പാതയോരങ്ങളിലും സ്വന്തം നാട്ടില്‍ നിന്നെത്തിച്ച ജക്രാന്ത മരങ്ങള്‍ വച്ചുപിടിപ്പിച്ചത്.
ഇടുക്കി | ബ്രിട്ടണില്‍ നിന്നും എത്തി മൂന്നാറിനെ സുന്ദരിയാക്കിയിരുന്ന ജക്രാന്ത മരങ്ങള്‍ നാശത്തിലേക്ക്. ഒരു നൂറ്റാണ്ടിലധികം മൂന്നാറിന്റെ പാതയോരങ്ങളെ നീലപ്പൂക്കളാല്‍ അലങ്കരിച്ചിരുന്ന ജക്രാന്ത മരങ്ങള്‍ (നീല വാക) പലതും ഓര്‍മയാകുന്നു. കൊച്ചി- ധനുഷ്‌കോടി ദേശീയപാത വികസനത്തിന് വീതി കൂട്ടല്‍ പണികള്‍ ഊര്‍ജിതമായതോടെയാണ് രണ്ടാം മൈല്‍ മുതല്‍ മൂന്നാര്‍ വരെയുള്ള പാതയോരത്തെ നീല വാകമരങ്ങള്‍ ഭൂരിഭാഗവും മുറിച്ചുനീക്കാന്‍ തുടങ്ങിയത്.
ഒന്നേകാല്‍ നൂറ്റാണ്ട് മുമ്പ് മൂന്നാറില്‍ തേയില കൃഷിക്കെത്തിയ ബ്രിട്ടിഷുകാരാണ് തേയിലകള്‍ക്കിടയിലും പാതയോരങ്ങളിലും സ്വന്തം നാട്ടില്‍ നിന്നെത്തിച്ച ജക്രാന്ത മരങ്ങള്‍ വച്ചുപിടിപ്പിച്ചത്. തണലിനും അലങ്കാരത്തിനുമായി വച്ചുപിടിപ്പിച്ച ഇവയില്‍ കൂടുതലും സംരക്ഷണമില്ലാത്തതിനാല്‍ നശിച്ചു പോയിരുന്നു.
രണ്ടാം മൈല്‍ മുതല്‍ രാമസ്വാമി അയ്യര്‍ ഹെഡ് വര്‍ക്സ് ഡാം വരെയും മൂന്നാര്‍ -മറയൂര്‍ റൂട്ടിലുമാണ് കുറച്ചു മരങ്ങള്‍ ശേഷിക്കുന്നത്. ഇതില്‍ രണ്ടാം മൈല്‍ മുതല്‍ ഹെഡ് വര്‍ക്സ് വരെയുള്ള ഭാഗത്തെ മരങ്ങളാണ് മുറിച്ചു മാറ്റുന്നത്. ഡിസംബറില്‍ ഇലകള്‍ പൊഴിയുന്ന മരങ്ങളില്‍ ഫെബ്രുവരി അവസാനം മുതല്‍ പൂവിടാന്‍ തുടങ്ങും. ഏപ്രില്‍ അവസാനം വരെ പൂക്കള്‍ നിലനില്‍ക്കും.
മധ്യവേനലവധി ആഘോഷിക്കാനായി മൂന്നാറിലേക്ക് വരുന്ന സഞ്ചാരികള്‍ക്ക് പാതയോരങ്ങളില്‍ പൂത്തു നില്‍ക്കുന്ന വയലറ്റ് വസന്തത്തിന്റെ കാഴ്ച മനോഹരമായിരുന്നു. പരീക്ഷക്കാലത്ത് പൂക്കുന്നതിനാല്‍ പ്രദേശവാസികള്‍ പരീക്ഷ മരമെന്നാണ് ഇതിനെ വിളിക്കുന്നത്. വയലറ്റ് പാനിക് എന്ന പേരിലും അറിയപ്പെടുന്നു.






