National
എസ് ഐ ആർ നുഴഞ്ഞുകയറ്റക്കാരെ ജനാധിപത്യ പ്രക്രിയയിൽ നിന്ന് അകറ്റിനിർത്താനാണെന്ന് പ്രധാനമന്ത്രി
അസമിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും വികസനത്തെ കോൺഗ്രസ് പതിറ്റാണ്ടുകളായി അവഗണിച്ചുവെന്നും വോട്ട് ബാങ്ക് ലക്ഷ്യമിട്ട് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിച്ചുവെന്നും പ്രധാനമന്ത്രി ആരോപിച്ചു.
ഗുവഹാത്തി | തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന പ്രത്യേക വോട്ടർപട്ടിക പുതുക്കൽ നുഴഞ്ഞുകയറ്റക്കാരെ ജനാധിപത്യ പ്രക്രിയയിൽ നിന്ന് അകറ്റിനിർത്താനാണെന്ന് പ്രധാനമന്ത്രി. കോൺഗ്രസ് ഭരണകാലത്ത് വനഭൂമിയും കൃഷിഭൂമിയും കൈയേറാൻ നുഴഞ്ഞുകയറ്റക്കാർക്ക് അനുവാദം നൽകിയെന്നും ഇത് അസമിന്റെ സുരക്ഷയ്ക്കും അസ്തിത്വത്തിനും ഭീഷണിയായെന്നും മോദി ആരോപിച്ചു. ഗുവാഹത്തി വിമാനത്താവളത്തിലെ പുതിയ ടെർമിനൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസമിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും വികസനത്തെ കോൺഗ്രസ് പതിറ്റാണ്ടുകളായി അവഗണിച്ചുവെന്നും വോട്ട് ബാങ്ക് ലക്ഷ്യമിട്ട് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിച്ചുവെന്നും പ്രധാനമന്ത്രി ആരോപിച്ചു. രാജ്യദ്രോഹികൾ നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും എന്നാൽ കേന്ദ്ര സർക്കാർ ഇത് തടയാൻ കർശന നടപടികൾ സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വ്യക്തമാക്കി. ബി ജെ പി സർക്കാർ അധികാരത്തിലെത്തിയതോടെ മുൻ സർക്കാരുകൾ വരുത്തിയ പിഴവുകൾ തിരുത്തി വടക്കുകിഴക്കൻ മേഖലയെ ഇന്ത്യയുടെ വികസന കവാടമായി മാറ്റുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈകുന്നേരം ഗുവാഹത്തിയിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വൻ റോഡ്ഷോ നടന്നു. അർജുൻ ഭോഗേശ്വർ ബറുവ സ്‌പോർട്‌സ് കോംപ്ലക്‌സിന് പുറത്തുനിന്ന് ആരംഭിച്ച് ബസിസ്ത ചരിലിയാലിയിലെ ബി ജെ പി സംസ്ഥാന ആസ്ഥാനത്താണ് റോഡ്ഷോ അവസാനിച്ചത്. അസമിന്റെ ആദ്യ മുഖ്യമന്ത്രി ഗോപിനാഥ് ബോർഡോലോയിയുടെ പ്രതിമയും അദ്ദേഹം അനാച്ഛാദനം ചെയ്തു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ബി ജെ പി. സംസ്ഥാന നേതൃത്വവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.






