Connect with us

Kerala

നടന്‍ ശ്രീനിവാസന്റെ സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍

ഇന്ന് ഒരു മണി മുതല്‍ മൂന്ന് മണിവരെ എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനം

Published

|

Last Updated

കൊച്ചി|അന്തരിച്ച നടന്‍ ശ്രീനിവാസന്റെ സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് തൃപ്പൂണിത്തുറ കണ്ടനാട് വീട്ടുവളപ്പില്‍ നടക്കും. പൊതുദര്‍ശനം ഇന്ന് ഒരു മണി മുതല്‍ മൂന്ന് മണി വരെ എറണാകുളം ടൗണ്‍ ഹാളില്‍. രാവിലെ ഡയാലിസിസിനായി കൊച്ചിയിലെ അമൃത ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമാകുകയായിരുന്നു. തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മലയും മൃതദേഹം ഉദയംപേരൂരിലെ വീട്ടിലേക്കു കൊണ്ടുപോകും.

48 വര്‍ഷം നീണ്ട സിനിമാ ജീവിതത്തില്‍ ഇരുന്നുറിലേറെ ചിത്രങ്ങളില്‍ ശ്രീനിവാസ അഭിനയിച്ചിട്ടുണ്ട്. 1977ല്‍ പി എ ബക്കര് സംവിധാനം ചെയ്ത മണിമുഴക്കത്തിലൂടെയാണ് സിനിമയിലേയ്ക്ക് എത്തുന്നത്. ഓടരുതമ്മാവാ ആളറിയാം ആണ് അദ്ദേഹത്തിന്റെ ആദ്യ തിരക്കഥ. നര്‍മ്മത്തിനു പുതിയ ഭാവം നല്‍കിയ ശ്രീനിവാസന്‍ സ്വന്തം സിനിമകളിലൂടെ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ നര്‍മത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ചു.മദ്രാസിലെ ഫിലിം ചേംബര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സിനിമാ അഭിനയത്തില്‍ ഡിപ്ലോമ നേടിയിട്ടുണ്ട്. ആദ്യകാലത്ത് ശ്രീനിവാസന്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിച്ചിരുന്നു. സിനിമാ പഠനകാലത്ത് രജനികാന്ത് ശ്രീനിവാസന്റെ സഹപാഠിയായിരുന്നു.

മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വിയോഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. സിനിമയില്‍ നിലനിന്നു പോന്ന പല മാമൂലുകളെയും തകര്‍ത്തുകൊണ്ടാണ് ശ്രീനിവാസന്‍ ചുവടുവെച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചലച്ചിത്രത്തിന്റെ സമസ്ത രംഗങ്ങളിലും നായക സ്ഥാനത്ത് എത്തിയ പ്രതിഭയാണ് ശ്രീനിവാസന്‍. പച്ച മനുഷ്യന്റെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകനെ താന്‍ ഇച്ഛിക്കുന്ന ബോധ തലങ്ങളിലേക്ക് എത്തിക്കുന്നതിലും ഇതുപോലെ വിജയിച്ച ചലച്ചിത്രകാരന്മാര്‍ അധികമില്ല.

കണ്ണൂര്‍ ജില്ലയിലെ പാട്യത്ത് ജനിച്ചുവളര്‍ന്ന് സിനിമയോടുള്ള അഭിനിവേശം സ്വപ്രയത്നത്തിലൂടെ പ്രായോഗിക തലത്തില്‍ എത്തിച്ച ശ്രീനിവാസന്റെ ജീവിതം പരിശ്രമശാലികള്‍ക്കുള്ള പാഠപുസ്തകമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നടന്‍ ശ്രീനിവാസനെ അനുസ്മരിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഒന്നും പ്രതികരിക്കാന്‍ കഴിയാത്ത മാനസികാവസ്ഥയിലാണ്. എല്ലാ രണ്ടാഴ്ച്ച കൂടുമ്പോഴും ശ്രീനിവാസന്റെ വീട്ടില്‍ പോയി സമയം ചിലവഴിക്കുമായിരുന്നു. കഴിഞ്ഞ ദിവസം തന്നോട് ‘എനിക്ക് മതിയായി’ എന്ന് പറഞ്ഞിരുന്നു. എന്നാല്‍ അത് നോക്കിയിട്ട് കാര്യമില്ല, നമുക്ക് തിരിച്ചുവരാം എന്നാണ് അദ്ദേഹത്തോട് പറഞ്ഞതെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

 

 

Latest