Connect with us

Kerala

രാത്രിയില്‍ വിദ്യാര്‍ഥിനികള്‍ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിര്‍ത്തിയില്ല; കെ എസ് ആര്‍ ടി സി കണ്ടക്ടറെ സര്‍വീസില്‍ നിന്നും നീക്കി

കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ ഗുരുതര കൃത്യവിലോപം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Published

|

Last Updated

തൃശൂര്‍ |  രാത്രിയില്‍ വിദ്യാര്‍ഥിനികള്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ഇറക്കാതിരുന്ന സംഭവത്തില്‍ കെഎസ്ആര്‍ടിസി കണ്ടക്ടറെ സര്‍വീസില്‍ നിന്ന് നീക്കി. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ RPE 546 ബസിലെ കണ്ടക്ടര്‍ക്കെതിരെയാണ് നടപടി. കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ ഗുരുതര കൃത്യവിലോപം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇന്നലെ രാത്രിയിലാണ് നടപടിക്ക് ആസ്പദമായ സംഭവം. തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ RPE 546 സൂപ്പര്‍ ഫാസ്റ്റ് ബസില്‍ അങ്കമാലിക്കും മുരിങ്ങൂരിനും ഇടയ്ക്കുള്ള പൊങ്ങം എന്ന സ്ഥലത്താണ് വിദ്യാര്‍ഥിനികള്‍ക്ക് ഇറങ്ങേണ്ടിയിരുന്നത്. ഇറങ്ങേണ്ട സ്ഥലമെത്തിയപ്പോള്‍ ബസ് നിര്‍ത്തി തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും വിദ്യാര്‍ഥിനികളെ സ്റ്റോപ്പില്‍ ഇറക്കാതെ ചാലക്കുടി ബസ് സ്റ്റാന്‍ഡില്‍ ഇറക്കി വിട്ടു എന്നതാണ് പരാതി.

രാത്രികാലങ്ങളില്‍ വനിതാ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്റ്റോപ്പില്‍ ബസ് നിര്‍ത്തണം എന്ന ഉത്തരവ് നിലനില്‍ക്കെ കണ്ടക്ടറുടെ ഭാഗത്ത് നിന്ന് ഗുരുതരമായ കൃത്യവിലോപം ഉണ്ടായതായാണ് കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം കണ്ടെത്തി. തുടര്‍ന്ന് ഇയാളെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യുകയായിരുന്നു.

Latest