International
ചക്രക്കസേരയിലേറി ആദ്യ ബഹിരാകാശ യാത്ര; പുതുചരിത്രം കുറിച്ച് ബ്ലൂ ഒറിജിൻ
ശാരീരിക വെല്ലുവിളികൾ ബഹിരാകാശ യാത്രയ്ക്ക് തടസ്സമല്ലെന്ന് തെളിയിക്കുകയായിരുന്നു ഈ ദൗത്യത്തിന്റെ ലക്ഷ്യം
ടെക്സസ് | ലോക ബഹിരാകാശ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ. ചക്രക്കസേര ഉപയോഗിക്കുന്ന ഒരാൾ ആദ്യമായി ബഹിരാകാശ യാത്ര പൂർത്തിയാക്കി വിസ്മയം തീർത്തു. ജർമ്മൻ ഏറോസ്‌പേസ് എഞ്ചിനീയറായ മിഖായേല ‘മിച്ചി’ ബെന്റ്‌ഹോസ് ആണ് ഈ ചരിത്രനേട്ടം കൈവരിച്ചത്. ശനിയാഴ്ച വെസ്റ്റ് ടെക്സസിലെ ബ്ലൂ ഒറിജിൻ വിക്ഷേപണ കേന്ദ്രത്തിൽ നിന്നായിരുന്നു ന്യൂ ഷെപ്പാർഡ് എൻ എസ് 37 ദൗത്യം കുതിച്ചുയർന്നത്.
യൂറോപ്യൻ സ്പേസ് ഏജൻസിയിൽ ഉദ്യോഗസ്ഥയായ മിഖായേലയ്ക്ക് 2018 ലുണ്ടായ ഒരു അപകടത്തിലാണ് നട്ടെല്ലിന് പരിക്കേറ്റത്. ശാരീരിക വെല്ലുവിളികൾ ബഹിരാകാശ യാത്രയ്ക്ക് തടസ്സമല്ലെന്ന് തെളിയിക്കുകയായിരുന്നു ഈ ദൗത്യത്തിന്റെ ലക്ഷ്യം. മിഖായേലയ്ക്കൊപ്പം മറ്റ് അഞ്ച് യാത്രികരും സംഘത്തിലുണ്ടായിരുന്നു. ഭൂമിയിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ ഉയരത്തിലുള്ള കാർമൻ ലൈൻ മറികടന്ന പേടകം യാത്രികർക്ക് മിനിറ്റുകളോളം ശൂന്യാകാശത്തെ ഭാരമില്ലായ്മ അനുഭവിക്കാനും ഭൂമിയുടെ മനോഹരമായ കാഴ്ചകൾ കാണാനും അവസരമൊരുക്കി.
10-12 മിനിറ്റ് നീണ്ടുനിന്ന യാത്രയ്ക്ക് ശേഷം പേടകം സുരക്ഷിതമായി തിരിച്ചിറങ്ങി. സാങ്കേതിക തകരാറുകൾ കാരണം നേരത്തെ നിശ്ചയിച്ചിരുന്ന വിക്ഷേപണം രണ്ട് ദിവസം വൈകിയാണ് നടന്നത്. ബഹിരാകാശ വിനോദസഞ്ചാര മേഖലയിൽ ശാരീരിക വൈകല്യമുള്ളവർക്കും തുല്യ അവസരം നൽകണമെന്ന സന്ദേശമാണ് ഈ ദൗത്യം ലോകത്തിന് നൽകുന്നത്. ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പാർഡ് പേടകത്തിൽ ഇതുവരെ 86 പേർ ബഹിരാകാശ യാത്ര പൂർത്തിയാക്കി കഴിഞ്ഞു.






