Connect with us

National

ഗഗൻയാൻ ദൗത്യം: ഡ്രോഗ് പാരച്ചൂട്ടുകളുടെ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തീകരിച്ച് ഐ എസ് ആർ ഒ

ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അതിവേഗം തിരിച്ചിറങ്ങുന്ന ക്രൂ മോഡ്യൂളിന്റെ വേഗത കുറയ്ക്കാനും അതിനെ സ്ഥിരപ്പെടുത്താനുമാണ് ഡ്രോഗ് പാരഷൂട്ടുകൾ ഉപയോഗിക്കുന്നത്.

Published

|

Last Updated

ബെംഗളൂരു | ഗഗൻയാൻ ദൗത്യത്തിന്റെ സുപ്രധാന ഘട്ടമായ ഡ്രോഗ് പാരച്ചൂട്ടുകളുടെ പരീക്ഷണങ്ങൾ ഐ എസ് ആർ ഒ. വിജയകരമായി പൂർത്തിയാക്കി. ചണ്ഡീഗഡിലെ ഡി ആർ ഡി ഒ. ടെർമിനൽ ബാലിസ്റ്റിക്സ് റിസർച്ച് ലബോറട്ടറിയിൽ ഡിസംബർ 18, 19 തീയതികളിലായിരുന്നു പരീക്ഷണം. ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാന്റെ സുരക്ഷിതമായ തിരിച്ചിറക്കത്തിന് ഈ പാരച്ചൂട്ടുകൾ നിർണ്ണായകമാണ്.

ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അതിവേഗം തിരിച്ചിറങ്ങുന്ന ക്രൂ മോഡ്യൂളിന്റെ വേഗത കുറയ്ക്കാനും അതിനെ സ്ഥിരപ്പെടുത്താനുമാണ് ഡ്രോഗ് പാരഷൂട്ടുകൾ ഉപയോഗിക്കുന്നത്. പത്ത് പാരച്ചൂട്ടുകൾ അടങ്ങുന്ന സങ്കീർണ്ണമായ ഡിസെലറേഷൻ സംവിധാനമാണ് ഗഗൻയാൻ ദൗത്യത്തിനായി ഐ എസ് ആർ ഒ. സജ്ജീകരിച്ചിരിക്കുന്നത്. ക്രൂ മോഡ്യൂളിന്റെ കവചം മാറ്റുന്നതിനുള്ള പാരച്ചൂട്ടുകൾക്ക് പിന്നാലെയാണ് രണ്ട് ഡ്രോഗ് പാരഷൂട്ടുകൾ വിന്യസിക്കുക. ഇവ പേടകത്തിന്റെ വേഗത ഗണ്യമായി കുറയ്ക്കുകയും തുടർന്ന് മൂന്ന് പൈലറ്റ് പാരച്ചൂട്ടുകളും മൂന്ന് മെയിൻ പാരച്ചൂട്ടുകളും വിന്യസിച്ച് സുരക്ഷിതമായ ലാൻഡിംഗ് ഉറപ്പാക്കുകയും ചെയ്യും.

പ്രതികൂല സാഹചര്യങ്ങളിലും ഡ്രോഗ് പാരച്ചൂട്ടുകളുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനായിരുന്നു ഈ പരീക്ഷണങ്ങൾ. വിക്രം സാരാഭായ് സ്പേസ് സെന്റർ, ഡി ആർ ഡി ഒ. എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഈ നേട്ടം കൈവരിച്ചത്. 2026 ൽ നടക്കാനിരിക്കുന്ന ആദ്യ ആളില്ലാ ഗഗൻയാൻ വിക്ഷേപണത്തിന് മുന്നോടിയായിട്ടുള്ള വലിയൊരു ചുവടുവെപ്പാണിത്.

Latest