Connect with us

Travelogue

ദൗഅനിലെ ഗ്രാമക്കാഴ്ചകൾ

കേരളത്തിലെ മത വിദ്യാർഥികൾക്ക് വരെ ഏറെ സുപരിചിതനായ ഒരു ഗ്രന്ഥകാരൻ ദൗഅനിലെ രിബാത്വു ബാ അശനിൽ അന്ത്യവിശ്രമം കൊള്ളുന്നുണ്ട്. ജുമുഅ നിസ്‌കാര ശേഷം ഞങ്ങളവിടേക്കാണ് പോയത്. ശാഫിഈ കർമശാസ്ത്രത്തിലെ വിശ്രുത ഗ്രന്ഥമായ മുഖദ്ദിമതുൽ ഹള്‌റമിയ്യയുടെ ശർഹായ ബുശ്‌റുൽ കരീം എന്ന കിതാബിന്റെ രചയിതാവ് ശൈഖ് സഈദ് ബിൻ മുഹമ്മദ് ബാ അലി ബാ അശൻ എന്ന മഹാ ജ്ഞാനിയുടെ മഖ്ബറക്ക് മുന്നിലാണിപ്പോൾ ഞങ്ങളുള്ളത്.

Published

|

Last Updated

സന്ധ്യ മയങ്ങി. ഇരുട്ട് അരിച്ചിറങ്ങിത്തുടങ്ങിയിട്ടുണ്ട്. താഴ്്വരയിലെ ഒരു ഈന്തപ്പനത്തോട്ടത്തിന് സമാന്തരമായി നിലകൊള്ളുന്ന കെട്ടിടത്തിലാണ് ഞങ്ങൾക്ക് താമസമൊരുക്കിയിട്ടുള്ളത്. “അത്തവാസുൽ’ അറബി മാസികയുടെ ചീഫ് എഡിറ്ററും ചരിത്രപണ്ഡിതനുമായ ശൈഖ് മുനീർ സാലിം ബാ സുഹൈർ ഈ യാത്രയിൽ ഞങ്ങൾക്ക് ഗൈഡായി ദൗഅനിലെ രിബാത്വു ബാ അശനിലെത്തിയിരുന്നു. രിബാത്വു ബാ അശൻ എന്നത് ഈ താഴ്്വരയുടെ പേരാണെന്ന് അവിടെ എത്തുന്നത് വരെ എനിക്കറിയില്ലായിരുന്നു. വാദിന്നബി, വാദി ഹമൂദ, വാദി മലൂഹ് എന്നീ മൂന്ന് താഴ്്വരകളുടെ സംഗമഭൂമിയാണിത്. ഹിജ്‌റ ഏഴാം നൂറ്റാണ്ട് മുതൽ തന്നെ ബാ അശൻ ഗോത്രത്തിലെ പണ്ഡിതരുടെ നേതൃത്വത്തിൽ ഒരു വൈജ്ഞാനിക കേന്ദ്രമായി പ്രവർത്തിച്ചിരുന്ന നാടാണിത്. ഇന്നും അതിന്റെ പ്രതാപം മായാമുദ്രകളായി അവിടെ അവശേഷിക്കുന്നുണ്ട്.
ശൈഖ് ബാ സുഹൈർ ഞങ്ങളെയും കൂട്ടി അവിടെയുള്ള ഒരു പള്ളിയിലേക്ക് പോയി. നിസ്‌കാര ശേഷം അദ്ദേഹം അവിടെ കൂടിയവർക്ക് ഞങ്ങളെ പരിചയപ്പെടുത്തി. ഇന്ത്യയിൽ നിന്നും വന്നവരാണെന്നും ദാറുൽ മുസ്ത്വഫയിലെ വിദ്യാർഥികളാണെന്നും നിങ്ങളെ കാണാനും ഈ നാടിന്റെ പ്രതാപത്തെ അറിയാനുമൊക്കെയാണ് ഇവിടെ വന്നിരിക്കുന്നത് എന്ന് തുടങ്ങുന്ന പ്രസംഗം, തുടർന്ന് സദസ്സിനെ ആത്മീയ നിർവൃതിയിലേക്ക് ആനയിക്കുന്ന സംസാരങ്ങളിലൂടെയാണ് അദ്ദേഹം അവസാനിപ്പിച്ചത്. പരിപാടി കഴിഞ്ഞ് ഞങ്ങൾ പള്ളിയിൽ നിന്നിറങ്ങി. പുറത്ത് നേരിയ തണുപ്പാണ്. നിലാവിന്റെ മങ്ങിയ വെളിച്ചത്തിൽ ഉയർന്ന് നിൽക്കുന്ന ഈന്തപ്പനകൾക്കിടയിലൂടെ തണുത്ത കാറ്റ് ഇടക്കിടെ വീശിയടിക്കുന്നുണ്ട്. നിരത്തിൽ അങ്ങിങ്ങായി കത്തുന്ന സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ കണ്ട ഗ്രാമക്കാഴ്ചകൾക്ക് വ്യക്തത തീരെ കുറവായിരുന്നു. നേരം പുലർന്ന് പുതിയ കാഴ്ചകൾ കാണാമെന്ന് കരുതി വിശ്രമിക്കാനായി ഞങ്ങൾ താമസ സ്ഥലത്തെത്തി.

മനോഹരമായിരുന്നു ദൗഅനിലെ പുലർക്കാലക്കാഴ്ചകൾ. പ്രാതൽ കഴിച്ച് ഞങ്ങൾ നാട് കാണാനിറങ്ങി. ഈന്തപ്പനത്തോട്ടത്തിലേക്കാണ് ആദ്യം പോയത്. ഇപ്പോൾ ഈന്തപ്പഴം പൂക്കുന്ന കാലമല്ല. രണ്ട് മാസം കൂടി കഴിഞ്ഞാൽ കുളിരും തണുപ്പുമുള്ള വസന്തം വരും. ഈന്തപ്പനകളുടെ പ്രജനനകാലമാണത്. ആൺപനകളാണ് ആദ്യം കുലയ്ക്കുക. ഈ കുലകൾ തോട് പൊട്ടി വിടരുന്നതിന് മുമ്പേ മുറിച്ചെടുക്കും. അവ പെൺപനകളുടെ പൂക്കുലകൾക്കുള്ളിൽ തിരുകിവെക്കണം. പിന്നീട് അവ പഴുത്ത് പാകമാകാൻ കടുത്ത വേനൽ വരണം. തീ പാറുന്ന ചൂടിൽ അവ പറിച്ചെടുക്കും. പനകൾക്കിടയിൽ ഉയരമുള്ള സ്ഥലത്ത് നിന്നാൽ താഴ്്വരയുടെ കാഴ്ചകൾ ആസ്വദിക്കാം. ദൂരെ മലനിരകൾ നിവർന്നു കിടക്കുന്നു. ഈന്തപ്പനകളും കുറ്റിച്ചെടികളും തിങ്ങിയ സ്ഥലത്ത് ഒരു വെളുത്ത അടയാളം കണ്ടു. മലനിരകളിൽ നിന്ന് പനകൾക്കിടയിലൂടെ ജനവാസ കേന്ദ്രങ്ങൾ വരെ നീളുന്ന ഒന്ന്. ഒരു നിരത്തുപോലെയുണ്ട്. ഇടക്കിടെ മലവെള്ളം കുത്തിയിറങ്ങുന്ന പ്രദേശമാണിതെന്ന് ആ നാട്ടുകാർ പറഞ്ഞു. അതിന്റെ അടയാളമാണ് ഈ വെളുത്ത വെള്ളാരംകല്ലുപാത. വേനലിൽ നിരത്തായി ഉപയോഗിക്കാം. മലകളിലേക്കുള്ള പാതയായി അതിങ്ങനെ നീണ്ടുകിടക്കും. അതിന് സമാന്തരമായി കുത്തനെയുള്ള താഴ്്വരകളും കൂറ്റൻ മലനിരകളും മനോഹരമായ കാഴ്ചയാണ്. അവിടെ പൊതുനിരത്തവസാനിക്കുന്നിടത്ത് ഞങ്ങൾ കുറച്ച് പടമെടുക്കാൻ നിന്നു.

നിരത്തുകളിൽ കഴുതകൾ വിലസുകയാണ്. ദൗഅൻ ഗ്രാമവാസികൾ ഇത്രമേൽ അവയോട് ഇഴകിച്ചേർന്നിരിക്കുന്നു. ചിലയിടങ്ങളിൽ യാത്രക്കും മറ്റു ആവശ്യങ്ങൾക്കുമായി കഴുതകളെ വാടകക്ക് നൽകുന്ന കേന്ദ്രങ്ങളുമുണ്ട്. വാഹനത്തിൽ യാത്ര ചെയ്യാൻ കഴിയാത്ത ഊടുവഴികളിലും മലമ്പാതകളിലും അവരുടെ ഗതാഗത മാർഗമാണിത്. താഴ്്വരയിൽ നിരന്നിരിക്കുന്ന തേനറകളാണ് ഗ്രാമത്തിലെ മറ്റൊരു കാഴ്ച. അന്താരാഷ്ട്ര വിപണിയിൽ ഏറെ ഡിമാന്റുള്ള ദൗഅനിലെ തേൻ ഇവരുടെ മുഖ്യ വരുമാനമാർഗമാണ്. മലനിരകളുടെ താഴ്്വാരങ്ങളിലും സിദ്‌റ് മരങ്ങളുടെ ചുവട്ടിലും ചിട്ടയോടെ നിരത്തി വെച്ചിരിക്കുന്ന തേനീച്ചക്കൂടുകൾ ഇവിടേക്കുള്ള യാത്രയിലെ രസമുള്ള കാഴ്ചയായിരുന്നു. “സിദ്‌റ് തേൻ’ എന്നും ഇവ അറിയപ്പെടുന്നുണ്ട്. മറ്റു തേനുകളിൽ നിന്നും വ്യത്യസ്തമായി നല്ല ഗുണനിലവാരമുള്ള ലോകത്തിലെ ഏറ്റവും ചെലവ് കൂടിയ തേനുകളിലൊന്നാണിത്. വർഷത്തിൽ പ്രത്യേക സമയങ്ങളിൽ മാത്രമാണ് ഇവ ഉത്പാദിപ്പിക്കുന്നത് എന്നതാണ് പ്രധാന കാരണം.

വെള്ളിയാഴ്ച ദിവസമാണ്. ഇന്ന് രാത്രി തന്നെ ദാറുൽ മുസ്ത്വഫയിൽ തിരിച്ചെത്തണം. അതിന് മുമ്പ് സന്ദർശിക്കേണ്ട സ്ഥലങ്ങൾ ഞങ്ങൾക്ക് നിർദേശിച്ചു തന്നിട്ടുണ്ട്.
കേരളത്തിലെ മത വിദ്യാർഥികൾക്ക് വരെ ഏറെ സുപരിചിതനായ ഒരു ഗ്രന്ഥകാരൻ ദൗഅനിലെ രിബാത്വു ബാ അശനിൽ അന്ത്യവിശ്രമം കൊള്ളുന്നുണ്ട്. ജുമുഅ നിസ്‌കാര ശേഷം ഞങ്ങളവിടേക്കാണ് പോയത്. ശാഫിഈ കർമശാസ്ത്രത്തിലെ വിശ്രുത ഗ്രന്ഥമായ മുഖദ്ദിമതുൽ ഹള്‌റമിയ്യയുടെ ശർഹായ ബുശ്‌റുൽ കരീം എന്ന കിതാബിന്റെ രചയിതാവ് ശൈഖ് സഈദ് ബിൻ മുഹമ്മദ് ബാ അലി ബാ അശൻ എന്ന മഹാ ജ്ഞാനിയുടെ മഖ്ബറക്ക് മുന്നിലാണിപ്പോൾ ഞങ്ങളുള്ളത്.


ബാ അശൻ ഖബീലയിൽ പെട്ട ശാഫിഈ കർമശാസ്ത്ര പണ്ഡിതനാണ് ശൈഖ് സഈദ് ബാ അശൻ. ഹളർമൗത്തിലെ പഠനത്തിന് ശേഷം ഉപരിപഠനത്തിനായി അദ്ദേഹം ഈജിപ്തിലെത്തുകയും അവിടെയുള്ള പണ്ഡിതരിൽ നിന്നും കൂടുതൽ വിജ്ഞാനം നേടുകയും ചെയ്തു. അബ്ദുല്ലാഹി ശർഖാവി, ഇബ്‌റാഹീം അൽ ബാജൂരി തുടങ്ങിയ മിസ്രി ജ്ഞാനികളാണ് അദ്ദേഹത്തിന് കർമശാസ്ത്ര മേഖലയിലേക്കുള്ള കവാടം തുറന്ന് കൊടുത്തത്. ബുശ്‌റുൽ കരീം എന്നതിന് പുറമെ അൽ മവാഹിബു സനിയ്യ, സുല്ലമുത്വുല്ലാബ്, തുഹ്ഫതുസ്സനിയ്യ, മിഫ്താഹു സആദ തുടങ്ങി ഒട്ടേറെ ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. എ ഡി 1854ലാണ് അദ്ദേഹം വിടവാങ്ങിയത്.
മടക്കയാത്രയിൽ, വിദൂരതയിൽ കണ്ട ഒരു തുരുത്ത് ഞങ്ങളെ അത്ഭുതപ്പെടുത്തി. മനോഹരമായ മരുപ്പച്ചകളാൽ ചുറ്റപ്പെട്ട കൂറ്റൻ മലയോരത്ത് ഭീമാകാരമായ പാറക്കെട്ടിന് മുകളിൽ ഒരു ഗ്രാമം രൂപപ്പെടുത്തിയിരിക്കുന്നു..! അഞ്ഞൂറ് വർഷത്തിലധികം പഴക്കമുള്ള “ഹൈദുൽ ജസീൽ’ എന്ന ഗ്രാമമാണത്. താഴ്്വരയിൽ നിന്ന് ഏകദേശം മുന്നൂറ് അടി മുകളിലുള്ള ഇവിടേക്ക് കയറാൻ പാറയിൽ കൊത്തിയെടുത്ത ചവിട്ടുപടികളാണുള്ളത്. ചെങ്കുത്തായ സ്ഥലങ്ങളിലൂടെ വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന ഈ പാത ഏകദേശം ആയിരം മീറ്റർ വരും. ഇരുന്നൂറ് വർഷം പഴക്കമുള്ള മുപ്പതിലധികം വീടുകൾ ഇപ്പോഴും ഈ ഗ്രാമത്തിലുണ്ടെന്നതാണ് ഏറെ കൗതുകം. കഴിഞ്ഞ കാലങ്ങളിൽ ഒട്ടേറെ കുടുംബങ്ങൾ താമസിച്ചിരുന്ന ഈ ഗ്രാമത്തിൽ നിന്ന് ഇപ്പോൾ പലരും ഹളർമൗത്തിലെ പ്രധാന പട്ടണമായ മുകല്ലയിലെ, അറബിക്കടലിന്റെ തീരത്തേക്ക് കുടിയേറിയിട്ടുണ്ട്.

ഹുദൂനിലൂടെയാണ് ഞങ്ങൾക്ക് മടങ്ങേണ്ടത്. പൗരാണികത മുറ്റിനിൽക്കുന്ന ഗ്രാമമാണിത്. ഇസ്്ലാമിക ചരിത്രത്തിൽ കഴിഞ്ഞുപോയ ലക്ഷക്കണക്കിന് പ്രവാചകരിൽ ഹൂദ് നബി (അ)ന്റെ മകൻ ഹാദൂൻ നബി (അ) യുടെ ഖബർ ഇവിടെയാണ്. ഹളർമൗത്തിൽ ആകെ ആറ് നബിമാരുടെ ഖബറുകളുണ്ടെന്നാണ് ചരിത്രം. ഗ്രാമഭംഗി ആസ്വദിച്ച് ഞങ്ങൾ യാത്ര തുടർന്നു. മടക്കയാത്രയിൽ ഞങ്ങൾ ഖൈദൂനിലും ഇറങ്ങി. മനോഹരമായ ഗ്രാമമാണ് ഖൈദൂൻ. വിവിധയിനം കൃഷികളും ഈന്തപ്പനത്തോട്ടവും ഗ്രാമത്തിന്റെ ഭംഗി കൂട്ടിയിരിക്കുന്നു. വിദൂരതയിൽ മലനിരകളിൽ നിന്നൊഴുകുന്ന നീർച്ചാലുകൾ താഴ്്വാരത്ത് ജലാശയം രൂപപ്പെടുത്തിയിട്ടുണ്ട്. മഴ വരുന്നതോടെ ഇവ മലവെള്ളച്ചാട്ടമായി ഗ്രാമത്തിലൂടെ കുത്തിയൊഴുകും. ഇവ പരമാവധി സംഭരിക്കുകയും കൃഷി ആവശ്യങ്ങൾക്ക് അവർ ഉപയോഗിക്കുകയും ചെയ്യും. തരീമിൽ അന്ത്യവിശ്രമം കൊള്ളുന്ന ഫഖീഹുൽ മുഖദ്ദം ശൈഖ് മുഹമ്മദ് ബിൻ അലി ബാ അലവി (റ) ന്റെ ശിഷ്യനും ദൗഅനിലെ സൂഫി ഗുരുവുമായ ശൈഖ് സഈദ് ഈസ അമൂദി അന്ത്യവിശ്രമം കൊള്ളുന്നത് ഖൈദൂനിലാണ്. മഖാമിനോട് ചേർന്ന് മഹാന്റെ പേരിൽ ജുമുഅ മസ്ജിദും സ്ഥിതി ചെയ്യുന്നുണ്ട്. അവിസ്മരണീയമായ യാത്രക്ക് വിരാമമിട്ട് വൈകുന്നേരത്തോടെ ഞങ്ങൾ ക്യാമ്പസിലേക്ക് മടങ്ങി.

Latest