Kerala
യു ഡി എഫ് അധികാരത്തില്‍ എത്തിയാല്‍ ആദ്യം നാമജപ കേസുകള്‍ പിന്‍വലിക്കും; കേരളം ഭരിക്കുന്നത് കമിഴ്ന്ന് വീണാല്‍ കല്‍പ്പണം കക്കുന്നവര്‍: വി ഡി സതീശന്‍
ദേവസ്വം മന്ത്രിയും ബോര്‍ഡും അറിഞ്ഞാണ് എല്ലാം നടന്നതെന്നും വിഡി സതീശന്‍

പത്തനംതിട്ട | അടുത്ത തവണ യുഡിഎഫ് 100ല്‍ അധികം സീറ്റുകളുമായി ഭരണത്തിലെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 2026ല്‍ ഏപ്രില്‍ മാസത്തില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ യുഡിഎഫ് നൂറിലധികം സീറ്റുകളുമായി അധികാരത്തില്‍ വരും. ആദ്യത്തെ മാസം തന്നെ നാമജപ കേസുകള്‍ പിന്‍വലിക്കുമെന്ന് എല്ലാ നേതാക്കള്‍ക്കും വേണ്ടി താന്‍ വാക്കുനല്‍കുന്നുവെന്ന് സതീശന്‍ പറഞ്ഞു. പന്തളത്ത് യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ സംഗമത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
്ഭഗവാന്റെ സ്വര്‍ണം കക്കുന്ന സര്‍ക്കാരാണ് കേരത്തിലുള്ളത്. അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ അടുത്ത ബന്ധമാണ് ഉള്ളത്. തനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞ കടകംപള്ളിക്ക് പോറ്റിയെ അറിയില്ലെന്ന് പറയാനാകുമോയെന്നും സതീശന്‍ ചോദിച്ചു.
ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയില്ലെന്ന് കടകംപള്ളി പറയട്ടെ, കള്ളന്മാര്‍ നടത്തിയ കളവ് ആരും അറിഞ്ഞില്ല എങ്കില്‍ അവര്‍ വീണ്ടും കക്കാന്‍ പോകും. ദേവസ്വം മന്ത്രിയും ബോര്‍ഡും അറിഞ്ഞാണ് എല്ലാം നടന്നതെന്നും വിഡി സതീശന്‍ ആരോപിച്ചു. ആരാണ് എല്ലാം അടിച്ചു മാറ്റിയത് എന്ന് മുഖ്യമന്ത്രിക്ക് അറിയാം. ഏറ്റുമാനൂരിലും കൊള്ള നടന്നു. കമഴ്ന്നു വീണാല്‍ കല്‍പ്പണവുമായി പോകുന്ന കൊള്ളക്കാരാണ് ഭരിക്കുന്നത്. കവര്‍ച്ച ചെയ്തതെല്ലാം അയ്യപ്പ സന്നിധിയില്‍ തിരിച്ചെത്തും വരെ സമരം ചെയ്യുമെന്നും വി ഡി സതീശന്‍ പറഞ്ഞു