Kerala
ഉന്നതങ്ങള്‍ കീഴടക്കാന്‍ ഏത് സാഹചര്യങ്ങളെയും അതിജീവിക്കാന്‍ കഴിയണം: ഡോ. ശക്കീല്‍ അഹ്മദ് ഐ എ എസ്
മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന വിഷണറി ടോകില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം

നോളജ് സിറ്റി | കുടുംബത്തിലെയും വീട്ടിലെയും സാഹചര്യങ്ങള്‍ എന്താണെങ്കിലും ഉറച്ച ലക്ഷ്യവും കഠിനപരിശ്രമവും വഴി ഉന്നതങ്ങള്‍ കീഴടക്കാന്‍ കഴിയുമെന്ന് മേഘാലയ ചീഫ് സെക്രട്ടറി ഡോ. ശക്കീല്‍ അഹ്മദ് ഐ എ എസ് പറഞ്ഞു. ഹില്‍സിനായി ഐ എ എസ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന വിഷണറി ടോകില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസപരമായ യാതൊരു പാരമ്പര്യവുമില്ലാത്ത തനിക്ക് നേരിട്ട വെല്ലുവിളികളെയെല്ലാം അതിജീവിക്കാനും സിവില്‍ സര്‍വീസ് എന്ന സ്വപ്നത്തിലേക്ക് നടന്നെത്താനും കഠിനാധ്വാനത്തിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കൃത്യമായി ലക്ഷ്യബോധത്തോടെ പരിശ്രമിച്ചപ്പോള്‍ സമൂഹത്തിലെ ചിലരില്‍ നിന്ന് തനിക്ക് ലഭിച്ച പിന്തുണ നിങ്ങള്‍ക്ക് കൂടി ലഭ്യമാക്കുമെന്നും അദ്ദേഹം വിദ്യാര്‍ഥികള്‍ക്ക് ഉറപ്പുനല്‍കി.
മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി അധ്യക്ഷത വഹിച്ചു. സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ്, പ്രൊഫ. ഡോ. സയ്യിദ് നിസാം റഹ്മാന്‍, മുഹമ്മദ് ശാഫ് നൂറാനി, പ്രൊഫ. ജോസഫ് സംസാരിച്ചു. നോളജ് സിറ്റിയിലെയും പരിസര പ്രദേശത്തെയും വിവിധ സ്‌കൂളുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളുമായാണ് ശക്കീല്‍ അഹ്മദ് സംവദിച്ചത്. കുട്ടികളുടെ വിവിധങ്ങളായ സംശയങ്ങള്‍ക്ക് അദ്ദേഹം കൃത്യമായ മറുപടിയും നല്‍കി.