Kerala
ഒടുവിൽ അനുനയനം; പിണക്കം വിട്ട് മുരളീധരൻ; വിശ്വാസ സംരക്ഷണ സംഗമത്തിൽ പങ്കെടുക്കും
സംസ്ഥാന കോൺഗ്രസ് കമ്മിറ്റിയിലെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് താൻ നിർദേശിച്ച പേര് പരിഗണിക്കാത്തതാണ് മുരളീധരന്റെ അതൃപ്തിക്ക് കാരണമായത്.

തിരുവനന്തപുരം | കെ പി സി സി പുനഃസംഘടനയെച്ചൊല്ലിയുള്ള അതൃപ്തിക്കൊടുവിൽ കോൺഗ്രസ് നേതാവ് കെ മുരളീധരനെ അനുനയിപ്പിച്ച് കെ പി സി സി നേതൃത്വം. കോൺഗ്രസ് സംഘടിപ്പിക്കുന്ന വിശ്വാസ സംരക്ഷണ സംഗമത്തിലും പദയാത്രയിലും അദ്ദേഹം പങ്കെടുക്കും. കെ പി സി സി നേതൃത്വം നേരിട്ട് ഇടപെട്ട് നടത്തിയ ചർച്ചകൾക്കൊടുവിലാണ് മുരളീധരൻ നിലപാട് മാറ്റിയത്. ഗുരുവായൂരിൽനിന്ന് അദ്ദേഹം പരിപാടി നടക്കുന്ന ചെങ്ങന്നൂരിലേക്ക് യാത്രതിരിച്ചു.
സംസ്ഥാന കോൺഗ്രസ് കമ്മിറ്റിയിലെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് താൻ നിർദേശിച്ച പേര് പരിഗണിക്കാത്തതാണ് മുരളീധരന്റെ അതൃപ്തിക്ക് കാരണമായത്. ഇതിനെത്തുടർന്ന്, വിശ്വാസ സംരക്ഷണ മേഖലാ ജാഥകൾ ചെങ്ങന്നൂരിൽ സമാപിച്ചതിന് പിന്നാലെ അദ്ദേഹം ഗുരുവായൂരിലേക്ക് പോകുകയും, പ്രധാന പരിപാടികളിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇത് പാർട്ടിക്കുള്ളിൽ വലിയ ചർച്ചാവിഷയമായി.
തുടർന്ന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുരളീധരനുമായി സംസാരിക്കുകയും, പ്രശ്നം പരിഹരിക്കാൻ ഇടപെടുകയും ചെയ്തു. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും ഉടൻ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ട്. ഈ അനുരഞ്ജന നീക്കങ്ങളെത്തുടർന്നാണ് മുരളീധരൻ പരിപാടിയിൽ പങ്കെടുക്കാമെന്ന് അറിയിച്ചത്.
59 ജനറൽ സെക്രട്ടറിമാരുള്ള നിലവിലെ കെ പി സി സി. പട്ടികയിൽ മുരളീധരൻ നിർദേശിച്ചയാളെക്കൂടി ഉൾപ്പെടുത്തി അദ്ദേഹത്തെ അനുനയിപ്പിച്ചേക്കുമെന്നാണ് സൂചന. കെ.എം. ഹാരിസിന്റെ പേരാണ് മുരളീധരന്‍ നിര്‍ദേശിച്ചിരുന്നത്.