Kerala
പാരഡി പാട്ടിനെതിരെ പരാതി നല്‍കിയതില്‍ ബന്ധമില്ലെന്ന് തിരുവാഭരണ പാത സംരക്ഷണ സമതി
ആരെയും സംരക്ഷിക്കാനും വെള്ള പൂശാനും വേണ്ടിയല്ല ഈ സംഘടന രൂപീകരിച്ചതെന്നും അഡ്വ. കെ ഹരിദാസ് പറഞ്ഞു.
പത്തനംതിട്ട | ശബരിമല തിരുവാഭരണ പാത സംരക്ഷണ സമിതി ഭാരവാഹി എന്ന നിലയില്‍ പ്രസാദ് കുഴിക്കാല, വിവാദ പാരഡി ഗാനത്തിനെതിരെ നല്‍കിയ പരാതിയുമായി ബന്ധപ്പട്ട്, തിരുവാഭരണ പാത സംരക്ഷണ സമിതിക്ക് യാതൊരു ബന്ധമില്ലെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി ചെയര്‍മാന്‍ അഡ്വ. കെ ഹരിദാസ് ജനറല്‍ കണ്‍വീനര്‍ ജീ രജീഷ് എന്നിവര്‍ പത്തനംതിട്ടയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ശബരിമല ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ കട്ടിളയും ദ്വാരപാലക ശില്‍പ്പങ്ങളിലെ പാളികളും അടക്കം മോഷ്ടിച്ച സംഭവത്തിനെതിരെ പോലും പ്രതിഷേധിക്കാതെ, കുറ്റക്കാര്‍ക്കെതിരെ ഒരു വാക്ക് പോലും മിണ്ടാതെ, ആരൊ എഴുതിയ ഒരു പാരഡിക്കെതിരെ നിയമ നടപടി സ്വീകരിക്കും എന്ന് പറയുന്നത് എന്തിന് വേണ്ടിയാണെന്നും ഭാരവാഹികള്‍ ചോദിച്ചു. കമ്മുണിസ്റ്റ് പാര്‍ട്ടി പാരഡി ഗാനത്തിനെതിരെ പരാതി നല്‍കിയതിന് തൊട്ട് പിന്നാലെ ശബരിമല തിരുവാഭരപാത സംരക്ഷണ സമിതി ഭാരവാഹി എന്ന പേരില്‍, പരാതി നല്‍കുകയും പത്രപ്രസ്താവന നടത്തിയതും വിശ്വാസത്തെ സംരക്ഷിക്കാനോ. ക്ഷേത്രത്തെ സംരക്ഷിക്കാനോ അല്ല, മറിച്ച് കൊള്ള നടത്തിയവരെ സംരക്ഷിക്കാനും, വെള്ള പൂശാനും വേണ്ടിയാണെന്നും അഡ്വ. കെ ഹരിദാസ് ആരോപിച്ചു.
തിരുവാഭരണ പാതയെ സംരക്ഷിക്കുന്നതിനായി രംഗത്തുള്ളത് ഭക്തജനങ്ങളുടെ ഒരു കൂട്ടായ്മയാണ്. അങ്ങനെയാണ് ശബരിമല തിരുവാഭരണ സംരക്ഷണ സമിതി രൂപീകരിച്ചത്. അല്ലാതെ ആരെയും സംരക്ഷിക്കാനും വെള്ള പൂശാനും വേണ്ടിയല്ല ഈ സംഘടന രൂപീകരിച്ചതെന്നും അഡ്വ. കെ ഹരിദാസ് പറഞ്ഞു.
പാരഡി ഗാനത്തെ അനുകൂലിക്കുകയല്ല. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണത്തില്‍ ശബരിമലയില്‍ നടന്ന കൊള്ള തുറന്നു കാട്ടുന്ന ഗാനം കേരളം മുഴുവന്‍ ഏറ്റെടുത്തതാണ്. നിയമപരമായി ഒരു പാരഡി എഴുതാന്‍ ആര്‍ക്കും അവകാശമുണ്ട്. കൊള്ളയെ തുറന്ന് കാട്ടുന്ന ഒരു പാട്ടിനെ എന്തടിസ്ഥാനത്തില്‍ നിരോധിക്കും എന്ന് മനസിലാകുന്നില്ല. നിയമ പ്രകാരം പരാതിക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നാണ്. തന്റെ നിയമത്തെപ്പറ്റിയുള്ള അറിവിന്റെ അടിസ്ഥാനത്തില്‍ പറയാന്‍ കഴിയുന്നതെന്നും,, മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അഡ്വ. കെ ഹരിദാസ് പറഞ്ഞു.





