Kerala
പാനൂരിലെ അക്രമ സംഭവങ്ങള്‍; ഒളിവില്‍ പോയ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കര്‍ണാടകയില്‍ പിടിയില്‍
കേസിന് പിറകെ കര്‍ണാടകയിലേക്കു കടന്ന പ്രതികളെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു
കണ്ണൂര്‍ | പാനൂരില്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതികളായ അഞ്ച് പേര്‍ കൂടി പിടിയില്‍. കര്‍ണാടകയിലെ മൈസുരുവില്‍ നിന്നുമാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. സംഘര്‍ഷത്തില്‍ പോലീസ് വാഹനം തകര്‍ക്കുകയും മുസ്ലിം ലീഗ് ഓഫീസ് ആക്രമിക്കുകയും വടിവാള്‍ ഉയര്‍ത്തി ഭീഷണി ഉയര്‍ത്തുകയും ചെയ്ത സംഘത്തില്‍പ്പെട്ടവരാണ് അറസ്റ്റിലായത്.
പാറാട്ട് മൊട്ടേമ്മല്‍ ശരത്ത് (29), കുങ്കിച്ചീന്റവിട അതുല്‍ (32), പുത്തൂര്‍ കല്ലായിന്റവിട അശ്വന്ത് (25), പട്ടര്‍ വലിയത്ത് ശ്രീജിന്‍ (24), ശ്രുതിലയത്തില്‍ ശ്രേയസ് (26) എന്നിവരെയാണ് കൂത്തുപറമ്പ് എസിപി എം.പി. ആസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മൈസൂര്‍ ബോഘാടിയയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
കേസിന് പിറകെ കര്‍ണാടകയിലേക്കു കടന്ന പ്രതികളെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പ്രതികളെ വിശദമായി ചോദ്യംചെയ്തശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് കസ്റ്റഡിയില്‍ വാങ്ങി ആയുധങ്ങള്‍ കണ്ടെടുക്കുകയും തെളിവെടുപ്പു നടത്തുകയും ചെയ്യുമെന്നു പോലീസ് അറിയിച്ചു.
തെരഞ്ഞെടുപ്പുഫലം വന്ന ദിവസം ആഹ്ലാദപ്രകടനത്തിനിടെയാണു പാറാട്ട് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. മുഖ്യപ്രതി ശരത്ത് വടിവാളുമായി ഒരു വീട്ടില്‍ അതിക്രമിച്ചു കയറുകയും ഗൃഹനാഥനു നേരെ വാളുയര്‍ത്തുകയും ചെയ്യുന്ന ചിത്രം പുറത്തു വന്നിരുന്നു.
സംഭവത്തില്‍ സിപിഎമ്മുകാരായ ജീവന്‍ (30), റനീഷ് (31), ശ്രീജു (30), സച്ചിന്‍ (32) എന്നിവരെയാണ് നേരത്തെ കൊളവല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേയാണു പോലീസ് കേസെടുത്തിരിക്കുന്നത്.
പാറാട്ടെ അക്രമത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരേയും പോലീസ് കേസെടുക്കുകയും പ്രതികള്‍ക്കായി റെയ്ഡ് നടത്തുകയും ചെയ്തു.



