Connect with us

Kerala

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ തിരുവനന്തപുരത്തെ വീട്ടിൽ പരിശോധന

മോഷണം പോയ സ്വർണം എവിടെയാണ് ഒളിപ്പിച്ചതെന്നതുൾപ്പെടെയുള്ള പ്രധാന ചോദ്യങ്ങൾക്ക് പോറ്റി വ്യക്തമായ മറുപടി നൽകാത്ത സാഹചര്യത്തിലാണ് എസ് ഐ ടി നടപടി.

Published

|

Last Updated

തിരുവനന്തപുരം | ശബരിമലയിലെ സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ തിരുവനന്തപുരത്തെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി.) പരിശോധന നടത്തുന്നു. ക്രൈംബ്രാഞ്ച് ഓഫീസിലെ ചോദ്യം ചെയ്യലിന് സമാന്തരമായാണ് റെയ്ഡ് നടക്കുന്നത്. മോഷണം പോയ സ്വർണം എവിടെയാണ് ഒളിപ്പിച്ചതെന്നതുൾപ്പെടെയുള്ള പ്രധാന ചോദ്യങ്ങൾക്ക് പോറ്റി വ്യക്തമായ മറുപടി നൽകാത്ത സാഹചര്യത്തിലാണ് എസ് ഐ ടി നടപടി.

വിശ്വാസവഞ്ചനയിലൂടെ പോറ്റി ശബരിമലയിൽനിന്ന് രണ്ട് കിലോ സ്വർണം മോഷ്ടിച്ചതായി റിമാൻഡ് റിപ്പോർട്ടിൽ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, തട്ടിയെടുത്ത സ്വർണത്തിന് എന്തു സംഭവിച്ചു എന്നതിൽ വ്യക്തത ഇല്ല. ഹൈദരാബാദുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് പോറ്റി കൃത്യമായ മറുപടി നൽകിയിരുന്നില്ല.

2019-ൽ സന്നിധാനത്ത് നിന്ന് കൊണ്ടുപോയ സ്വർണ്ണപ്പാളി 39 ദിവസമാണ് ഹൈദരാബാദിൽ സൂക്ഷിച്ചത്. സ്വർണ്ണപ്പാളി പൂജിക്കാൻ കൊണ്ടുപോയതാണെന്ന പോറ്റിയുടെ മൊഴി അന്വേഷണസംഘം കണക്കിലെടുത്തിട്ടില്ല. ഈ സ്വർണ്ണപ്പാളികൾ ഹൈദരാബാദിൽ സ്വീകരിച്ചത് നാഗേഷ് എന്നയാളാണെന്ന് എസ് ഐ ടി. ഉറപ്പിച്ചിട്ടുണ്ട്. ഇയാളെയും ഉടൻ ചോദ്യം ചെയ്യും.

കൂടാതെ, തട്ടിപ്പിൽ രേഖകൾ തിരുത്തിയും വ്യാജരേഖകൾ ചമച്ചും പോറ്റിക്ക് ഒത്താശ ചെയ്ത ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെയും ഉടൻ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. മുരാരി ബാബു ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാകും ചോദ്യം ചെയ്യുക.

Latest