Connect with us

Kerala

പോത്തുണ്ടി സജിത കൊലക്കേസ്; ചെന്താമരക്ക് ഇരട്ട ജീവപര്യന്തം

പ്രതിക്ക് നാലേകാല്‍ ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. മൂന്നു വകുപ്പുകളിലായാണ് ഇരട്ട ജീവപര്യന്തം വിധിച്ചിട്ടുള്ളത്

Published

|

Last Updated

പാലക്കാട് | പോത്തുണ്ടി സജിത കൊലക്കേസില്‍ ചെന്താമരക്ക് ഇരട്ട ജീവപര്യന്തം. കുറ്റകൃത്യം അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്നു കണ്ട കോടതി വധ ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചില്ല.

പാലക്കാട് അഡീഷണല്‍ ജില്ലാ കോടതിയാണ് ചെന്താമരക്കു ശിക്ഷ വിധിച്ചത്. പ്രതിക്ക് നാലേകാല്‍ ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. മൂന്നു വകുപ്പുകളിലായാണ് ഇരട്ട ജീവപര്യന്തം വിധിച്ചിട്ടുള്ളത്. 2019 ല്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു.

നേരത്തെ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടില്ലാത്ത പ്രതി അപൂര്‍വ കുറ്റവാളിയാണെന്നു കാണാന്‍ കഴിയില്ലെന്നാണ് കോടതി വിലയിരുത്തിയത്. ഭാര്യ പിണങ്ങിപ്പോകാന്‍ കരണക്കാരിയാണ് സജിത എന്നാരോപിച്ചാണ് ചെന്താമര സാജിതയെ വീട്ടില്‍ക്കയറി ക്രൂരമായി കൊലപ്പെടുത്തിയത്.

ശിക്ഷ വിധിക്കുന്നതിന് മുമ്പായി ജാമ്യത്തിലിറങ്ങിയശേഷം പ്രതി നടത്തിയ ഇരട്ടക്കൊലപാതകത്തെക്കുറിച്ചും കോടതി പരാമര്‍ശിച്ചു. കൊലപാതകത്തിനും (302) അതിക്രമിച്ചു കടക്കലിനും (449)നും ചേര്‍ത്താണ് ഇരട്ട ജീവപര്യന്തം തടവ്. ഇരട്ട ജീവപര്യന്തത്തിനൊപ്പം 3.25 ലക്ഷം പിഴയും കോടതി വിധിച്ചു. തെളിവ് നശിപ്പിക്കലിന് (201) അഞ്ചു വര്‍ഷം തടവ് ശിക്ഷയും കാല്‍ലക്ഷം രൂപ പിഴയും വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും. കഴിഞ്ഞ ദിവസം പ്രതി കുറ്റകാരനാണെന്ന് പാലക്കാട് നാലാം അഡീഷ്ണല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് നടന്ന വാദത്തിന് ശേഷമാണ് ഇന്ന് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്.പ്രതിക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. കേസിന് പിന്നാലെ നടന്ന ഇരട്ട കൊലയും കോടതിയെ അറിയിച്ച് കൊണ്ടായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാല്‍, ശിക്ഷയില്‍ ഇളവ് വേണമെന്ന് വാദിച്ച പ്രതിഭാഗം ഇരട്ടക്കൊലപാതകം ഈ കേസുമായി കൂട്ടിക്കെട്ടരുതെന്നും കോടതിയെ അറിയിച്ചിരുന്നു. പ്രതിക്ക് മുമ്പ് ക്രിമിനല്‍ പശ്ചാത്തലമില്ലാതിരുന്നയാളല്ലായിരുന്നുവെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെന്നുമാണ് പ്രതിഭാഗം വാദിച്ചത്. ശിക്ഷാ വിധി കേള്‍ക്കാന്‍ സജിതയുടെ മക്കളും വീട്ടുകാരും കോടതിയില്‍ എത്തിയിരുന്നു.

നെന്മാറ പോത്തുണ്ടി ബോയന്‍സ് നഗര്‍ സ്വദേശിനി സജിത 2019 ഓഗസ്റ്റ് 31നാണ് കൊല്ലപ്പെട്ടത്. കേസില്‍ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ അതിക്രമിച്ചു കടക്കല്‍ എന്നീ കുറ്റങ്ങളാണ് ഏക പ്രതിയായ ചെന്താമരയ്‌ക്കെതിരെ തെളിഞ്ഞിരിക്കുന്നത്. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷമായിരുന്നു ചെന്താമര സജിതയുടെ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കൊലപ്പെടുത്തിയത്. ഭാര്യയും മകളും തന്നെ വിട്ടു പോകാന്‍ കാരണം സജിതയാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു വിചാരണ ഘട്ടത്തില്‍ പ്രതി മൊഴി നല്‍കിയത്. സജിതയുടെ വീടിനകത്ത് ചോര പതിഞ്ഞ ചെന്താമരയുടെ കാല്‍പാടുകളാണ് കേസില്‍ നിര്‍ണായകമായത്. ഒപ്പം മല്‍പിടുത്തത്തിനിടയില്‍ പോക്കറ്റ് കീറി നിലത്ത് വീണ വസ്ത്രം ചെന്താമരയുടെ തന്നെയെന്ന ഇയാളുടെ ഭാര്യയുടെ മൊഴിയും പ്രതിക്ക് കുരുക്കായി. കേസിലെ സാക്ഷികളുടെ മൊഴിയും നിര്‍ണായകമായിരുന്നു.

Latest