Uae
യു എ ഇയിൽ തണുപ്പ് കൂടുന്നു; താപനിലയിൽ ആറ് ഡിഗ്രി വരെ കുറവ്
സൈബീരിയൻ മർദത്തിന്റെ സ്വാധീനത്താൽ രാത്രികാലങ്ങളിൽ തണുപ്പ് കൂടാനും നേരിയ മഴക്കും സാധ്യതയുണ്ട്.
അബൂദബി | യു എ ഇയിൽ ഈ മാസം തണുപ്പ് വർധിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ സി എം) അറിയിച്ചു. സൈബീരിയൻ മർദത്തിന്റെ സ്വാധീനത്താൽ രാത്രികാലങ്ങളിൽ തണുപ്പ് കൂടാനും നേരിയ മഴക്കും സാധ്യതയുണ്ട്. നവംബറിനെ അപേക്ഷിച്ച് താപനിലയിൽ ഏകദേശം ആറ് ഡിഗ്രി വരെ കുറവുണ്ടാകുമെന്നാണ് പ്രവചനം. ഉൾപ്രദേശങ്ങളിലും പർവത മേഖലകളിലുമാണ് തണുപ്പ് കൂടുതൽ അനുഭവപ്പെടുക.
ഡിസംബർ 23നാണ് ഔദ്യോഗികമായി ശൈത്യകാലം ആരംഭിക്കുന്നത്. ഡിസംബറിൽ താപനിലയിൽ മൂന്ന് മുതൽ ആറ് ഡിഗ്രി വരെ കുറവ് രേഖപ്പെടുത്താറുണ്ട്. ദ്വീപുകളിലും പടിഞ്ഞാറൻ പ്രദേശങ്ങളിലും മേഘാവൃതമായ അന്തരീക്ഷമായിരിക്കും. രാത്രിയിലും വെള്ളിയാഴ്ച രാവിലെയുമായി നേരിയ മഴക്ക് സാധ്യതയുണ്ട്. അന്തരീക്ഷ ഈർപ്പം വർധിക്കുന്നതിനാൽ ഉൾപ്രദേശങ്ങളിൽ മൂടൽമഞ്ഞോ നേരിയ പുകയോ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ ഈർപ്പമുള്ള കാലാവസ്ഥയായിരിക്കും. തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും മൂടൽമഞ്ഞിന് സാധ്യതയുണ്ട്.



