Kerala
കേരളത്തിലെ വിസി നിയമനത്തില്‍ താക്കീതുമായി സുപ്രീംകോടതി; സമവായം ഉണ്ടായില്ലെങ്കില്‍ യോഗ്യരായവരെ നേരിട്ട് നിയമിക്കും
കേസ് അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി. വിസി നിയമനത്തില്‍ തര്‍ക്കം തുടരുന്നതില്‍ കേസ് പരിഗണിച്ച ജസ്റ്റിസ് ജെബി പര്‍ദിവാലയുടെ നേതൃത്വത്തിലുള്ള ബഞ്ച് കടുത്ത അതൃപ്തി അറിയിച്ചു.
ന്യൂഡല്‍ഹി| കേരളത്തിലെ വിസി നിയമന കേസില്‍ താക്കീതുമായി സുപ്രീംകോടതി. ജസ്റ്റിസ് ധൂലിയ സമിതി നല്‍കിയ പട്ടികയുടെ അടിസ്ഥാനത്തില്‍ സമവായം ഉണ്ടായില്ലെങ്കില്‍ വിസി നിയമനം നേരിട്ട് ഏറ്റെടുക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ മെറിറ്റ് അവഗണിച്ചുവെന്ന് ഗവര്‍ണര്‍ക്കു വേണ്ടി ഹാജരായ അറ്റോണി ജനറല്‍ വെങ്കിട്ടരമണി കോടതിയില്‍ കുറ്റപ്പെടുത്തി. സാങ്കേതിക (കെടിയു), ഡിജിറ്റല്‍ സര്‍വകലാശാലകളിലെ വിസി നിയമനത്തിന് സുപ്രീംകോടതി ജസ്റ്റിസ് സുധാന്‍ഷു ധൂലിയ അധ്യക്ഷനായ രണ്ട് സെര്‍ച്ച് കമ്മിറ്റികള്‍ രൂപീകരിച്ചിരുന്നു. രണ്ട് സമിതികളും നല്‍കിയ പട്ടികയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ക്ക് നല്‍കിയെങ്കിലും നിയമനം നടന്നിരുന്നില്ല.
സാങ്കേതിക സര്‍വകലാശാലയിലേക്ക് സി സതീഷ് കുമാറിനെയും ഡിജിറ്റല്‍ സര്‍വകലാശാലയിലേക്ക് സജി ഗോപിനാഥിനെയും നിയമിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ശുപാര്‍ശ. എന്നാല്‍, ഡിജിറ്റല്‍ സര്‍വകലാശാലയിലേക്ക് പ്രിയ ചന്ദ്രനേയും സാങ്കേതിക സര്‍വകലാശാലയില്‍ സിസ തോമസിനെയും വിസിമാരാക്കണമെന്നാണ് ഗവര്‍ണറുടെ നിര്‍ദ്ദേശം.
നിയമനവുമായി ബന്ധപ്പെട്ട് പുരോഗതിയുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് തീരുമാനമായില്ലെന്ന മറുപടിയാണ് സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും നല്‍കിയത്. കേസ് ഇനി പരിഗണിക്കും മുമ്പ് ഇക്കാര്യത്തില്‍ ധാരണയുണ്ടാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇല്ലെങ്കില്‍ ജസ്റ്റിസ് സുധാന്‍ഷു ധൂലിയ നല്‍കിയ പട്ടികയില്‍ നിന്ന് ഏറ്റവും യോഗ്യതയുള്ളവരെ കോടതി നിയമിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.
മുഖ്യമന്ത്രി യോഗ്യത പരിഗണിക്കുന്നില്ലെന്നാണ് ഗവര്‍ണര്‍ക്കു വേണ്ടി ഹാജരായ അറ്റോണി ജനറല്‍ വെങ്കിട്ടരമണി പറഞ്ഞത്. രണ്ട് പട്ടികയിലും പേരുള്ളവരല്ലേ കൂടുതല്‍ യോഗ്യര്‍ എന്ന ചോദ്യവും ഗവര്‍ണര്‍ ഉന്നയിച്ചു. ഗവര്‍ണര്‍ യാത്രയിലാണ്. അതുകൊണ്ട് തീരുമാനത്തിന് സമയം വേണമെന്നും എജി പറഞ്ഞു. ഇതേ തുടര്‍ന്ന് സമവായത്തിന് ശ്രമിക്കൂവെന്ന് കോടതി നിര്‍ദ്ദേശിച്ചു. കേസ് അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി. വിസി നിയമനത്തില്‍ തര്‍ക്കം തുടരുന്നതില്‍ കേസ് പരിഗണിച്ച ജസ്റ്റിസ് ജെബി പര്‍ദിവാലയുടെ നേതൃത്വത്തിലുള്ള ബഞ്ച് കടുത്ത അതൃപ്തി അറിയിച്ചു.



