National
'ഓപ്പറേഷൻ സിന്ദൂർ' ട്രെയിലർ മാത്രം; പാക്കിസ്ഥാന്റെ ഓരോ ഇഞ്ചും ബ്രഹ്മോസിന്റെ പരിധിയിൽ: പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ബ്രഹ്മോസ് എയ്‌റോസ്‌പേസ് യൂണിറ്റിൽ നിർമ്മിച്ച ആദ്യ ബാച്ച് ബ്രഹ്മോസ് മിസൈലുകൾ മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം | പാക്കിസ്ഥാന്റെ ഓരോ ഇഞ്ച് ഭൂമിയും ഇപ്പോൾ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ബ്രഹ്മോസ് മിസൈലിന്റെ പരിധിയിലാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ബ്രഹ്മോസ് എയ്‌റോസ്‌പേസ് യൂണിറ്റിൽ നിർമ്മിച്ച ആദ്യ ബാച്ച് ബ്രഹ്മോസ് മിസൈലുകൾ ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രഹ്മോസിൻ്റെ ശക്തി രാജ്യത്തിന് മുഴുവൻ അറിയാമെന്നും, രാജ്യത്തിൻ്റെ ശത്രുക്കൾക്ക് ബ്രഹ്മോസിൽ നിന്ന് രക്ഷപ്പെടാൻ ഇനി കഴിയില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ‘ഓപ്പറേഷൻ സിന്ദൂർ’ ഒരു ട്രെയിലർ മാത്രമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മിസൈൽ നിർമ്മാണത്തിൽ ഇന്ത്യയുടെ വളരുന്ന തദ്ദേശീയ ശേഷിയുടെ പ്രതീകമാണ് ബ്രഹ്മോസെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ബ്രഹ്മോസിന് പരമ്പരാഗത യുദ്ധമുനയും, നൂതന ഗൈഡഡ് സംവിധാനവും, സൂപ്പർസോണിക് വേഗതയിൽ ദീർഘദൂരങ്ങളിൽ ആക്രമണം നടത്താനുള്ള ശേഷിയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വേഗതയും, കൃത്യതയും, ശക്തിയും സംയോജിപ്പിച്ചാണ് ബ്രഹ്മോസിനെ ലോകത്തിലെ ഏറ്റവും മികച്ച സംവിധാനങ്ങളിലൊന്നാക്കി മാറ്റുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിരോധ നിർമ്മാണ മേഖലയിൽ രാജ്യം അതിൻ്റെ മുദ്ര പതിപ്പിക്കുകയാണെന്നും, നിരവധി രാജ്യങ്ങൾ ഇന്ത്യയുമായി സാങ്കേതിക സഹകരണത്തിന് താല്പര്യം കാണിക്കുന്നുണ്ടെന്നും രാജ്‌നാഥ് സിംഗ് അറിയിച്ചു. അടുത്തിടെ ബ്രഹ്മോസ് സംഘം നാലായിരം കോടി രൂപയുടെ കരാർ രണ്ട് രാജ്യങ്ങളുമായി ഒപ്പുവെച്ചതായും അദ്ദേഹം വെളിപ്പെടുത്തി.
മിസൈൽ സംവിധാന നിർമ്മാണം മുതൽ അന്തിമ പരിശോധന വരെ പൂർണ്ണമായും തദ്ദേശീയമായി നടക്കുന്ന ഉത്തർപ്രദേശ് ഡിഫൻസ് കോറിഡോറിലെ ആദ്യത്തെ കേന്ദ്രമാണ് ലഖ്‌നൗ ബ്രഹ്മോസ് യൂണിറ്റ്. ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്ന് ബൂസ്റ്റർ കെട്ടിടം ഉദ്ഘാടനം ചെയ്യുകയും ബൂസ്റ്റർ ഡോക്കിംഗ് പ്രക്രിയയുടെ പ്രദർശനം കാണുകയും ചെയ്തു.